കൊല്‍ക്കത്ത•ത്രികോണ പ്രണയകഥകള്‍ നമ്മള്‍ സിനിമയില്‍ ഒരുപാട് കണ്ടിട്ടുണ്ട്. ജീവിതത്തിലും അത്തരം സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. എന്നാല്‍ രണ്ട് സഹോദരിമാര്‍ക്ക് ഒരേ ആളോട് പ്രണയം തോന്നുന്നത് അപൂര്‍വമായിരിക്കും. പ്രണയിച്ചാല്‍ തന്നെ രണ്ടുപേരെയും വിവാഹം കഴിക്കുക എന്നത് എളുപ്പവുമാകില്ല. അത്തരത്തില്‍ ഒരു സംഭവമാണ് കൊല്‍ക്കത്തയില്‍ നടന്നത്. തന്നെ പ്രണയിച്ച സഹോദരിമാരെ രണ്ടുപേരെയും ഒരേ പന്തലില്‍ വച്ച് വിവാഹം ചെയ്തിരിക്കുകയാണ് 36 കാരനായ കൗശിക് ദത്ത. റോയ്ചൗധരി സഹോദരിമാരായ ജൂമ, സോമ എന്നിവരെയാണ് ദത്ത ജീവിത സഖിമാരാക്കിയത്.
സോഷ്യല്‍ മീഡിയ അത്രയൊന്നും സജീവമല്ലാതിരുന്ന 2008 ല്‍ നടന്ന വിവാഹത്തിന്റെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.
2008 സെപ്റ്റംബര്‍ 21 ഞായറാഴ്ച നഗരപ്രാന്തത്തിലെ ഗരിയയിലെ കലചന്ദ്പരയില്‍ വച്ചായിരുന്നു വിവാഹ ചടങ്ങുകള്‍. മൂവരും ഒരേ സ്ഥലത്ത് ജനിച്ച് വളര്‍ന്നവരാണ്. മാത്രമല്ല, ഉന്നത വര്‍ഗത്തില്‍പ്പെട്ട മൂവരും വിദ്യാസമ്പന്നരുമാണ്. മൂത്ത സഹോദരി ജൂമ ബിരുദാനന്തര ബിരുദധാരിയാണ്. അതേസമയം, മൂന്ന് വയസിന് ഇളയ സഹോദരി സോമയ്ക്ക് ഡോക്ടറേറ്റ് നേടിയവളാണ്. മൂവരും ചേര്‍ന്ന് പ്രസിദ്ധീകരണ ശാലയും നടത്തുന്നുണ്ട്.
1988 മുതല്‍ തങ്ങള്‍ വളരെ അടുത്ത് അറിയുന്നവരാണെന്ന് കൌശിക് ദത്ത പറഞ്ഞു. ഞങ്ങള്‍ ദിവസവും 16-17 മണിക്കൂര്‍ ബിസിനസും, സംസാരവും, തമാശയുമായി ഒന്നിച്ചുണ്ടാകും- അദ്ദേഹം പറഞ്ഞു.
എനിക്ക് അവരില്ലാതെ പറ്റില്ല. അവര്‍ക്കും ഞാനില്ലാതെ ജീവിക്കാന്‍ കഴിയില്ല.അത് കൊണ്ടാണ് വിവാഹം കഴിക്കാന്‍ തീരുമാനിച്ചതെന്നുംകൌശിക് പറഞ്ഞു.
വളരെ മനോഹരമായ ഒരു ബന്ധമാണിത്. ഞങ്ങള്‍ക്കിടയില്‍ ഒരിക്കലും അസൂയ ഉണ്ടായിട്ടില്ല. ഞങ്ങളുടെയെല്ലാം സ്വപ്നം ഇപ്പോള്‍ സഫലമായിരിക്കുകയാണ്- സോമ പറഞ്ഞു.
രണ്ടു പേരെയും വിവാഹം കഴിക്കാനുള്ള തീരുമാനം കൗശിക് കൈക്കൊണ്ടപ്പോള്‍ ആദ്യഘട്ടത്തില്‍ പ്രതിസന്ധികളുണ്ടായി. എന്നാല്‍ ഇരുവീട്ടുകാരേയും കാര്യങ്ങള്‍ പറഞ്ഞ് മനസിലാക്കി. തുടര്‍ന്ന് ഇരുവീട്ടുകാരുടേയും സമ്മതത്തോടെ വിവാഹം നടത്തുകയായിരുന്നു.
ഹിന്ദു വിവാഹ നിയമപ്രകാരമാണ് കൌശിക് ജൂമയെ വിവാഹം കഴിച്ചത്. തുടര്‍ന്ന് സോമയെ സാമൂഹ്യ ആചാരപ്രകാരവും വിവാഹം കഴിക്കുകയായിരുന്നു.
ഇരുവരേയും വിവാഹം കഴിച്ചത് നിയമവിരുദ്ധമല്ലെന്ന് അഭിഭാഷകരും പറയുന്നു. കൌശിക് ആദ്യം വിവാഹം കഴിച്ച പെണ്‍കുട്ടിയാണ് അയാളുടെ നിയമപരമായ ഭാര്യ. രണ്ടുപേരെ വിവാഹം കഴിക്കുന്നത് കുറ്റകൃത്യമല്ല. മാത്രമല്ല. രണ്ട് പെണ്‍കുട്ടികള്‍ക്കും എല്ലാമറിയാം. പക്ഷെ, ആരെങ്കിലും നിയമപരമായി ചോദ്യം ചെയ്‌താല്‍ പ്രശ്നമാകുമെന്നും നിയമവിദഗ്ധര്‍ പറയുന്നു.
Post Your Comments