Latest NewsKeralaNewsIndiaReader's Corner

പുന്നമടക്കായല്‍ കീഴടക്കാന്‍ കശ്മീരിലെ ചുണക്കുട്ടികള്‍

കോട്ടയം: പ്രശ്നങ്ങളില്‍ മുങ്ങി ജീവിക്കുന്ന, വെടിയൊച്ചകള്‍ സ്ഥിരം കേള്‍ക്കുന്ന കശ്മീരില്‍ നിന്ന് നെഹ്രുട്രോഫിയില്‍ തുഴയെറിയാന്‍ ദാല്‍ തടാകത്തിലെ തുഴച്ചില്‍ക്കാരും എത്തും. ലോകത്തില്‍ വെച്ചുള്ള എറ്റവും വലിയ ജലമാമങ്കത്തില്‍ ഇതര സംസ്ഥാനക്കാരായ പട്ടാളക്കാര്‍ പങ്കെടുത്തിട്ടുണ്ടെങ്കിലും കശ്മീരി യുവാക്കള്‍ ആദ്യമാണ് പങ്കെടുക്കാന്‍ പോവുന്നത്.
ജലരാജാവായ കാരിച്ചാല്‍ ചുണ്ടനില്‍ മത്സരിക്കുന്ന കുമരകം ടൗണ്‍ക്ലബ് അംഗങ്ങള്‍ക്കൊപ്പമാണ് ഈ വര്‍ഷം ഇവര്‍ പുന്നമടയില്‍ പോരിന് ഇറങ്ങുന്നത്.

ഈ മാസം 12ന് നടക്കുന്ന നെഹ്രുട്രോഫിയില്‍ എത്തുന്ന ഇവര്‍ അശാന്തിയുടെ താഴ്‌വരയില്‍ നിന്ന് തുഴച്ചില്‍ പഠിച്ചവരാണ്. കൂടാതെ, ശ്രീനഗറിലെ ദാല്‍ തടാകത്തിലെ വാട്ടര്‍ സ്‌പോര്‍ട്‌സ് അംഗങ്ങളുമാണ്. കച്ചവടക്കാര്‍, സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാര്‍, പഠിക്കുന്ന കുട്ടികള്‍ തുടങ്ങിയവരാണ് ഈ സംഘത്തിലുള്ളത്. തുഴച്ചിലിലെ വേഗതയാണ് സംഘത്തെ എത്തിക്കാന്‍ ക്ലബ് ഭാരവാഹികളെ പ്രേരിപ്പിച്ചത്. കനോയിംഗ്, കയാക്കിംഗ്, ഡ്രാഗണ്‍ ബോട്ട് എന്നിവയിലാണ് കുമരകം ടൗണ്‍ ബോട്ട് ക്ലബിനൊപ്പം ഇവര്‍ പരിശീലനം നടത്തിയിരിക്കുന്നത്. ഇപ്പോള്‍ പരിശീലനം നല്ല രീതിയില്‍ നടക്കുന്നതായി ടീം ലീഡറിലൊരാളായ ബിലാല്‍ അഹമ്മദ് ലെഡു പറഞ്ഞു. കുമരകത്തെ സ്വകാര്യ ഹോട്ടലിലാണ് ഇവരുടെ താമസം. 30 അംഗ സംഘമാണ് എത്തിയതെങ്കിലും 18 പേരായിരിക്കും ചുണ്ടനില്‍ കയറുന്നത്.

കേരളത്തിലേക്ക് യാത്രതിരിക്കും മുമ്പ് ദാല്‍ തടാകത്തില്‍ ദിവസങ്ങളോളം പരിശീലനം നടത്തിയിരുന്നു. ഏറ്റവും വലിയ ജലമേളയ്ക്ക് പുറപ്പെടുന്ന സംഘത്തെ കശ്മീര്‍ മന്ത്രിസഭാംഗമായ ബഷ്‌റത്ത് അഹമ്മദ് ബുക്കാരിയുടെ നേതൃത്വത്തിലാണ് യാത്രയാക്കിയത്. ജല മാമാങ്കത്തില്‍ പങ്കെടുക്കാന്‍ അവസരം ലഭിച്ചത് വലിയ അംഗീകാരമായിട്ടാണ് കരുതുന്നതെന്ന് ഇവര്‍ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button