Latest NewsCinemaMovie SongsEntertainment

ഫ്യൂഡല്‍ സ്വഭാവത്തെയാണ്‌ ഇത് കാണിക്കുന്നത്; ലാലിനും മകനുമെതിരെ വനിതാ കൂട്ടായ്മ

യുവനടിയോട് ലൈംഗികച്ചുവയോടെ അപമര്യാദയായി സംസാരിച്ചുവെന്ന പരാതിയില്‍ സംവിധായകന്‍ ജീന്‍ പോള്‍ ലാലിനും സുഹൃത്തുക്കള്‍ക്കുമെതിരെ പോലീസ് കേസ് എടുത്ത സംഭവത്തില്‍ പ്രതികരണവുമായി സിനിമയിലെ വനിതാ കൂട്ടായ്മ. നടിക്കെതിരെ മോശം പരാമര്‍ശം നടത്തിയ നടന്‍ ലാലിനെയും സംഘടന വിമര്‍ശിക്കുന്നു. ഫേസ് ബുക്ക് പോസ്റ്റിലൂടെയാണ് വിമര്‍ശനം.

പോസ്റ്റ് പൂര്‍ണ്ണരൂപം

മലയാള സിനിമയിലെ തൊഴില്‍ സംസ്‌കാരം സ്ത്രീകളെ എങ്ങിനെയാണ് നോക്കി കാണുന്നതെന്നും ഇവര്‍ക്കെതിരെയുള്ള അതിക്രമങ്ങളുടെ ആഴം എത്രത്തോളമാണെന്നും വെളിപ്പെടുത്തുന്നതാണ് അടുത്തിടെ സിനിമയിലെ സ്തീകള്‍ പോലീസില്‍ രജിസ്റ്റര്‍ ചെയ്ത ചില പരാതികള്‍. സിനിമയില്‍ ശരീരം അനാവൃതമാക്കേണ്ട സന്ദര്‍ഭത്തില്‍ ഡ്യൂപ്പിനെ ഉപയോഗിക്കേണ്ടിവരുമ്പോള്‍ അവര്‍ എന്താണോ ചെയ്യുന്നത് അത് അഭിനേതാവിന്റെ അറിവോടെയും സമ്മതത്തോടെയും ആകണമെന്നതും അഭിനേതാവിനു നല്‍കുന്ന കരാറില്‍ ഇതു വ്യക്തമാക്കണമെന്നതും സാമാന്യമായ തൊഴില്‍ മര്യാദയാണ്.
നിര്‍മ്മാതാക്കളുടെ താല്‍പര്യാര്‍ത്ഥം തയ്യാറാക്കപ്പെടുന്ന കരാറുകള്‍ക്കു പകരം വേതനം, തൊഴില്‍ സമയം , ഡ്യൂപ്പിന്റെ ഉപയോഗം തുടങ്ങിയ ഘടകങ്ങള്‍ കൂടി സ്ത്രീ പക്ഷത്തു നിന്നുപരിഗണിച്ചു കൊണ്ടുള്ള മാതൃകയില്‍ കരാറുകള്‍ പുനസംഘടിപ്പിക്കേണ്ടിയിരിക്കുന്നു. എന്നാല്‍ മലയാള സിനിമാ മേഖലയില്‍ അഭിനേതാക്കളടക്കമുള്ള വലിയൊരു പങ്ക് തൊഴിലാളികളും ഇവിടെ ജോലി ചെയ്യുന്നത് യാതൊരു കരാറുമില്ലാതെയാണെന്ന വസ്തുതയും ഈ പരാതിയിലൂടെ വ്യക്തമാക്കപ്പെടുന്നുണ്ട്. പ്രതിഷേധിച്ച നടിക്ക് പ്രതിഫലം കൊടുക്കേണ്ടതില്ല എന്നു തീരുമാനിക്കുന്നതും അതു പരസ്യമായി പറയാനുള്ള ധാര്‍ഷ്ട്യം കാണിക്കുന്നതും ഈ മേഖലയിലെ ഫ്യൂഡല്‍ സ്വഭാവമല്ലാതെ മറ്റൊന്നല്ല.

ഇതിന്റെ മറ്റൊരു വശമാണ് സ്വകാര്യ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചതിനെതിരെ മറ്റൊരു നടി ഫയല്‍ ചെയ്ത പരാതി. ഞങ്ങളുടെ സഹപ്രവര്‍ത്തകയെ ബോഡി ഷെയിമിങ്ങ് നടത്തി ബ്ലാക്ക് മെയില്‍ ചെയ്യാനുള്ള ശ്രമം അങ്ങേയറ്റം ഹീനവും നിന്ദ്യവുമാണ്. മേല്‍ സൂചിപ്പിച്ച രണ്ടു പരാതികളും ഈ മേഖലയിലെ തൊഴില്‍ പെരുമാറ്റച്ചട്ടങ്ങളുടെയും ലിംഗ നീതി ഇല്ലായ്മയുടെയും അഭാവത്തെയാണ് ചൂണ്ടി കാണിക്കുന്നത്. ഈ പ്രശ്‌നങ്ങളെ അഭിസംബോധന ചെയ്തു കൊണ്ടു മാത്രമെ ഒരു തൊഴില്‍ സമൂഹമെന്ന നിലയില്‍ നമുക്ക് മുന്നോട്ടു പോകാനാവൂ.

ചെറുത്തുനില്‍പിന്റെ ശബ്ദങ്ങളെ വിലക്കുകളിലൂടെയും നിരോധനങ്ങളിലൂടെയും നിയന്ത്രിച്ചിരുന്നവരോട് സ്ത്രീകള്‍ ഉറക്കെ കലഹിച്ചു തുടങ്ങിയിരിക്കുന്നു. സിനിമാ മേഖലയെ തൊഴിലിടം എന്ന നിലയില്‍ കൃത്യമായി നിര്‍വ്വചിക്കേണ്ടതിന്റയും ലൈംഗിക പീഡന പരാതി സെല്ലുകള്‍ സ്ഥാപിക്കേണ്ടതിന്റെയും ആവശ്യകതെയെ കുറിച്ച് WCC ഉയര്‍ത്തിയ വാദമുഖങ്ങളെ സാധൂകരിക്കുന്നു മേല്‍ സൂചിപ്പിച്ച ഓരോ സംഭവവും. നീതി തേടിയുള്ള ഈ സഹപ്രവര്‍ത്തകരുടെ യാത്രക്കൊപ്പം ഞങ്ങളുമുണ്ട്.

വിമന്‍ ഇന്‍ സിനിമാ കളക്ടീവ് പ്രവര്‍ത്തകര്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button