ഗോൾ: ശ്രീലങ്കയ്ക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ ആദ്യ ദിനം ഇന്ത്യക്കു സ്വപ്നതുല്യമായ തുടക്കം. ഓപ്പണർ ശിഖർ ധവാന്റെയും മധ്യനിരതാരം ചേതേശ്വർ പുജാരയുടെയും പ്രകടനമാണ് ഇന്ത്യക്ക് ശക്തമായ അടിത്തറയിട്ടത്. ഇരുവരും സെഞ്ചുറി നേടി. ആദ്യ ദിനം മത്സരം അവസാനിച്ചപ്പോൾ ഇന്ത്യ 399/3 എന്ന നിലയിലാണ്. പുജാര(144)യും 39 റണ്‍സുമായി അജിൻക്യ രഹാനെയുമാണ് ക്രീസിൽ.
ഇന്ത്യ വിദേശത്ത് ആദ്യദിനം കരസ്ഥമാക്കുന്ന ഏറ്റവും ഉയർന്ന സ്കോറാണ് ഇത്. ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഇന്ത്യൻ നായകൻ വിരാട് കോഹ്ലിയുടെ തീരുമാനം ശരിവയ്ക്കുന്ന പ്രകടനമാണ് കളത്തിൽ ധവാനും പുജാരയും നടപ്പാക്കിയത്. കളിയുടെ തുടക്കത്തിൽ ഓപ്പണർ അഭിനവ് മുകുന്ദിനെ നുവാൻ പ്രദീപ് പുറത്താക്കി. സ്കോർ 27ൽ എത്തിയപ്പോഴാണ് 12 റണ്‍സ് നേടിയ അഭിനവ് മുകുന്ദ് ഔട്ടായത്. പക്ഷേ പിന്നീട് ധവാൻ-പൂജാര സഖ്യം ക്രീസിൽ വെടിക്കെട്ട് തീർത്തു. ഇരുവരും ചേർന്ന് രണ്ടാം വിക്കറ്റിൽ 253 റണ്‍സ് അടിച്ചുകൂട്ടി. 167 പന്ത് മാത്രം നേരിട്ട ധവാൻ 31 ബൗണ്ടറികളുടെ സഹായത്തോടെ 190 റണ്‍സ് നേടി പുറത്തായി.
പക്ഷേ പിന്നീട് എത്തിയ നായകൻ വിരാട് കോഹ്ലി നിരാശപ്പെടുത്തി. മൂന്നു റൺസ് മാത്രം നേടിയ നായകൻ പുറത്തായപ്പോൾ രഹാനെ എത്തിയതോടെ ഇന്ത്യ വീണ്ടും പിടിമുറുക്കി.
Post Your Comments