ദുബായ് : പ്രവാസികള്‍ക്ക് ഇന്ത്യന്‍ കോണ്‍സുലേറ്റിന്റെ മുന്നറിയിപ്പ്. ഇന്ത്യയില്‍ നിന്ന് യു.എ.ഇയിലേക്ക് തൊഴില്‍ തേടി പോകുന്നവര്‍ സന്ദര്‍ശക വിസയയില്‍ യാത്ര ചെയ്യരുതെന്ന് ദുബായിലെ ഇന്ത്യന്‍ കോണ്‍സുലേറ്റിന്റെ മുന്നറിയിപ്പ്. ഒട്ടേറെപേര്‍ കബളിപ്പിക്കപ്പെട്ട പശ്ചാതലത്തിലാണ് മുന്നറിയിപ്പ്. സന്ദര്‍ശക വിസയില്‍ ജോലിക്കെത്തിയ ശേഷം ഏജന്റുമാര്‍ ചതിച്ചതായി പരാതിപ്പെട്ടുകൊണ്ടുള്ള ഒട്ടേറെ ഫോണ്‍ കോളുകളാണ് കോണ്‍സുലേറ്റില്‍ ലഭിക്കുന്നതെന്ന് കോണ്‍സല്‍ ജനറല്‍ വിപുല്‍ അറിയിച്ചു. സന്ദര്‍ശക വിസയില്‍ ജോലിക്ക് പോകരുതെന്നും യാത്ര തിരിക്കും മുമ്പ് ജോലി ഓഫറും എന്‍ട്രി പെര്‍മിറ്റ് വിസയും ആധികാരികമാണെന്ന് ഉറപ്പുവരുത്തണമെന്നും അദ്ദേഹം വ്യക്തമാക്കി.
അടുത്തിടെ ഉത്തര്‍പ്രദേശില്‍ നിന്ന് 27 പേരടങ്ങുന്ന സംഘം കബളിപ്പിക്കപ്പെട്ട് യു.എ.ഇയില്‍ എത്തിയിരുന്നു. ഇവരുടെ കൈയില്‍ ഭക്ഷണം കഴിക്കാന്‍ പോലും പണമില്ലായിരുന്നു. കോണ്‍സുലേറ്റ് ഇടപെട്ടാണ് വിമാന ടിക്കറ്റ് തരപ്പെടുത്തി നാട്ടിലേക്ക് മടക്കി അയച്ചത്. നഴ്സായ യുവതിക്ക് വീട്ടുജോലിക്കുള്ള വിസ നല്‍കിയും കബളിപ്പിച്ചു. തൊഴില്‍ദാതാവുമായി ബന്ധപ്പെട്ട് പാസ്പോര്‍ട്ട് തിരികെ വാങ്ങി മടക്കി അയക്കുന്ന സംഭവങ്ങളും വ്യാപകമാണ്. കബളിപ്പിക്കപ്പെട്ട് ദുരിതത്തിലായ 225 പേര്‍ക്കാണ് കഴിഞ്ഞ വര്‍ഷം കോണ്‍സുലേറ്റ് നാട്ടിലേക്കു മടങ്ങാനുള്ള വിമാന ടിക്കറ്റ് സംഘടിപ്പിച്ചുനല്‍കിയത്. ഈ വര്‍ഷം ഇതുവരെ 186 പേര്‍ക്കും ടിക്കറ്റ് നല്‍കിയിട്ടുണ്ട്. എമിഗ്രേഷന്‍ ക്ലിയറന്‍സോടുകൂടി യാത്ര ചെയ്യുന്ന തൊഴിലാളികള്‍ ഇന്ത്യാ ഗവണ്മെന്റിന്റെ ഇ-മൈഗ്രേറ്റ് ഓണ്‍ലൈന്‍ റിക്രൂട്ട്മെന്റ് സംവിധാനത്തിന് കീഴില്‍ വരുന്നതാണ് സുരക്ഷിതം. ജനുവരി മുതല്‍ ജൂണ്‍വരെയുള്ള 792 തൊഴില്‍ അവസരങ്ങള്‍ സംബന്ധിച്ച അന്വേഷണത്തില്‍ 66 എണ്ണം മാത്രമായിരുന്നു യഥാര്‍ഥം എന്നും കണ്ടെത്തിയിരുന്നു.
Post Your Comments