1 നല്ല ശുചിത്വം പാലിക്കുക
മായോ ക്ലിനിക്കിന്‍റെ അഭിപ്രായപ്രകാരം “രോഗം വരാതിരിക്കാനും അത് പകരാതിരിക്കാനും ഉള്ള ഏറ്റവും നല്ല വഴികളിൽ ഒന്നാണ്” കൈ കഴുകുന്നത്. എന്നാൽ, ജലദോഷമോ പനിയോ എളുപ്പത്തിൽ പിടിക്കാൻ അഴുക്കുപുരണ്ട കൈകൾകൊണ്ട് മൂക്കോ കണ്ണോ തിരുമ്മിയാൽ മതിയാകും! അഴുക്ക് നീക്കം ചെയ്യുന്നതിനുള്ള ഏറ്റവും ഫലപ്രദമായ മാർഗം കൈ കൂടെക്കൂടെ കഴുകി വെടിപ്പാക്കുന്നതാണ്. മാത്രമല്ല ന്യുമോണിയ, വയറിളക്കം പോലെയുള്ള ഗുരുതരമായ രോഗങ്ങൾ തടയാനും ശുചിത്വം പാലിക്കുന്നത് സഹായിക്കും. ശുചിത്വക്കുറവ് മൂലമാണ് അഞ്ച് വയസ്സിൽ താഴെയുള്ള 20 ലക്ഷത്തിലധികം കുട്ടികൾ ഓരോ വർഷവും മരണമടയുന്നത്. എന്തിനേറെ, കൈ വൃത്തിയായി കഴുകുക എന്ന നിസ്സാരമായ കാര്യത്തിന് മാരകമായ എബോളയെപ്പോലും ഒരു പരിധിവരെ നിയന്ത്രിക്കാൻ കഴിയും.
നിങ്ങളുടെയും മറ്റുള്ളവരുടെയും ആരോഗ്യം സംരക്ഷിക്കുന്നതിന് താഴെപ്പറയുന്ന സാഹചര്യങ്ങളിൽ കൈ നിർബന്ധമായും കഴുകേണ്ടതാണ്.
ഒരു മുറിവോ വ്രണമോ വൃത്തിയാക്കിയതിനു ശേഷം.
രോഗികളെ സന്ദർശിക്കുന്നതിനു മുമ്പും പിമ്പും.
ഭക്ഷണം പാകം ചെയ്യുകയോ വിളമ്പുകയോ കഴിക്കുകയോ ചെയ്യുന്നതിനു മുമ്പ്.
തുമ്മുകയോ ചുമയ്‌ക്കുകയോ മൂക്കുചീറ്റുകയോ ചെയ്‌തതിനു ശേഷം.
മൃഗത്തെയോ മൃഗവിസർജ്യമോ തൊട്ടതിനു ശേഷം.
ചപ്പുചവറുകളും ഉച്ഛിഷ്ടങ്ങളും നീക്കം ചെയ്‌തതിനു ശേഷം.
അതുകൊണ്ട് കൈ വൃത്തിയായി കഴുകുന്നത് നിസ്സാരമായി കാണരുത്.
2 ശുദ്ധജലം ഉപയോഗിക്കുക
ചില രാജ്യങ്ങളിൽ വളരെ ബുദ്ധിമുട്ടിയാണ് ദിവസേന വീട്ടാവശ്യത്തിനുവേണ്ട വെള്ളം കൊണ്ടുവരുന്നത്. എന്നിരുന്നാലും, ശുദ്ധജലം കണ്ടെത്തുന്നത് ലോകത്തിന്‍റെ ഏതു ഭാഗത്തും ഒരു പ്രശ്‌നമായിത്തീർന്നേക്കാം. വെള്ളപ്പൊക്കം, ചുഴലിക്കാറ്റ്, പൈപ്പുപൊട്ടൽ എന്നിവയാലോ മറ്റേതെങ്കിലും കാരണത്താലോ ശുദ്ധജലം മലിനമാകാൻ സാധ്യതയുണ്ട്. അതുപോലെ, സുരക്ഷിതമല്ലാത്ത ഇടങ്ങളിൽനിന്ന് വെള്ളം ശേഖരിക്കുന്നതോ അല്ലെങ്കിൽ അത് ശരിയാംവണ്ണം സൂക്ഷിച്ചുവെക്കുന്നതിലെ അപാകതയോ കോളറ, വയറിളക്കം, ടൈഫോയ്‌ഡ്, ഹെപ്പറ്റൈറ്റിസ് എന്നിവയ്‌ക്ക് കാരണമായേക്കാം. കൂടാതെ മറ്റ് അണുബാധകൾക്കും അത് ഇടയാക്കിയേക്കാം.
3 ഭക്ഷണം ശ്രദ്ധിക്കുക
നല്ല ആരോഗ്യത്തിന് പോഷകാഹാരം കൂടിയേതീരൂ. അതിന്, ആരോഗ്യാവഹവും സമീകൃതവും ആയ ആഹാരക്രമം ആവശ്യമാണ്. അധികം ഭക്ഷണം കഴിക്കരുത്. ഉപ്പ്, കൊഴുപ്പ്, മധുരം എന്നിവ ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കണം. ആഹാരത്തിൽ പഴങ്ങളും പച്ചക്കറികളും തുടങ്ങി പല ഇനം ഭക്ഷണങ്ങൾ ഉൾപ്പെടുത്തുക. സംസ്‌കരിച്ച ഉത്‌പന്നങ്ങളിൽ പോഷകങ്ങളും നാരുകളും നഷ്ടപ്പെടുന്നു. അതുകൊണ്ട്, ബ്രഡ്, അരി, ഗോതമ്പുകൊണ്ട് ഉണ്ടാക്കിയ ഉത്‌പന്നങ്ങൾ എന്നിവ തവിടുനീക്കി സംസ്‌കരിച്ചെടുക്കാത്തവയാണോ എന്ന് പായ്‌ക്കറ്റ് നോക്കി ഉറപ്പുവരുത്തുക. കോഴിയിറച്ചിയും മറ്റ് മാംസങ്ങളും കുറഞ്ഞ അളവിൽ കഴിക്കുക. എന്നാൽ പ്രോട്ടീൻ ലഭിക്കുന്നതിന് സാധ്യമെങ്കിൽ ആഴ്‌ചയിൽ രണ്ട് തവണ മീൻ കഴിക്കുക. പച്ചക്കറികളിൽനിന്നുപോലും പ്രോട്ടീൻ സമൃദ്ധമായ ആഹാരം ചില രാജ്യങ്ങളിൽ ലഭ്യമാണ്.
മധുരവും കൊഴുപ്പും അടങ്ങിയ ഭക്ഷണപദാർഥങ്ങൾ വളരെയധികം കഴിക്കുന്നത് അമിതവണ്ണത്തിന് കാരണമാകും. മധുരപാനീയങ്ങൾക്കു പകരം വെള്ളം കുടിക്കുക. ഭക്ഷണത്തിനുശേഷം മധുരപദാർഥങ്ങൾ കഴിക്കുന്നതിനു പകരം പഴവർഗങ്ങൾ കഴിക്കാം. സോസേജുകൾ, ഇറച്ചി, വെണ്ണ, കേക്കുകൾ, പാൽക്കട്ടികൾ, ബിസ്‌ക്കറ്റുകൾ എന്നിങ്ങനെ കൊഴുപ്പു കൂടിയ ഭക്ഷണം കഴിവതും ഒഴിവാക്കുക. കൂടാതെ, ഭക്ഷണം പാകം ചെയ്യുമ്പോൾ കൊഴുപ്പ് കുറഞ്ഞ എണ്ണ ഉപയോഗിക്കുക.
4 ഊർജസ്വലതയുള്ളവരായിരിക്കുക
ഏത് പ്രായത്തിലുള്ളവരാണെങ്കിലും പതിവായി വ്യായാമം ചെയ്യുന്നെങ്കിൽ മാത്രമേ നല്ല ആരോഗ്യം നിലനിറുത്താനാകുകയുള്ളൂ. മിക്കവരും മതിയായ അളവിൽ വ്യായാമം ചെയ്യാറില്ല. എന്തുകൊണ്ടാണ് വ്യായാമം പ്രധാനമായിരിക്കുന്നത്? നന്നായി വ്യായാമം ചെയ്‌താൽ:
നല്ല ഉറക്കം ലഭിക്കും.
ഊർജസ്വലരായിരിക്കും.
എല്ലുകൾക്കും പേശികൾക്കും ബലം ലഭിക്കും.
ശരിയായ ശരീരഭാരം നിലനിറുത്തും.
വിഷാദം അകറ്റും.
അകാലമരണം ഒഴിവാക്കാം.
എന്നാൽ വ്യായാമം ചെയ്യുന്നില്ലെങ്കിൽ പിൻവരുന്ന കാര്യങ്ങൾ സംഭവിച്ചേക്കാം:
ഹൃദ്രോഗം.
ടൈപ്പ് 2 പ്രമേഹം.
ഉയർന്ന രക്തസമ്മർദം.
അമിതകൊളസ്‌ട്രോൾ.
പക്ഷാഘാതം.
ഏതു തരത്തിലുള്ള വ്യായാമത്തിൽ ഏർപ്പെടണമെന്നുള്ളത് നിങ്ങളുടെ പ്രായവും ആരോഗ്യവും അനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കും. അതുകൊണ്ട് പുതിയ ഒരു വ്യായാമം തിരഞ്ഞെടുക്കുന്നതിനു മുമ്പ് ഡോക്‌ടറുടെ ഉപദേശം തേടുന്നത് നല്ലതാണ്. കുട്ടികളും കൗമാരപ്രായത്തിലുള്ളവരും ദിവസേന ഒരു മണിക്കൂർ നേരം നല്ല വ്യായാമം ലഭിക്കുന്ന പ്രവർത്തനങ്ങളിൽ ഏർപ്പെടണമെന്നാണ് പല വിദഗ്‌ധരും ശുപാർശ ചെയ്യുന്നത്. പ്രായപൂർത്തിയായവർ ഓരോ ആഴ്‌ചയിലും മിതമായ അളവിലാണെങ്കിൽ 150 മിനിറ്റും കഠിനമായ അളവിലാണെങ്കിൽ 75 മിനിറ്റും വ്യായാമം ചെയ്യേണ്ടതാണ്.
5 നന്നായി ഉറങ്ങുക
എത്രമാത്രം ഉറക്കം വേണമെന്നത് ഒരോ വ്യക്തിയെയും അനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കും. നവജാത ശിശുക്കൾ ദിവസവും 16 മുതൽ 18 മണിക്കൂർ ഉറങ്ങുമ്പോൾ 1-3 വയസ്സുവരെയുള്ള കുട്ടികൾ 14 മണിക്കൂറും 3-ഉം 4-ഉം വയസ്സുള്ള കുട്ടികൾ 11-ഓ 12-ഓ മണിക്കൂറും ഉറങ്ങേണ്ടത് ആവശ്യമാണ്. സ്‌കൂളിൽ പോകുന്ന കുട്ടികൾ 10 മണിക്കൂറും കൗമാരത്തിലുള്ളവർ 9-ഓ 10-ഓ മണിക്കൂറും പ്രായപൂർത്തിയായവർ 7-ഓ 8-ഓ മണിക്കൂറും ഉറങ്ങേണ്ടതാണ്.
Post Your Comments