ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെതിരെ അരുൺ ജെയ്റ്റ്ലി കൊടുത്ത മാനനഷ്ടക്കേസ് രസകരമായ വഴിത്തിരിവിൽ. ജെയ്റ്റ്ലി അഴിമതി നടത്തിയെന്നാരോപിച്ചതിനാണ് അരവിന്ദ് കെജ്രിവാളിനെതിരെ ജെയ്റ്റ്ലി മാനനഷ്ടക്കേസ് കൊടുത്തത്. അരവിന്ദ് കെജ്രിവാളിന് വേണ്ടി കേസ് വാദിക്കാൻ വന്നത് മുതിർന്ന അഭിഭാഷകൻ രാം ജഠ്മലാനി ആണ്. എന്നാൽ വാദം നടക്കുന്നതിനിടയിൽ ജെയ്റ്റ്ലിയെ അഭിഭാഷകനായ റാം ജഠ്മലാനി കുബുദ്ധിയെന്ന് വിളിച്ചിരുന്നു.
ഇത്തരമൊരു പരാമർശം കേജ്രിവാളിന്റെ നിർദേശപ്രകാരമാണെന്നായിരുന്നു ജഠ്മലാനി കോടതിയിൽ അവകാശപ്പെട്ടിരുന്നത്. എന്നാൽ കേജരിവാൾ ഇത് നിഷേധിക്കുകയും താൻ ഇത്തരൊമരു കാര്യം പറഞ്ഞിട്ടില്ലെന്നും നിലപാടെടുത്തു. ഇതിൽ പ്രതിഷേധിച്ച് ജഠ്മലാനി കെജ്രിവാളിന്റെ വക്കാലത്ത് ഒഴിഞ്ഞു. കുബുദ്ധി വിളിയിൽ കേജരിവാളിനെതിരേ ജയ്റ്റ്ലി വീണ്ടും മാനനഷ്ടക്കേസ് ഫയൽ ചെയ്തിരുന്നു. അപകീർത്തികരമായ പരാമർശം നടത്തിയെന്നാരോപിച്ച് പത്ത് കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് ജയ്റ്റ്ലി നോട്ടീസ് അയച്ചത്.
ഡൽഹി ക്രിക്കറ്റ് ഭരണ സമിതിയിലെ ക്രമക്കേടുകൾ സംബന്ധിച്ച് അരവിന്ദ് കേജരിവാൾ നടത്തിയ പ്രസ്താവനകൾ ചൂണ്ടിക്കാട്ടിയാണ് കേജരിവാളിനും അഞ്ച് എഎപി നേതാക്കൾക്കൾക്കുമെതിരായി ജയ്റ്റ്ലി നേരത്തെ മാനനഷ്ടക്കേസ് നൽകിയത്. ജയ്റ്റ്ലി ഡിഡിസിഎയുടെ പ്രസിഡന്റായിരുന്ന കാലയളവിൽ അദ്ദേഹവും കുടുംബാംഗങ്ങളും വ്യാപക സാമ്പത്തിക തിരിമറികൾ നടത്തിയെന്നായിരുന്നു കേജരിവാളിന്റെയും കൂട്ടരുടെയും ആരോപണം. അഭിഭാഷക ഫീസ് വേണ്ടെന്നുവച്ചാണ് ജഠ്മലാനിയുടെ പിൻമാറ്റം. ഫീസ് ഇനത്തിൽ രണ്ടു കോടി രൂപയാണ് ജഠ്മലാനിക്ക് കേജരിവാൾ നൽകാനുള്ളത്.
Post Your Comments