Latest NewsNewsLife Style

കറിവേപ്പില വീട്ടില്‍ നടുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

കറിവേപ്പില ഇഷ്ടമില്ലെങ്കിലും എല്ലാ കറിയിലും കറിവേപ്പില നിര്‍ബന്ധമാണ്.അതുകൊണ്ടുതന്നെ എത്ര വില കൊടുത്തും കറിവേപ്പില മാര്‍ക്കറ്റില്‍ നിന്നും വാങ്ങാന്‍ തയ്യാറാണ് നമ്മള്‍. ഒരല്‍പ്പം സമയം മാറ്റിവെച്ചാല്‍ കറിവേപ്പില വീട്ടുമുറ്റത്ത് നമ്മുക്കു തന്നെ വളര്‍ത്താം. അനുയോജ്യമായ സ്ഥലം കണ്ടെത്തി ദിവസത്തില്‍ പത്തുമണിക്കൂറെങ്കിലും സൂര്യപ്രകാശം ലഭിക്കുന്നതും വെള്ളക്കെട്ടില്ലാത്തതുമായ സ്ഥലമായിരിക്കണം കറിവേപ്പില നടുവാന്‍. പച്ചിലകള്‍, ചാണകപ്പൊടി, കൂടാതെ മണ്ണില്‍ ചേരുന്ന ജൈവവസ്തുക്കള്‍ എന്തും കൃഷിയിടത്തില്‍ നിക്ഷേപിക്കാം. വിത്ത് പാകി മൂന്ന് ദിവസത്തിനുള്ളില്‍ വിത്തുകള്‍ മുളയ്ക്കും

കറിവേപ്പിലത്തൈകള്‍ വേരുപിടിപ്പിച്ചും വിത്തുമുളപ്പിച്ചും വളര്‍ത്തിയെടുക്കാം, വിത്തുകള്‍ മുളപ്പിച്ചെടുക്കുന്നതാണ് അഭികാമ്യം. ചകരിച്ചോര്‍ (ട്രീറ്റഡ്) ചാണകപ്പൊടി, മണല്‍, വേപ്പിന്‍ പിണ്ണാക്ക് എന്നിവ ചേര്‍ത്തു തയ്യാറാക്കിയ വളക്കൂട്ടുകളില്‍ ഫോസ്പോ ബാക്ടീരിയ, അസറ്റോബാക്ടര്‍ എന്നിവ രണ്ടുശതമാനം ചേര്‍ത്തു നന്നായി യോജിപ്പിക്കുക. 100 ഗ്രാം മീഡിയ നിറയ്ക്കാവുന്ന പ്ലാസ്റ്റിക് കൂടുകളില്‍ മിശ്രിതം നിറച്ച്‌ ഒരു കൂടില്‍ മൂന്നു വിത്തുകള്‍ പാകുന്നു.

രണ്ടാഴ്ചയ്ക്കുള്ളില്‍ ആരോഗ്യമുള്ളവ മുളച്ചുതുടങ്ങും. മണ്ണിന്റെ ഈര്‍പ്പം നിലനിര്‍ത്തുന്നതിനു മാത്രം ജലസേചനം നടത്തുക. വിത്തുകള്‍ മുളച്ചു രണ്ടാഴ്ചകഴിഞ്ഞ് സ്യൂഡോമോണസ് അഞ്ചു ഗ്രാം ഒരു ലിറ്റര്‍ ജലത്തിലും ബവേറിയ അഞ്ചു ഗ്രാം ഒരു ലിറ്റര്‍ ജലത്തിലും സ്പ്രേ ചെയ്തു കൊടുക്കുന്നു. രണ്ടു കൂട്ടുകളും ഒന്നിച്ച്‌ സ്പ്രേ ചെയ്ത് രണ്ടു ദിവസത്തെ സമയപരിധി പാലിക്കണം.

ഓരോ മൂന്നുമാസത്തെയും വിളവെടുപ്പിനുശേഷം ചെടിയുടെ തടത്തില്‍ ചേര്‍ത്തു കൊടുക്കുന്ന ജൈവവള പ്രയോഗമാണ് കറിവേപ്പിലക്കൃഷിയെ കരുത്തുറ്റതാക്കുന്നത്. ചാണകം, ആട്ടിന്‍ കാഷ്ടം, കോഴിക്കാഷ്ടം, പശിമരാശി മണ്ണ് എന്നിവ ചേര്‍ത്തു കൊടുത്ത് വെള്ളം നനച്ചുനന്നായി കലര്‍ത്തികൂട്ടിയിടുന്നു. ആറുമാസം പഴകിയ ഈ വളക്കൂട്ട് ഓരോ വിളവെടുപ്പിനു ശേഷവും തടത്തില്‍ ചേര്‍ത്തുകൊടുക്കാവുന്നതാണ്.

ചെടിനട്ട് അടുത്ത ഒരു വര്‍ഷത്തിനുള്ളില്‍ ആദ്യ വിളവെടുപ്പു നടത്താം. ചുവട്ടില്‍ നിന്നു രണ്ടടി ഉയരത്തില്‍വച്ചു തണ്ടുകള്‍ മുറിച്ചെടുക്കുന്നു. മുറിച്ചെടുത്ത ഭാഗത്തുനിന്നും മൂന്നോ നാലോ ശിഖരങ്ങള്‍ ഉണ്ടാവുകയും ഇവ അടുത്ത വിളവെടുപ്പിന് ആദ്യം മുറിച്ച ഭാഗത്തുനിന്ന് ഒരടി മുകളില്‍ വച്ച്‌ മുറിച്ചെടുക്കുകയും ചെയ്യുന്നു. വര്‍ഷത്തില്‍ മൂന്നു പ്രാവശ്യം ഒരു കറിവേപ്പ് ചെടിയില്‍ നിന്നു നല്ല രീതിയില്‍ വിളവെടുക്കാം. രണ്ടാംവര്‍ഷം മുതല്‍ വിളവ് കൂടുതലാവുന്നു. ഒരു ചെടിക്ക് 20 വര്‍ഷംവരെ ശരാശരി ആയുസുണ്ട്.

മഴക്കാലമാകുമ്പോള്‍ ഇലകളില്‍ കറുത്ത പുള്ളികള്‍ കാണുക സ്വാഭാവികമാണ്. സ്യൂഡോമോണസ് 10 ഗ്രാം ഒരു ലിറ്റര്‍ ജലത്തില്‍ സ്പ്രേ ചെയ്യുന്നതു നല്ലതാണ്. എരുക്ക്, നാറ്റപ്പൂച്ചെടി എന്നീ ചെടികളുടെ ഇലകളും തണ്ടുകളും വേരും എടുത്ത് ചതച്ച്‌ ഗോമൂത്രത്തില്‍ ചേര്‍ത്ത് ആറു ദിവസം വച്ചിട്ട്, ജലത്തില്‍ ചേര്‍ത്ത് സ്പ്രേ ചെയ്യുന്നതും ചെടികളുടെ രോഗപ്രതിരോധശേഷി കൂട്ടും.

shortlink

Related Articles

Post Your Comments

Related Articles


Back to top button