
ഹൈദരാബാദ് : റിയോ ഒളിമ്പിക്സില്‍ വെള്ളി മെഡല്‍ നേടി രാജ്യത്തിന്റെ അഭിമാനം ഉയര്‍ത്തിയ പി.വി സിന്ധുവിനെ ഡെപ്യൂട്ടി കളക്ടറായി ആന്ധ്രപ്രദേശ് സര്‍ക്കാര്‍ നിയമിച്ചു. നിയമന ഉത്തരവ് വ്യാഴാഴ്ച് ആന്ധ്രപ്രദേശ് മുഖ്യമന്ത്രി എന്‍ ചന്ദ്രബാബു പിവി സിന്ധുവിന് കൈമാറി.
റിയോ ഒളിമ്പിക്സില്‍ ബാഡ്മിന്റണില്‍ ആദ്യമായി വെള്ളി മെഡല്‍ ഇന്ത്യയിലെത്തിച്ച പിവി സിന്ധുവിന് ആന്ധ്ര സര്‍ക്കാര്‍ മൂന്നു കോടി രൂപയും ആയിരം ചതുരശ്രയടി സ്ഥലവും നല്‍കിയിരുന്നു. സിന്ധുവിന് സര്‍ക്കാര്‍ ജോലി നല്‍കുമെന്നും ചന്ദ്രബാബു നായിഡു അന്ന് പറഞ്ഞിരുന്നു. ഒരുമാസത്തിനുള്ളില്‍ ജോലി സ്വീകരിക്കണം. മൂന്ന് വര്‍ഷകാലയളവില്‍ സിന്ധു പ്രൊബേഷനിലായിരിക്കും.
ഡെപ്യൂട്ടി കളക്ടറായുള്ള നിയമന ഉത്തരവ് കൈപ്പറ്റിയ പിവി സിന്ധു സര്‍ക്കാരിന് നന്ദി പറഞ്ഞു. തന്റെ പ്രഥമ പരിഗണന ബാഡ്മിന്റണിനായിരിക്കും എന്നും സ്പോര്‍ട്സില്‍ ഇനിയും കൂടുതല്‍ ഉയരം കീഴടക്കാനുള്ളതുകൊണ്ട് തന്നെ നിശ്ചയദാര്‍ഢ്യത്തോടെ മുന്നേറുമെന്നും സിന്ധു പറഞ്ഞു. എന്നാല്‍ നിലവില്‍ ഭാരത് പെട്രോളിയത്തിന്റെ ഹൈദരാബാദ് ഓഫീസില്‍ അസിസ്റ്റന്റ് മാനേജരായി പ്രവര്‍ത്തിക്കുകയാണ് സിന്ധു.
Post Your Comments