ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ കുറച്ചു ദിവസങ്ങളായി ഉയരുന്ന മുടിമുറിക്കല്‍ സംഭവത്തിന്റെ യാഥാർഥ്യം കണ്ടെത്തി. കഴിഞ്ഞ ദിവസം പതിനാല് വയസ്സുകാരിയുടെ മുടി മുറിച്ചത് സഹോദരന്മാർ തന്നെയാണെന്ന് പോലീസ് കണ്ടെത്തി. അതോടെ മുടിമുറിക്കല്‍ സംഭവത്തില്‍ അസ്വാഭാവികതയൊന്നുമില്ലെന്ന പ്രാഥമിക നിഗമനത്തിലാണ് പൊലീസ്.കഴിഞ്ഞ വെള്ളിയാഴ്ച ഉച്ചയോടെ പതിനാല് വയസ്സുകാരിയുടെ മുടി വസ്ത്രത്തില്‍ മുറിച്ചിട്ട നിലയില്‍ കണ്ടെത്തുകയായിരുന്നു. തന്റെ സമീപത്ത് ആരും ഉണ്ടായിരുന്നില്ലെന്നു പെൺകുട്ടി വാദിക്കുകയും ചെയ്തു.
ഡല്‍ഹിയിലേയും ഉത്തര്‍പ്രദേശിലേയും വിവിധ ഇടങ്ങളില്‍ സമാനമായ സംഭവങ്ങള്‍ ഉണ്ടായതോടെ ജനങ്ങൾ പരിഭ്രാന്തരാകുകയും ചെയ്തു. തുടർന്ന് പരാതിയിൽ പോലീസ് അന്വേഷണം ആരംഭിക്കുകയും പെൺകുട്ടിയുടെ വീട്ടിൽ എത്തി വിശദമായി ചോദ്യം ചെയ്യുകയും ചെയ്തു. എന്നാൽ പൊലീസ് ചോദ്യം ചെയ്യലിലാണ് പെണ്‍കുട്ടിയുടെ മുടിമുറിച്ചത് പത്ത് വയസ്സുകാരന്‍ സഹോദരനും 12 വയസ്സുള്ള അടുത്ത ബന്ധുകൂടിയായ ആണ്‍കുട്ടിയും ചേര്‍ന്നാണെന്ന് വ്യക്തമായത്. ഇരുവരും ചേര്‍ന്ന നടത്തിയ കുസൃതിയായിരുന്നു അത്.
ഈ സംഭവത്തിലെ ദുരൂഹത മനസ്സിലായെങ്കിലും മറ്റു കേസുകൾ ഒരു തുമ്പുമില്ലാതെ ഇരിക്കുകയാണ്. പരാതികളില്‍ മുടി മുറിക്കപ്പെട്ട സ്ത്രീകളുടെ ബന്ധുക്കളേയോ സുഹൃത്തുക്കളേയോ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്.
ഉത്തര്‍പ്രദേശിലെ വിവിധ ഇടങ്ങളില്‍ ഒരേ ദിവസം തന്നെ സമാനമായ നാലോളം മുടിമുറിക്കല്‍ സംഭവങ്ങളാണ് ഉണ്ടായത്. ഹരിയാനയിലും സമാനമായ സംഭവം അരങ്ങേറിയിരുന്നൂ. ഇതിന്റെ പിന്നിൽ അന്ധവിശ്വാസ പ്രചരണങ്ങളും വ്യാപകമായിരുന്നു.
Post Your Comments