Latest NewsInternational

ലോകത്തെ ഏറ്റവും ദരിദ്രനായ രാഷ്ട്രപതി: തെരുവ് പട്ടിക്കൊപ്പം താമസം, ഇങ്ങനെയുമൊരു ജീവിതം

പുതിയ രാഷ്ട്രപതി എത്തിയതോടെ രാംനാഥിനെക്കുറിച്ച് വാനോളം ചര്‍ച്ചചെയ്യപ്പെടുമ്പോള്‍ നവമാധ്യമങ്ങളില്‍ വൈറലാകുന്നത് ദരിദ്രനായ രാഷ്ട്രപതിയുടെ കഥയാണ്. പ്രസിഡണ്ടായി സത്യപ്രതിജ്ഞ ചെയ്ത ശേഷം നേരെ ഭാര്യയെയും മാനുവല്‍ എന്ന വളര്‍ത്തു പട്ടിയെയും കൂട്ടി രണ്ടുമുറി ഫാം ഹൗസിലേക്ക് പോയ ഒരു രാഷ്ട്രപതിയുണ്ട്. ആ രാഷ്ട്രപതിയുടെ ജീവിതം വിചിത്രം തന്നെ.

ലോകത്തെ ഏറ്റവും ദരിദ്രനായ രാഷ്ട്രപതിയെന്നാണ് വിശേഷണം. ഉറുഗ്വേന്‍ പ്രസിഡണ്ട് ജോസ് മുജിക്ക. സാധാരണക്കാരിലും സാധാരണക്കാരനായി ജീവിക്കുന്ന മുജിക്ക രാഷ്ട്രപതിയാവുന്നതിന് മുമ്പും പിമ്പുമെല്ലാം അങ്ങനെ തന്നെയായിരുന്നു. പൊളിഞ്ഞ് വീഴാറായ ഫാം ഹൗസ്, കാലൊടിഞ്ഞ വളര്‍ത്തു പട്ടി, അലക്കാനും കുളിക്കാനുമെല്ലാമായി വീടിനോട് ചേര്‍ന്ന് കിടക്കുന്ന ഒരേയൊരു കിണര്‍.

ഇന്ത്യന്‍ പ്രസിഡണ്ടായാലും അമേരിക്കന്‍ പ്രസിഡണ്ടായാലും താമസിക്കുന്നത് ആഢംബരം നിറഞ്ഞ വീട്ടിലായിരിക്കും. എല്ലാവിധ സുരക്ഷാ സംവിധാനങ്ങളോടുകൂടിയായിരിക്കും ജീവിതം. എന്നാല്‍ ഇതില്‍ നിന്നൊക്കെ വ്യത്യസ്തമായി ജീവിച്ച രാഷ്ട്രപതിയാണിത്. മുജിക്കയ്ക്ക് രണ്ട് പോലീസുകാരുടെ കാവലുണ്ടായിരുന്നു. അവര്‍ക്കുള്ള ഭക്ഷണവും അദ്ദേഹം വീട്ടില്‍ത്തന്നെ നല്‍കി.

jose-mujica2010 മുതല്‍ 2015 വരെയായിരുന്നു മുജിക്ക ഉറുഗാവേയുടെ പ്രസിഡണ്ടായത്. അഞ്ച് വര്‍ഷഭരണം കൊണ്ട് തന്നെ രാജ്യത്തെ സമ്പന്ന രാഷ്ട്രങ്ങളുടെ പട്ടികയില്‍ കൊണ്ടുവന്ന രാഷ്ട്രപതി. ഉറുഗ്വേ എന്ന രാജ്യത്തെ വികസനപാതയിലെത്തിച്ചതും രാജ്യം ഔന്നതി പ്രാപിച്ചതും ഇദ്ദേഹത്തിന്റെ ഭരണം കൊണ്ടാണ്. സമ്പന്ന രാജ്യത്തെ ദരിദ്രനായ രാഷ്ട്രപതി എന്നാണ് അക്കാലത്ത് മുജിക്കയെ ലോകം വിളിച്ചത്.

രാഷ്ട്രപതിയായപ്പോള്‍ ശമ്പളം കേട്ട് ആദ്യം ഞെട്ടിയത് മുജിക്ക തന്നെയായിരുന്നു.മാസം 13300 ഡോളര്‍. തനിക്കു ജീവിക്കാന്‍ ഇത്രയും തുക ആവശ്യമില്ലെന്നു പ്രഖ്യാപിച്ച അദ്ദേഹം അതില്‍ 12000 ഡോളര്‍ നിര്‍ധനര്‍ക്ക് നേരിട്ട് വിതരണം ചെയ്തു. ബാക്കി 1300 ഡോളറില്‍ 775 ഡോളര്‍ വര്‍ഷങ്ങളായി അദ്ദേഹത്തിന്റെ മേല്‍നോട്ടത്തില്‍ നടന്നിരുന്ന അനാഥാലയത്തിന് നല്‍കി. ബാക്കി തുകകൊണ്ടാണ് അദ്ദേഹം ജീവിച്ചത്.

രാഷ്ട്രപതിയായ ജോസ് മുജിക്ക തന്റെ പഴയ ഫോക്സ് വാഗണ്‍ ബീട്ടല്‍ കാര്‍ സ്വയം ഡ്രൈവ് ചെയ്താണ് ഓഫീസില്‍ പോയിരുന്നത്. ഓഫീസില്‍ പോകുമ്പോള്‍ കോട്ടും, ടൈയും ഉള്‍പ്പെടെ ഫുള്‍ സ്യൂട്ടായിരുന്നു വേഷമെങ്കില്‍ വീട്ടിലെത്തിയാല്‍ ഒരു സാധാരണ ഉറുഗ്വേക്കാരന്‍ കര്‍ഷകനെപ്പോലെയായിരുന്നു വേഷം. വീട്ടുജോലിക്കൊന്നും ആരെയും നിര്‍ത്തില്ല. ആവശ്യമായി വരുമ്പോള്‍ മാത്രം ആളെ നിര്‍ത്തും. ജനങ്ങള്‍ ദാരിദ്ര്യത്തില്‍ കഴിയുമ്പോള്‍ തനിക്കെങ്ങനെ ആഡംബരജീവിതം നയിക്കാന്‍ കഴിയുമെന്ന് അദ്ദേഹം പലപ്പോഴും ചോദിക്കുമായിരുന്നു.

അദ്ദേഹത്തിന്റെ ഭരണം ജനങ്ങള്‍ക്ക് ആവശ്യമുണ്ടായിട്ടും 2015 ല്‍ അദ്ദേഹം സ്വയം ഒഴിയുകയായിരുന്നു. വിടവാങ്ങല്‍ പ്രസംഗത്തില്‍ അദ്ദേഹം ജനങ്ങളെ ഇങ്ങനെ അഭിസംബോധന ചെയ്തു: ‘രാജ്യം ഉയര്‍ച്ചയുടെ വഴിയിലാണ്. യുവതലമുറ യുടെ കയ്യില്‍ എന്റെ രാജ്യം സുരക്ഷിതമാണെന്ന് എനിക്ക് പൂര്‍ണ്ണ ബോദ്ധ്യമുണ്ട്.അവര്‍ ആ ഉത്തരവാദിത്വം നന്നായി നിറവേറ്റട്ടെ. എന്റെ മൂന്നുകാലുള്ള മാനുവലിനും വയസ്സനായ ബീട്ടലിനും എന്നെ ആവശ്യമുണ്ട്. അവര്‍ക്കൊപ്പം എനിക്കിനി ബാക്കി കാലം ചിലവഴിക്കണം. ഇതായിരുന്നു അദ്ദേഹത്തിന്റെ വാക്കുകള്‍.

 

shortlink

Post Your Comments


Back to top button