Latest NewsKeralaNews

ലിംഗമാറ്റത്തിന് തയ്യാറായി കൂടുതല്‍ പേര്‍; കൊച്ചിയിലെ ആശുപത്രിയില്‍ ലിംഗമാറ്റ ശസ്ത്രക്രിയയ്‌ക്കെത്തുന്നവരുടെ എണ്ണം കൂടുന്നു

കൊച്ചി: പുറമേ പുരോഗമന കാഴ്ചപ്പാടുണ്ടെങ്കിലും പൊതുവേ യാഥാസ്ഥിതികമായ കേരളീയ സമൂഹത്തില്‍ ട്രാന്‍സ്‌ജെന്‍ഡര്‍ സമൂഹം തങ്ങളുടെ സ്വത്വം വെളിപ്പെടുത്തി പുറത്തുവരാന്‍ തുടങ്ങിയിരിക്കുന്നു. കേരള സര്‍ക്കാര്‍ രണ്ട് വര്‍ഷം മുമ്പ് ട്രാന്‍സ്‌ജെന്‍ഡര്‍ നയം പ്രഖ്യാപിച്ചതിന് ശേഷം സംസ്ഥാനത്ത് ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തില്‍പ്പെട്ടവരോടുള്ള കാഴ്ചപ്പാടില്‍ ഏറെ മാറ്റങ്ങള്‍ വന്നുതുടങ്ങിയിരിക്കുന്നുവെന്നാണ് അടുത്തകാലത്തുണ്ടായിട്ടുള്ള സംഭവവികാസങ്ങള്‍ തെളിയിക്കുന്നത്. ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് തൊഴില്‍ നല്‍കാനുള്ള കൊച്ചി മെട്രോയുടെ തീരുമാനവും 40-ഓളം ട്രാന്‍സ്‌ജെന്‍ഡര്‍ കലാകാരികളെ പങ്കെടുപ്പിച്ചുകൊണ്ട് കേരള ലളിതകലാ അക്കാദമി ഈയിടെ കൊച്ചിയില്‍ ഒരുക്കിയ ചിത്രകലാ, ശില്‍പ ക്യാമ്പും ഇവരോടുള്ള സാമൂഹത്തിന്റെ കാഴ്ചപ്പാടില്‍ വന്ന മാറ്റങ്ങളുടെ നേര്‍സാക്ഷ്യങ്ങളാണ്. പ്ലാസ്റ്റിക് സര്‍ജറി രംഗത്ത് വിവിധ സങ്കീര്‍ണമായ ശസ്ത്രക്രിയകളില്‍ സ്‌പെഷ്യലൈസ് ചെയ്തിട്ടുള്ള കൊച്ചി ആസ്ഥാനമായ സ്‌പെഷ്യലിസ്റ്റ്‌സ് ആശുപത്രിയില്‍ ലിംഗമാറ്റ ശസ്ത്രക്രിയയ്ക്കായി കാത്തിരിക്കുന്നവരുടെ സംഖ്യയിലെ വര്‍ധനവും ഇതിന്റെ ഭാഗമായി വേണം കാണാന്‍.

ട്രാന്‍സ്‌ജെന്‍ഡര്‍ ശസ്ത്രക്രിയ അല്ലെങ്കില്‍ ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് മറ്റ് ശസ്ത്രക്രിയകളുമായി അടിസ്ഥാനപരമായി വ്യത്യാസമുണ്ടെന്ന പ്ലാസ്റ്റിക് സര്‍ജറി രംഗത്ത് 5 ദശാബ്ദത്തോളം പ്രവ്രത്തിപരിചയവും ഈ രംഗത്തെ കേരളത്തിലെ അഗ്രഗാമികളിലൊരാളും സ്‌പെഷ്യലിസ്റ്റ്‌സ് ആശുപത്രി സ്ഥാപകനുമായ 87 കാരനായ ഡോ. കെ.ആര്‍. രാജപ്പന്‍ പറയുന്നു. വെറും അവയവങ്ങളുടെ മാറ്റിവെയ്ക്കലല്ല മനസ്സിനേയും ശരീരത്തേയും ബാധിക്കുന്നതാണ് ലിംഗമാറ്റ ശസ്ത്രക്രിയിയില്‍ സംഭവിക്കുന്നത്. ശസ്ത്രക്രിയയ്ക്ക് മുമ്പ് മനസിനെ കൂടി പാകപ്പെടുത്തേണ്ടിയിരിക്കുന്നു. അതുകൊണ്ടു തന്നെ വിവിധ ഘട്ടങ്ങളിലായാണ് ശസ്ത്രക്രിയ നടത്തുന്നത്. ഇത് കാരണം ശസ്ത്രക്രിയ പൂര്‍ണമാകാന്‍ മൂന്ന് മുതല്‍ നാല് വര്‍ഷമെടുക്കുന്നു. അതാണ് ശസ്ത്രക്രിയയ്ക്കായി കാത്തിരിക്കുന്നവരുടെ പട്ടിക നീളാന്‍ കാരണമെന്നും ഡോ. രാജപ്പന്‍ പറഞ്ഞു. 2010-ലാണ് സ്‌പെഷ്യലിസ്റ്റ്‌സ് ആശുപത്രിയില്‍ ആദ്യ ലിംഗമാറ്റ ശസ്ത്രക്രിയ ചെയ്തത്. ഇതുവരെ മൂന്ന് ശസ്ത്രക്രിയ നടത്തിയിട്ടുണ്ട്. നാലാമത്തേത് പുരോഗമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

ജെന്‍ഡര്‍ ഐഡെന്റിറ്റി ഡിസോര്‍ഡര്‍ (ജിഐഡി) ബാധിച്ചിട്ടുള്ള ഒരാളെ ഉടനെ ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയമാക്കാനാകില്ലെന്ന് ആശുപത്രിയിലെ പ്ലാസ്റ്റിക് സര്‍ജറി വിഭാഗം മേധാവി ഡോ. ജയകുമാര്‍ പറഞ്ഞു. ‘ശസ്ത്രക്രിയയ്ക്ക് മുമ്പ് ഇത്തരമാളുകളെ പൂര്‍ണമായ മാനസിക വിശകലനത്തിന് വിധേയമാക്കേണ്ടതുണ്ട്. ഇതിനായി ഞങ്ങളുടെ മന:ശാസ്ത്രജ്ഞനുമായി നിരവധി തവണ സിറ്റിങ് നടത്തുന്നു. ഭിന്നലൈംഗികതയുടെ അനുഭവത്തിനായി ഈ ഘട്ടത്തില്‍ ഈ വ്യക്തി മാറാന്‍ ഉദ്ദേശിക്കുന്ന ലിംഗത്തിന്റെ വേഷവിധാനങ്ങള്‍ സ്വീകരിക്കേണ്ടതായി വരും. കൂടാതെ ഹോര്‍മോണ്‍ മാറ്റം ഉള്‍പ്പെടുന്നതിനാല്‍ എന്‍ഡോക്രൈനോളജിസ്റ്റ് നിര്‍ദ്ദേശിക്കുന്ന മരുന്നുകളും പ്രക്രിയകളും സ്വീകരിക്കണം,’ ഡോ. ജയകുമാര്‍ പറഞ്ഞു.

അവയവങ്ങളുടെ മാറ്റിവെയ്ക്കലുകള്‍ ഉള്‍പ്പെടുന്നതിനാല്‍ ശസ്ത്രക്രിയയുടെ അന്ത്യഘട്ടം പോലും ഏറെ സമയമെടുക്കുന്നതാണെന്ന് ലിംഗമാറ്റ ശസ്ത്രക്രിയകള്‍ക്ക് നേതൃത്വം നല്‍കുന്ന ഡോ. സെന്തില്‍ പറഞ്ഞു. ‘സ്ത്രീയില്‍ നിന്നും പുരുഷനിലേക്കുള്ള മാറ്റത്തില്‍ ഗര്‍ഭപാത്രം നീക്കം ചെയ്യുകയും പുരുഷ ലിംഗം പുനര്‍നിര്‍മിക്കുകയും ചെയ്യേണ്ടതുണ്ട്. സ്ത്രീയില്‍ നിന്നും പുരുഷനിലേക്കും പുരുഷനില്‍ നിന്നും സ്ത്രീയിലേക്കുമുള്ള ലിംഗ മാറ്റത്തില്‍ ഗര്‍ഭം ധരിക്കാനോ അച്ഛനാകാനോ കഴിയില്ല എന്നതാണ് ഒരേയൊരു പ്രശ്‌നം. എന്നാല്‍ രതിമൂര്‍ച്ച ഞെരമ്പുകളുടെ പ്രവര്‍ത്തനം മൂലമായതിനാല്‍ ലിംഗമാറ്റത്തിന് വിധേയരായവര്‍ക്ക് സംതൃപ്തമായ ലൈംഗിക ജീവിതം ഉറപ്പാക്കാനാകും,’ അദ്ദേഹം പറഞ്ഞു.

ലിംഗമാറ്റ ശസ്ത്രക്രിയയില്‍ സംസ്ഥാനത്തെ അഗ്രഗാമിയും നിലവില്‍ ഈ ശസ്ത്രക്രിയ ചെയ്യുന്ന ഏക ആശുപത്രിയുമായിരിക്കാം സ്‌പെഷ്യലിസ്റ്റ്‌സ് ആശുപത്രിയെന്ന് ഡോ. രാജപ്പന്‍ പറഞ്ഞു. 30 വയസുള്ള ഡോക്ടര്‍, 50-ഉം 24-ഉം വയസുള്ള സെയില്‍സ് ജീവനക്കാരുമാണ് ആശുപത്രിയില്‍ ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയമായവര്‍. 50 വയസായ വ്യക്തി പുരുഷനാകാനാണ് ശസ്ത്രക്രിയയ്ക്ക് വിധേയനായതെങ്കില്‍ മറ്റ് രണ്ട് പേരും സ്ത്രീയാകാനാണ് ശസ്ത്രക്രിയ നടത്തിയത്. ഡോക്ടര്‍ വിവാഹിതനായിരുന്നു. സ്ത്രീയാകാനുള്ള 25 വയസുള്ള ആര്‍ട്ടിസ്റ്റിന്റെ ശസ്ത്രക്രിയ പുരോഗമിക്കുകയാണ്. പുരുഷനില്‍ നിന്നും സ്ത്രീയിലേക്കുള്ള ലിംഗമാറ്റത്തില്‍ യോനി നിര്‍മാണം (വജൈനോപ്ലാസ്റ്റി), സ്തന പുനര്‍നിര്‍മാണം എന്നിവ നടത്തുന്നു. ഗര്‍ഭപാത്രം നീക്കം ചെയ്യല്‍ (ഹൈസ്റ്ററെക്ടമി), അണ്ഡാശയം നീക്കം ചെയ്യല്‍ (ഓവറെക്ടമി), പുരുഷലിംഗ പുനര്‍നിര്‍മാണം, മൂത്രപാതയുടെ (യൂറെത്ര) നീളം കൂട്ടല്‍ എന്നിവയാണ് സ്ത്രീയില്‍ നിന്നും പുരുഷനിലേക്കുള്ള ലിംഗമാറ്റത്തില്‍ ഉള്‍പ്പെടുന്നത്.

വിഷയത്തില്‍ ഉന്നത പരിശീലന പരിപാടിയില്‍ പങ്കെടുക്കാനായി ഡോ. സെന്തില്‍ തായ്‌ലാന്‍ഡിലേക്ക് പോകാനിരിക്കുകയാണ്. ഈ വിഷയത്തില്‍ തായ്‌ലാന്‍ഡ് ഉള്‍പ്പെടെയുള്ള കിഴക്കന്‍ രാജ്യങ്ങള്‍ക്ക് ഉദാരമായ കാഴ്ചപ്പാടുള്ളത് കാരണം കൂടുതല്‍ കൂടുതല്‍ ആളുകള്‍ ഈ രാജ്യങ്ങളില്‍ ലിംഗമാറ്റ ശസ്ത്രക്രിയയ്ക്കായി മുന്നോട്ടുവരുന്നുണ്ട്. അതാണ് നൂതന സാങ്കേതികവിദ്യകളുടെ കേന്ദ്രീകരണം അവിടങ്ങളിലാകാന്‍ കാരണമെന്ന് ഡോ. സെന്തില്‍ പറഞ്ഞു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button