കൊച്ചി: കള്ളന്മാരും കള്ളനോട്ടുകാരും ജാഗ്രതൈ. പോലീസ് നിങ്ങളെ വലവിരിക്കുന്നതിങ്ങനെയാണ്. കഴിഞ്ഞ ശനിയാഴ്ച ഉണ്ടായ അറസ്റ്റിലാണ് പോലീസിന്റെ നിഴല്‍ സംഘമെത്തിയ രീതി വ്യത്യസ്തമായത്. ശനിയാഴ്ചരാത്രി ലേക് ഷോര്‍ ആസ്പത്രിക്ക് സമീപത്തുനിന്നു രണ്ടുകോടി മുപ്പതുലക്ഷം രൂപയുടെ അസാധുനോട്ടുകള്‍ മാറാനെത്തിയവരെയാണ് എറണാകുളം ഷാഡോ പോലീസ് സംഘം പിടികൂടിയത്.
രണ്ടുകാറുകളിലായിരുന്നു സംഘം നോട്ട് മാറാനെത്തിയത്. നോട്ടുകള്‍ മാറ്റിനല്‍കുന്ന ബ്രോക്കര്‍മാരായിട്ടാണ് പോലീസ് സംഘം അവിടെ എത്തിയത്. അവരെക്കാത്ത് താടിയും മുടിയും വെട്ടി കൃതാവില്‍ വരകളിട്ടും ന്യു ജെന്‍ വേഷവിധാനത്തിലും പോലീസ് നിഴല്‍ സംഘം സ്ഥലത്തെത്തി. പണം കാണണമെന്ന് പോലീസ് സംഘം ആവശ്യപ്പെട്ടു. അപ്പോഴാണ് ആദ്യം പതിനായിരവും, പിന്നീട് 99.90 ലക്ഷവും പ്രത്യക്ഷപെട്ടു. ബാക്കി തുക മുവാറ്റുപുഴയിലെ വീട്ടില്‍പോയി എടുക്കാമെന്ന് ധാരണയായി.
‘ബ്രോക്കര്‍’ സംഘത്തോട് കുശലം പറഞ്ഞും പോലീസ് പിടിക്കില്ലെന്ന് ആശ്വസിപ്പിച്ചും തൊണ്ടിമുതല്‍ എടുപ്പിക്കുന്നതാണെന്നറിയാതെ മുവാറ്റുപുഴയ്ക്ക് തിരിച്ചു. മുവാറ്റുപുഴയില്‍നിന്ന് ബാക്കി ഒരു കോടി 30 ലക്ഷം രൂപയും വാങ്ങി തിരികെ പനങ്ങാടേക്ക് യാത്രയായി. വാഹനത്തിന് ഇരുവശങ്ങളിലും പോലീസ് വാഹനം പ്രത്യക്ഷപ്പെടുമ്പോഴാണ് പിടിക്കപ്പെട്ടെന്ന് നോട്ടുസംഘത്തിന് മനസ്സിലാകുന്നത്. ”വിവരം കിട്ടിയാല്‍ പദ്ധതിയിട്ട് ഉടന്‍ നടപടി, കാത്തിരുന്നാല്‍ കിട്ടില്ല, ഇതിനുമുന്‍പ് ഇടുക്കിവരെ കുറ്റവാളികളോടൊപ്പം ബസ്സില്‍ യാത്രചെയ്ത് കഞ്ചാവ് പിടിച്ച ചരിത്രവും നിഴല്‍ സംഘത്തിന് പറയാനുണ്ടെന്ന്” എറണാകുളം ഷാഡോ പോലീസ് എസ്.ഐ. ഹണി കെ. ദാസ് പറഞ്ഞു.
നിഴല്‍സംഘം ഒരു കള്ളന്‍ ഏതളവുവരെ ചിന്തിക്കുമെന്ന കൃത്യമായ ധാരണയോടെയാണ് കരുക്കള്‍ നീക്കുന്നത്. ഇവർ ചിലപ്പോള്‍ കള്ളന്മാരില്‍ ഒരാളായി കള്ളന്മാര്‍ക്ക് തൊട്ടുപിന്നിലുണ്ടാകും. കോഡുകളിലൂടെയും സംസാര രീതികളിലൂടെയും കഞ്ചാവ്, മയക്കുമരുന്ന്, കള്ളപ്പണം ഇടപാടുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തിലാണ് നിഴല്‍സംഘം രംഗത്തുവന്നത്.
Post Your Comments