Latest NewsKeralaIndiaNewsInternationalGulf

കിസ്‌വ ഉയര്‍ത്തിക്കെട്ടി ഹറംകാര്യ വകുപ്പ്

മക്ക: ഇസ്ലാം മത വിശ്വാസികളുടെ വിശുദ്ധ കഅ്ബാലയത്തില്‍ അണിയിച്ച കിസ്‌വ ഹറംകാര്യ വകുപ്പ് അധികൃതര്‍ ഉയര്‍ത്തിക്കെട്ടി. ഹജ്ജിനെത്തുന്ന വിശ്വാസികളുടെ തിരക്ക് കണക്കിലെടുത്താണ് മുന്‍ വര്‍ഷങ്ങളെ പോലെ കഅ്ബാലയത്തിന്റെ കിസ്‌വ ബഹുമാനപൂര്‍വ്വം ഉയര്‍ത്തികെട്ടിയത്. തറ നിരപ്പില്‍ നിന്നും ഏകദേശം മൂന്നു മീറ്റര്‍ ഉയരത്തിലായാണ് കിസ്‌വ ഉയര്‍ത്തി കെട്ടിയിരിക്കുന്നത്. കൂടാതെ ഇതുമായി ബന്ധപ്പെട്ട കഅ്ബയുടെ ഭാഗം രണ്ടു മീറ്റര്‍ ഉയരത്തില്‍ വെളുത്ത പട്ടു തുണി കൊണ്ട് മറച്ചിട്ടുമുണ്ട്.

ഹറംകാര്യ വകുപ്പിലെയും കിസ്‌വ നിര്‍മ്മാണ ഫാക്റ്ററിയിലെയും അനേകം ജോലിക്കാര്‍ മണിക്കൂറുകളോളം സമയമെടുത്താണ് കിസ്‌വ ഉയര്‍ത്തി കെട്ടിയത്. ഹജ്ജിന്റെ സമയത്ത് തിരക്ക് കൂടുമ്പോള്‍, ഹാജിമാര്‍ പിടിച്ചു വലിച്ചു കിസ്‌വയ്ക്കു കേടു പാടുകള്‍ സംഭവിക്കുമെന്ന് ഭയന്നാണ് നേരത്തെ തന്നെ ഇത് ഉയര്‍ത്തിക്കെട്ടിയത്. ഹജ്ജ് തീര്‍ത്ഥാടകര്‍ അറഫയില്‍ ഒരുമിക്കുന്ന ദിനത്തില്‍ പഴയ കിസ്‌വ മാറ്റി പുതിയത് അണിയിക്കും. എന്നാല്‍ പുതിയത് അണിയിച്ചാലും അതിന്റെ ഭാഗവും കേടു വരാതിരിക്കാനായി ഉയര്‍ത്തി വെക്കും. പിന്നീട് മുഹറം പകുതിക്കു ശേഷമേ സാധാരണ നിലയിലേക്ക് താഴ്ത്തിയിടുകയുള്ളൂ.

കഅ്ബയുടെ പുടവയായ കിസ്‌വക്കു ഒന്നും സംഭവിക്കാതിരിക്കാനും വൃത്തിയായി സൂക്ഷിക്കുന്നതിനുമായാണ് ഇത് ഈ അവസരത്തില്‍ ഉയര്‍ത്തി കെട്ടുന്നതെന്നു കിസ്‌വ ഫാക്റ്ററി ഡയറക്ടര്‍ ജനറല്‍ ഡോ: മുഹമ്മദ് ബാജോദ വ്യക്തമാക്കി. തെറ്റായ വിശ്വാസം മൂലം പലരും കിസ്‌വയുടെ നൂലുകള്‍ പറിക്കാറുണ്ടെന്നും പാപങ്ങള്‍ പൊറുക്കാന്‍ വേണ്ടി, ചുംബിക്കുമ്പോഴും സ്പര്‍ശിക്കുമ്പോഴും കിസ്‌വയ്ക്കു കേടുപാടുകള്‍ സംഭവിക്കാന്‍ സാധ്യതയുണ്ടെന്നും കണക്കിലെടുത്താണ് കിസ്‌വ ഉയര്‍ത്തി കെട്ടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button