ന്യൂയോർക്ക്: യുഎസ് സൈന്യം ചൈനീസ് കമ്പനിയുടെ ഉൽപ്പന്നങ്ങൾ ഉപയോഗിക്കുന്നതിൽനിന്ന് സൈനികരെ വിലക്കി. സൈബർ ഭീഷണിയെ തുടർന്നാണ് ചൈനീസ് ഡ്രോണുകൾ ഉപയോഗിക്കുന്നത് വിലക്കിയത്. വിലക്കേർപ്പെടുത്തിയത് ചൈന ആസ്ഥാനമായുള്ള ഡിജെഐ ടെക്നോളജിയുടെ ഡ്രോണുകൾ ഉപയോഗിക്കുന്നതിനാണ്. ഓഗസ്റ്റ് രണ്ടിന് യുഎസ് സൈന്യം പുറത്തിറക്കിയ പ്രസ്താവനയിൽ സൈബർ സുരക്ഷയുമായി ബന്ധപ്പെട്ട ചില പ്രശ്നങ്ങളുടെ പേരിലാണ് വിലക്കിയതെന്ന് വ്യക്തമാക്കി.
യുഎസ് സൈനിക വൃത്തങ്ങളെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ റോയിട്ടേഴ്സിന്റെ റിപ്പോർട്ട് പ്രകാരം ഡിജെഐ കമ്പനി നിർമിതമായ എല്ലാത്തരത്തിലുള്ള ഉപകരണങ്ങളും സോഫ്റ്റ്‍വെയറുകളും ഉപയോഗിക്കുന്നതിനും വിലക്ക് ബാധകമാണ്. മാത്രമല്ല ഡ്രോണുകൾ ഉൾപ്പെടെ ഡിജെഐ കമ്പനി നിർമിതമായ എല്ലാ ഉപകരണങ്ങളുടെയും ഉപയോഗം നിർത്തിവയ്ക്കാനും, ഡിജെഐ ആപ്ലിക്കേഷനുകൾ അൺ ഇൻസ്റ്റാൾ ചെയ്യാനും നിർദ്ദേശം നൽകിയിട്ടുണ്ട്.
ഡിജെഐ ഡ്രോണുകളാണ് യുഎസ് സൈന്യം ഉപയോഗിക്കുന്ന ഡ്രോണുകളിലധികവും. അതേസമയം, ഡിജെഐ ഡ്രോണുകളുടെ ഉപയോഗത്തിന് വിലക്കേർപ്പെടുത്തിയ യുഎസ് സൈന്യത്തിന്റെ നടപടി തങ്ങളെ അദ്ഭുതപ്പെടുത്തിയതായും ഈ നീക്കത്തിൽ നിരാശയുണ്ടെന്നും ഡിജെഐ കമ്പനി അധികൃതർ പ്രതികരിച്ചു.
Post Your Comments