തിരുവനന്തപുരം: ഓണക്കാലത്ത് അരിവില പിടിച്ചുനിർത്താൻ ‘ബൊണ്ടാലു’ എത്തുന്നു.’ആന്ധ്ര ജയ’ അരിക്ക് പകരമാണ് ബൊണ്ടാലു അരി എത്തുന്നത്. ഇതുസംബന്ധിച്ച ഉത്തരവ് ശനിയാഴ്ച ഭക്ഷ്യവകുപ്പ് പുറത്തിറക്കി. അടുത്ത ആഴ്ചതന്നെ സപ്ലൈകോ ആന്ധ്രയില്‍നിന്ന് ബൊണ്ടാലു എത്തിക്കും. നിലവില്‍ സംസ്ഥാനത്ത് ജയ എന്ന പേരില്‍ വിറ്റഴിക്കുന്ന അരി യഥാര്‍ഥ ജയ അല്ലെന്ന് കേരളം അയച്ചുകൊടുത്ത സാംപിളുകള്‍ പരിശോധിച്ച ശേഷം ആന്ധ്ര കൃഷിമന്ത്രി ചന്ദ്രമോഹന് റെഡ്ഡി ഭക്ഷ്യമന്ത്രി അറിയിച്ചിരുന്നു. 1965നു ശേഷം ആന്ധ്രയില്‍ ജയ ബ്രാന്‍ഡില്‍ അരി ഉല്പാദിപ്പിക്കുന്നില്ലെന്നും ജയ അരിയോടുള്ള കേരളത്തിന്റെ പ്രിയം കാരണം ജയ അരി എന്ന വ്യാജേന ഇതിനോട് സാമ്യമുള്ള ബ്രാന്‍ഡഡ് അരികള്‍ കേരളത്തിലേക്ക് എത്തിച്ച് വന്‍ വില ഈടാക്കുകയായിരുന്നെന്നാണ് ആന്ധ്രസർക്കാരിന്റെ വിശദീകരണം.
ഇടനിലക്കാരും ഏജന്റുമാരുമാരുമായിരുന്നു ഇതരസംസ്ഥാനങ്ങളില്‍നിന്ന് കേരളത്തിലേക്ക് അരി ഇറക്കുമതി ചെയ്തിരുന്നത്. ഇതാദ്യമായാണ് സര്‍ക്കാര്‍ നേരിട്ട് ആന്ധ്രയില്‍നിന്ന് അരിയെടുക്കുന്നത്. ഓണത്തിനു ശേഷവും സര്‍ക്കാര്‍ ആവശ്യപ്പെടുന്ന ബൊണ്ടാലു കേരളത്തിലെത്തിക്കും. ഓണത്തിന് എല്ലാ റേഷന്‍കാര്‍ഡ് ഉടമകള്‍ക്കും അഞ്ച് കിലോ അരി സൗജന്യമായി നല്‍കാനുള്ള നീക്കം സര്‍ക്കാറിന്റെ പരിഗണനയിലാണ്. ഇതിനായി കേന്ദ്രത്തോട് അധിക വിഹിതം സംസ്ഥാനം ആവശ്യപ്പെട്ടിട്ടുണ്ട്.
Post Your Comments