ശ്രീനഗര്‍: അസ്ലം വാനി (36) അറസ്റ്റില്‍. വിഘടനവാദികള്‍ക്ക് ഹവാല പണം കൈമാറിയതുമായി ബന്ധപ്പെട്ട സംഭവത്തിലാണ് ഇടനിലക്കാരന്‍ അസ്ലം വാനി അറസ്റ്റിലായത്. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റും പോലീസും ചേര്‍ന്ന് ശ്രീനഗറില്‍ നിന്നാണ് വാനിയെ അറസ്റ്റു ചെയ്തത്. ഇൗ മാസം 14 വരെ വാനിയെ റിമാന്‍ഡ് ചെയ്തു. പത്തു വര്‍ഷം മുമ്പു നടന്ന ഇടപാടുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്. കഴിഞ്ഞ 26ന് സംഭവത്തില്‍ വിഘടനവാദി നേതാവ് ഷബീര്‍ ഷായെ അറസ്റ്റ് ചെയ്തിരുന്നു.
പലതവണ ചോദ്യംചെയ്യലിന് ഹാജരാകണമെന്നു ചൂണ്ടിക്കാട്ടി എന്‍ഫോഴ്സ്മെന്റ് അസ്ലം വാനിക്ക് നോട്ടീസ് അയിച്ചിരുന്നു. കഴിഞ്ഞ ദിവസം ഇയാള്‍ ഹാജരാകാത്തതിനെ തുടര്‍ന്ന് എന്‍ഫോഴ്സ്മെന്റ് ഡല്‍ഹി ഹൈകോടതിയില്‍നിന്ന് ജാമ്യമില്ലാ വാറന്‍റ് സമ്പാദിച്ചതിനു പിന്നാലെയാണ് അറസ്റ്റ് ചെയ്തത്. 2005 ആഗസ്റ്റില്‍ 65 ലക്ഷം രൂപയുമായി വാനി പിടിയിലായിരുന്നു. ഇതില്‍ 50 ലക്ഷം രൂപ ഷബീര്‍ ഷാക്ക് നല്‍കാനുള്ളതാണെന്ന് വാനി വെളിപ്പെടുത്തിയിരുന്നു.
ജയ്ശെ മുഹമ്മദ് നേതാവ് അബൂബക്കറിന് 10 ലക്ഷം രൂപ നല്‍കാനാണെന്നും അഞ്ചു ലക്ഷം തന്റെ കമീഷനാണെന്നുമായിരുന്നു വെളിപ്പെടുത്തല്‍. 2.25 കോടി ഷബീര്‍ ഷാക്ക് പലതവണയായി കൈമാറിയിട്ടുണ്ടെന്നും വാനി പൊലീസിനോട് പറഞ്ഞു. ഇതേതുടര്‍ന്ന് നടത്തിയ അന്വേഷണത്തിനൊടുവിലാണ് കഴിഞ്ഞ ദിവസം ഷബീറിനെയും ഏഴു വിഘടന വാദികളെയും അറസ്റ്റ് ചെയ്തത്.
Post Your Comments