ദുബായ്•2016 ല്‍ ദുബായില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ റണ്‍വേയില്‍ ഇടിച്ച് തീപിടിച്ച തിരുവനന്തപുരത്ത് നിന്ന് വന്ന എമിറേറ്റ്സ് വിമാനത്തിന് യന്ത്ര തകരാര്‍ ഒന്നും തന്നെ ഉണ്ടായിരുന്നില്ലെന്ന് അന്വേഷണ സംഘം. അപകടം നടക്കുന്ന സമയത്ത് വിമാനത്തിന്റെ സംവിധാനങ്ങള്‍ക്കോ, എന്‍ജിനുകള്‍ക്കോ യാതൊരു അസ്വഭാവികതയും ഉണ്ടായിരുന്നില്ലെന്ന് യു.എ.ഇ ജനറല്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റി ഞായറാഴ്ച പുറത്തിറക്കിയ പ്രസ്താവന പറയുന്നു.
വിമാന ജീവനക്കാരുടെ പ്രവൃത്തിയെ സ്വാധീനിച്ച മാനുഷിക ഘടകങ്ങള്‍ കണ്ടെത്തി വിശകലനം ചെയ്യാന്‍ അന്വേഷണ സംഘം പ്രവര്‍ത്തിച്ചുവരികയാണെന്നും പ്രസ്താവന പറയുന്നു.
2016 ആഗസ്റ്റ് മൂന്നിനാണ് തിരുവനന്തപുരത്ത് നിന്ന് വന്ന ബോയിംഗ് 777-300 വിമാനം എമര്‍ജന്‍സി ലാന്‍ഡിംഗിനിടെ കത്തിയമര്‍ന്നത്. എമിറേറ്റ്സ് EK521 വിമാനത്തില്‍ ഉണ്ടായിരുന്ന 300 യാത്രക്കാരും അത്ഭുതകരമായി രക്ഷപ്പെട്ടിരുന്നു. സംഭവത്തില്‍ ഒരു അഗ്നിശമന സേനാംഗത്തിന് ജീവഹാനി സംഭവിച്ചിരുന്നു. വിമാനത്തിലെ നാല് കാബിന്‍ ക്രൂ അംഗങ്ങള്‍ക്കും ഗുരുതരമായി പരിക്കേറ്റിരുന്നു.
തിരുവനന്തപുരത്ത് നിന്ന് 10:05 ന് പുറപ്പെട്ട വിമാനം ദുബായില്‍ ഇറങ്ങാന്‍ ശ്രമിക്കുന്നതിനിടെയായിരുന്നു അപകടം.
Post Your Comments