KeralaLatest NewsNews

നടിയെ ആക്രമിച്ച കേസുമായി ഡി സിനിമാസിന് എന്താണു ബന്ധം? ജി.സുരേഷ് കുമാര്‍ പറയുന്നു

തിരുവനന്തപുരം: ദിലീപിനെ ഇല്ലാതാക്കാന്‍ ശ്രമമെന്ന് നിര്‍മ്മാതാവ് ജി.സുരേഷ് കുമാര്‍. തെറ്റുചെയ്യാത്തയാളെയാണ് ശിക്ഷിക്കുന്നത്. ദിലീപിന്റെ തലയില്‍ കുറ്റം അടിച്ചേല്‍പ്പിക്കുന്നു. അന്വേഷണം എങ്ങനെ പോകുന്നെന്ന് കാണുന്നവര്‍ക്ക് അറിയാം. ഡി സിനിമാസ് പൂട്ടിക്കാന്‍ ശ്രമിക്കുന്നത് ആരാണെന്ന് കണ്ടെത്തണം. ഇത് ആരുടെയോ വ്യക്തിപരമായ വൈരാഗ്യമാണെന്നും സുരേഷ് കുമാര്‍ പറഞ്ഞു. ഒരു സ്വകാര്യ ചാനലിനോടാണ് സുരേഷ് കുമാര്‍ ഇക്കാര്യങ്ങള്‍ പറഞ്ഞത്. ദിലീപിനെതിരെ ഘോരഘോരം സംസാരിച്ച രാഷ്ട്രീയക്കാരെയാരെയും പീഡനക്കേസിൽ എംഎൽഎ അറസ്റ്റിലായപ്പോൾ കണ്ടില്ല.

ചാനലുകൾ കയറിയിറങ്ങി ദിലീപിനെ ചീത്തവിളിക്കുന്ന ചലച്ചിത്രപ്രവർത്തകരുടെ കാര്യത്തിൽ എന്തുവേണമെന്നു സിനിമസംഘടനകൾ പിന്നീടു ചർച്ച ചെയ്യുമെന്നും സുരേഷ് കുമാർ പറഞ്ഞു. നടിയെ ആക്രമിച്ച കേസുമായി ഡി സിനിമാസിന് എന്താണു ബന്ധം? താരവും വിതരണക്കാരനും ബിസിനസുകാരനുമായ ദിലീപിനു പലയിടത്തും നിക്ഷേപമുണ്ടാകും. ഡി സിനിമാസിന്റെ നിയമലംഘനം കണ്ടെത്താൻ പറ്റാത്തപ്പോൾ ജനറേറ്ററിന്റെ പേരിൽ പൂട്ടിക്കാൻ മനഃപൂർവം ശ്രമിക്കുന്നു. ഇത് എന്തിനെന്നും പിന്നിൽ ആരെന്നും കണ്ടെത്തണമെന്നും സുരേഷ് കുമാര്‍ പറഞ്ഞു.

നഗരസഭയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് ഡി സിനിമാസ് പൂട്ടിയത്. നഗരസഭയുടെ അനുമതിയില്ലാതെ ഉയര്‍ന്ന ശേഷിയുള്ള വൈദ്യുതി മോട്ടോറുകള്‍ പ്രവര്‍ത്തിച്ചെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു നടപടി. വെള്ളിയാഴ്ച വൈകിട്ട് ആറരയോടെയാണു നഗരസഭ അധികൃതര്‍ നേരിട്ടെത്തി തിയറ്റര്‍ അടപ്പിച്ചത്. അതേസമയം ജനറേറ്റര്‍ പ്രവര്‍ത്തിപ്പിക്കാന്‍ അനുമതിയുണ്ടായിട്ടും ദിലീപിന്റെ ഉടമസ്ഥതയിലുള്ള ചാലക്കുടിയിലെ ഡി സിനിമാസ് പൂട്ടാനുള്ള നഗരസഭയുടെ തീരുമാനത്തിനെതിരെ തീയറ്റര്‍ ഉടമകളുടെ പുതിയ സംഘടനയായ ‘ഫിയോക്’ നിയമനടപടിക്കൊരുങ്ങുകയാണ്.

വൈദ്യുതി ഇന്‍സ്‌പെക്ടറേറ്റ് അനുമതി 2014 മുതല്‍ 2017 ഡിസംബര്‍ വരെയാണ് നല്‍കിയിട്ടുള്ളതെന്നും അവര്‍ അവകാശപ്പെട്ടു. തീയറ്റര്‍ പ്രവര്‍ത്തിപ്പിക്കാനുള്ള അനുമതിയുടെ രേഖകളും ഇവര്‍ പുറത്തുവിട്ടിട്ടുണ്ട്. ഡി സിനിമാസിന് 2014 മുതല്‍ ലൈസന്‍സുണ്ട്. കൃത്യമായി നികുതി അടയ്ക്കുകയും ചെയ്യുന്നുണ്ട്. ജനറേറ്റര്‍ വയ്ക്കുന്നതിനുള്ള എല്ലാ അനുമതികളും ഉണ്ട്. എല്ലാ രേഖകളും കൃത്യമാണെന്നും തീയറ്റര്‍ സംഘടനാഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

എന്നാല്‍, നഗരസഭയ്ക്ക് തെറ്റു പറ്റിയിട്ടില്ലെന്നും ഐക്യകണ്‌ഠേനയാണ് ഡി സിനിമാസ് പൂട്ടാനുള്ള തീരുമാനമെടുത്തതെന്നും ചാലക്കുടി നഗരസഭാ വൈസ് ചെയര്‍മാന്‍ വില്‍സണ്‍ പാണാട്ടുപറമ്പില്‍ പ്രതികരിച്ചു. ഡി സിനിമാസിന് നിലവില്‍ ലൈസന്‍സ് ഇല്ല. 2017-18 വര്‍ഷത്തെ ലൈസന്‍സ് പുതുക്കുന്നതിന് നഗരസഭയില്‍ അപേക്ഷ നല്‍കിയിരുന്നു. ഈ അപേക്ഷ സമര്‍പ്പിക്കുമ്പോള്‍ പുതുക്കുന്നതിന് ആവശ്യമായ രേഖകള്‍ സമര്‍പ്പിച്ചിരുന്നില്ലെന്നും അദ്ദേഹം പ്രതികരിച്ചു. നടിയെ ആക്രമിച്ച കേസില്‍ ദിലീപ് അറസ്റ്റിലായതിനു പിന്നാലെയാണ് ഡി സിനിമാസിന്റെ ഭൂമി അനധികൃതമായി കയ്യേറിയതാണെന്ന് ആരോപണമുയര്‍ന്നത്. ഇത് കണ്ടെത്താനായില്ലെങ്കിലും ഡി സിനിമാസ് പൂട്ടാനുള്ള നടപടികള്‍ നഗരസഭ കൈക്കൊള്ളുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button