Latest NewsNewsIndia

ബ്ളാങ്കറ്റ് വിതരണം റെയില്‍വേ നിര്‍ത്തുന്നു

ന്യൂഡല്‍ഹി: ശുചിത്വമില്ല എന്ന ആക്ഷേപത്തെ തുടര്‍ന്ന് റെയില്‍വെ എസി കോച്ചുകളില്‍ ബ്ലാങ്കറ്റുകള്‍ വിതരണം ചെയ്യുന്നത് നിര്‍ത്താന്‍ ഒരുങ്ങുന്നു. കഴിഞ്ഞ ദിവസം പാര്‍ലമെന്റിന് മുന്നിലെത്തിയ സിഎജി റിപ്പോര്‍ട്ടില്‍ ട്രെയിനുകളിലേയും റെയില്‍വെ സ്‌റ്റേഷനുകളിലേയും വൃത്തിയില്ലായ്മക്കെതിരെ രൂക്ഷ വിമര്‍ശനമുണ്ടായിരുന്നു. ഇതേ തുടര്‍ന്നാണ് ചില ട്രെയിനുകളിലെ എസി കോച്ചുകളില്‍ ബ്ലാങ്കറ്റുകള്‍ നല്‍കുന്നത് നിര്‍ത്തിവെക്കാന്‍ റെയിൽവേ തയ്യാറെടുക്കുന്നതെന്നാണ് സൂചന.

ബ്ലാങ്കറ്റുകള്‍ നീക്കം ചെയ്യുന്നത് റെയില്‍വെക്ക് സാമ്പത്തിക നേട്ടം കൂടിയാണ്. 55 രൂപ ചിലവ് കണക്കാക്കുന്ന ബ്ലാങ്കറ്റുകള്‍ക്ക് നിലവില്‍ യാത്രക്കാരില്‍ നിന്ന് 22 മാത്രമാണ് ഈടാക്കുന്നത്. റെയില്‍വെ മാര്‍ഗ രേഖകള്‍ അനുസരിച്ച് രണ്ടു മാസത്തിലൊരിക്കല്‍ ബ്ലാങ്കറ്റുകള്‍ അലക്കേണ്ടതാണ്. എന്നാല്‍ ഇത് പലപ്പോഴും നടപ്പാക്കാറില്ല. ഇതിനെതിരെ വ്യാപക പരാതികളും റെയില്‍വേയ്ക്ക് മുന്നിലെത്താറുണ്ട്.

പരീക്ഷണാടിസ്ഥാനത്തില്‍ ബ്ലാങ്കറ്റുകള്‍ നല്‍കാത്ത എസി കോച്ചുകളില്‍ താപനില 24 ഡിഗ്രിയാക്കി ഉയര്‍ത്തും. നിലവില്‍ ഈ കോച്ചുകളില്‍ 19 ഡിഗ്രി സെല്‍ഷ്യസാണ്. താപനില 24 ഡിഗ്രിയാക്കുമ്പോള്‍ യാത്രക്കാര്‍ക്ക് ബ്ലാങ്കറ്റുകള്‍ ആവശ്യം വരില്ലെന്ന് അധികൃതര്‍ പറഞ്ഞു. എന്നാല്‍ മറ്റു ട്രെയിനുകളില്‍ നിലവിലെ സ്ഥിതി തുടരും. ഐആര്‍സിടിസി വെബ്‌സൈറ്റുകള്‍ വഴിയും സ്റ്റേഷനിലെ ടിക്കറ്റ് കൗണ്ടറുകള്‍ വഴിയും സ്ഥരീകരിക്കപ്പെട്ട ടിക്കറ്റുകള്‍ക്കൊപ്പം ഡിസ്‌പോസബിള്‍ ബെഡ്‌റോളുകള്‍ ബുക്ക് ചെയ്യാനുള്ള പദ്ധതി കഴിഞ്ഞ വര്‍ഷം റയില്‍വെ അവതരിപ്പിച്ചിരുന്നു..

shortlink

Post Your Comments


Back to top button