കോഴിക്കോട്: കുടിവെളളത്തില്‍ കോളറ പടര്‍ത്തുന്ന ബാക്ടീരിയയുടെ സാന്നിധ്യം. കോഴിക്കോട് മാവൂരില്‍ കോളറ സ്ഥിരീകരിച്ച സ്ഥലത്തെ കുടിവെളളത്തില്‍ ബാക്ടീരിയ കണ്ടെത്തി. പരിശോധനയില്‍ കോളറ പടര്‍ത്തുന്ന വിബ്രിയോ എന്ന ബാക്ടീരിയയുടെ സാന്നിധ്യമാണ് തെളിഞ്ഞത്. നാളെ ആരോഗ്യവകുപ്പിന് കോഴിക്കോട് സിഡബ്യുആര്‍ഡിഎം നടത്തിയ പരിശോധനാ ഫലം കൈമാറും.
കഴിഞ്ഞ ദിവസമാണ് കോഴിക്കോട് മാവൂര്‍ തെങ്ങിലക്കടവിലെ വാടകകെട്ടിടത്തില്‍ താമസിച്ചു വന്ന രണ്ടു ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് കോളറ സ്ഥിരീകരിച്ചത്. ബംഗാള്‍ സ്വദേശികളായ ഇവര്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. നാട്ടില്‍ പോയി വന്ന ഉടനാണ് കോളറ സ്ഥിരീകരിച്ചത്. അതിനാൽ തെങ്ങിലക്കടവല്ല ഉറവിടം എന്ന പ്രതീക്ഷയിലായിരുന്നു ആരോഗ്യവകുപ്പ്. എന്നാല്‍ ഇവര്‍ ഉപയോഗിച്ചിരുന്ന വെളളം പരിശോധനയ്ക്ക് അയച്ചതില്‍ നിന്നാണിപ്പോള്‍ കോളറ പരത്തുന്ന ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയത്.
മാവൂര്‍ പഞ്ചായത്തില്‍ കോളറ സ്ഥിരീകരിച്ചതിനാല്‍ ആരോഗ്യവകുപ്പ് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇതര സംസ്ഥാന തൊഴിലാളികള്‍ വൃത്തിഹീനമായ ചുറ്റുപാടില്‍ തിങ്ങിഞെരുങ്ങി താമസിക്കുന്ന സാഹചര്യം ആരോഗ്യവകുപ്പിന്റെ പരിശോധനയില്‍ കണ്ടെത്തുകയും ചെയ്തു. ആരോഗ്യവകുപ്പ് അധികൃതര്‍ നാളെ ബാക്ടീരിയയുടെ സാന്നിധ്യം സ്ഥിരീകരിച്ച സാഹചര്യത്തില്‍ വീണ്ടും പ്രദേശത്തെത്തും.
Post Your Comments