നെല്ലിനോട് അഭേദ്യമായ ബന്ധമാണ് നമ്മൾ മലയാളികൾക്കുള്ളത് ഭക്ഷണത്തേക്കാൾ ഉപരി നമ്മുടെ സംസ്കാരത്തിന്റെ ഭാഗമാണ് നെല്ല്. ഇതിന്റെ ഭാഗമായാണ് നമ്മൾ എല്ലാ വർഷവും ക്ഷേത്രങ്ങളിലും വീടുകളിലും നിറപുത്തരി ആഘോഷിക്കുന്നത്. പക്ഷെ കാലം മാറുന്നതിനനുസരിച്ച് നെൽകൃഷിയുടെ തോതും സംസ്ഥാനത്ത് കുറഞ്ഞു വരുകയാണ്. കഴിഞ്ഞ കുറച്ചു വര്ഷങ്ങളായി ഓണം ഉണ്ണണമെങ്കിൽ ആന്ധ്രയെയും ബംഗാളിനെയും ആശ്രയിക്കേണ്ട ഗതികേടിലാണ് നമ്മൾ. ഇതൊക്കെ മനസിലാക്കി നമ്മുടെ സർക്കാർ നിരവധി പദ്ധതികളാണ് നെൽകൃഷിയെ പ്രോത്സാഹിപ്പിക്കാൻ നടപ്പിലാക്കി വരുന്നത്. കഴിഞ്ഞ സെപ്റ്റംബർ മുതൽ ഈ സെപ്റ്റംബര്‍ വരെ സംസ്ഥാന സർക്കാർ നെല്ലിന്റെ വര്‍ഷമായി ആചരിക്കുകയാണ്. ‘നമ്മുടെ നെല്ല് നമ്മുടെ ഭക്ഷണം’ എന്നാണ് മുദ്രാവാക്യം സർക്കാരിന്റെ ഇടപെടൽ മൂലം കേരളത്തിന് നെൽ കൃഷി അന്യം നിന്ന് പോകുന്നില്ല എന്നതിന്റെ ഉത്തമോദ്ദാഹരണമാണ് ഈ പദ്ധതി. മറ്റൊരു ശ്രദ്ധേയമായ കാര്യം നെല്ലിന്റെ താങ്ങു വില വർധിപ്പിച്ചതാണ്.
നെല്‍കൃഷിയെ ലക്ഷ്യം വെക്കുമ്പോള്‍ ആദ്യം ചെയ്യേണ്ടത് കൃഷിഭൂമിയുടെ വ്യാപ്തി വർധിപ്പിക്കുകയാണ്. 8,50,000 ഹെക്ടര്‍ കൃഷിഭൂമി നെൽപാടങ്ങളായി ഉണ്ടായിരുന്ന നാടാണ് കേരളം. അതിപ്പോള്‍ നാലിലൊന്നായി ചുരുങ്ങി. ഒരു അഞ്ചു ലക്ഷം ഹെക്ടറെങ്കിലും നെൽപാടങ്ങളായി തിരിച്ചു പിടിക്കാന്‍ കഴിയണം. കൃഷിഭൂമി ഒന്നിച്ചു പരിവര്‍ത്തനപ്പെടുത്താന്‍ നിയമം അനുവദിക്കുന്നില്ല. അതു കാരണം കരപ്രദേശങ്ങളെ അപേക്ഷിച്ച് വിലക്കുറവുമുണ്ട് പാടത്തിന്. മറ്റു കരഭൂമിയില്ലാത്തവർക്ക് 10 സെന്റ് പാടം നികത്തി വീടുവെക്കാം. അതിന്റെ അര്‍ഥം 10 സെന്റ് പറമ്പുണ്ടെങ്കില്‍ അതു വിറ്റ് ആ പൈസകൊണ്ട് അഞ്ച് സെന്റ് പാടം വാങ്ങി, നികത്തി,വീടുവെക്കാമെന്നാണ്. വീടുവെച്ചതിനു ശേഷം ഉയർന്ന വിലയ്ക്ക് വിൽക്കുകയും ചെയ്യാം.
നെൽപ്പാടം നികത്തി കെട്ടിടങ്ങൾ വെച്ചതിന്റെ പരിണിത ഫലങ്ങളാണ് നമ്മൾ എല്ലാവർഷവും വേനൽക്കാലത്തു അനുഭവിക്കുന്നത്. നെൽപ്പാടങ്ങളും, കുളങ്ങളും നമ്മുടെ പരിസ്ഥിതിയിൽ സന്തുലിതാവസ്ഥ നിലനിർത്തി പോന്നിരുന്നു. പക്ഷെ ശക്തമായ നിയമത്തിന്റെ അപര്യാപ്‌തത മൂലം കാലാകാലങ്ങളായി നെൽപ്പാടങ്ങൾ കോൺക്രീറ്റ് കാടുകളായി പരിണമിച്ചു കൊണ്ടിരിക്കുകയാണ്. ഇതിനൊരു മാറ്റം വരണം. 2008ൽ നടപ്പിലാക്കിയ നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമം ഒരു പരിധി വരെയെങ്കിലും നമ്മുടെ നെൽ വയലുകളെ സംരക്ഷിക്കുന്നുണ്ട്. നഗരപരിധിയിൽ 5 സെന്റും ഗ്രാമപരിധിയിൽ 10 സെന്റും നികത്താനുള്ള അനുമതിയെ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നല്കാൻ കഴിയുകയുള്ളു. പക്ഷെ മുക്കിലും മൂലയിലും ഭൂമാഫിയകൾ പിടിമുറുക്കുന്ന ഇന്നത്തെ കാലത്ത് പലയിടത്തും ഇത്തരം നിയമങ്ങൾ കടൽ;എസിൽ മാത്രം ഒതുങ്ങുകയാണ്.
സർക്കാരിന്റെ അർദ്ധമനസ്കതയും പലപ്പോഴും നെൽകൃഷിയെ സാരമായി ബാധിക്കാറുണ്ട്. കേരളത്തിൽ ഇന്ന് കാർഷിക രംഗം നേരിടുന്ന വലിയ വെല്ലുവിളിയാണ് ആവശ്യത്തിന് തൊഴിലാളികളെ ലഭിക്കാത്തത്. കൊയ്ത്ത് സമയങ്ങളിലാണ് കർഷകർ തൊഴിലാളികളുടെ ക്ഷാമം ഏറ്റവും അധികം നേരിടുന്നത്. കൃഷി വകുപ്പ് കൃത്യമായി കൊയ്ത്ത് യന്ത്രങ്ങൾ ലഭ്യമാക്കിയാൽ നെൽക്കതിരുകൾ വെള്ളത്തിൽ കിടന്നു ചീയുന്ന അവസ്ഥ ഒഴിവാക്കാൻ സാധിക്കും.
എന്തിനും ഏതിനും സർക്കാരിനെ കുറ്റം പറഞ്ഞിട്ടേ കാര്യമില്ല ഈ അവസ്ഥയ്ക്ക് പിന്നിൽ നമ്മൾ ഓരോരുത്തരുമാണ്. അലസത, ഉയർന്ന ജോലിയോടുള്ള ആസക്തി,ഫാസ്റ്റഫുഡിന്റെ അതിപ്രസരം ഇതെല്ലം നമ്മളെ മണ്ണിൽ നിന്ന് അകറ്റി. അരിക്ക് വില എത്ര കൂടിയാലും കാർഡ് ഉരച്ചാൽ സൂപ്പർ മാർക്കറ്റിൽ നിന്ന് അരി കിട്ടും എന്ന അഹങ്കാരം ഉണ്ട് നമ്മളിൽ പലർക്കും പക്ഷെ പണം കൊടുത്താലും അരി കിട്ടാത്ത കാലം സമീപ ഭാവിയിൽ തന്നെ ഉണ്ടാകുമെന്ന് ഓർത്തുവെയ്ക്കുന്നത് നല്ലതാണ്.
Post Your Comments