കർക്കിടക വാവുബലി മലയാളികൾക്ക് പുണ്യദിനമാണ്. അന്നേദിവസം ബലിയിടുക എന്നത് പണ്ടേക്കു പണ്ടേ മലയാളികൾ ചെയ്തു പോരുന്നതുമാണ്. പക്ഷേ അക്കാലങ്ങളില്‍ മധ്യസ്ഥനായി പൂജാരിയോ, ക്ഷേത്ര സന്നിധാനങ്ങളോ ഉണ്ടായിരുന്നില്ല. അതിന്‍റെ ആവശ്യവും ഉണ്ടായിരുന്നില്ല. വീടായിരുന്നു ക്ഷേത്രം. ഗൃഹസ്ഥനായിരുന്നു പൂജകനും പൂജാരിയും.
വീട്ടുമുറ്റത്തെ ഒരു കോണിൽ വൃത്തത്തിൽ ചാണകം മെഴുകി ഒരു സ്ഥലം ശുദ്ധമാക്കും. കര്‍ക്കിടക വാവിന്‍റെ തലേ ദിവസം ഗൃഹനാഥന്‍ മത്സ്യ-മാംസ-മൈഥുനാദികൾ ഉപേക്ഷിക്കും. വാവുദിനം ഗൃഹനാഥൻ അതിരാവിലെ എഴുന്നേറ്റ് തൊട്ടടുത്തുള്ള തോട്ടിലോ പുഴയിലോ പോയി കുളിക്കും. തിരിച്ചു വരുമ്പോൾ പുഴക്കരയിൽ വളർന്നു നിൽക്കുന്ന കറുകപ്പുല്ല് ഒരു പിടി പറിയ്ക്കും.
വീട്ടിലെത്തിയ ഗൃഹനാഥൻ, തലേന്നു എടുത്തുവെച്ച ഉണക്കലരി മുറ്റത്തു വെച്ച് സ്വയം അടുപ്പു കൂട്ടി പാത്രത്തിലിട്ട് വെള്ളം വറ്റിച്ച് വേവിക്കും. വേവിച്ച അന്നം തൊടിയിൽ നിന്നും വെട്ടിയെടുത്ത വാഴയിലയിൽ എടുത്തു വെക്കും. കൂടെ തലേന്നു കരുതിവെച്ച എള്ളും മുറ്റത്തെ തുളസിച്ചെടിയിൽ നിന്ന് ഇലയും പൂവും നുള്ളിയെടുത്തതും എടുക്കും. ഇവയൊക്കെക്കൊണ്ട് ചാണകം മെഴുകി ശുദ്ധമാക്കിയ സ്ഥലത്തെത്തും. ഈറന്‍ മുണ്ട് താറുടുക്കും. ഒന്നോ രണ്ടോ കറുക കൂട്ടി വലതു കൈയിലെ മോതിരവിരലിൽ പവിത്രമായി അണിയും.
തുടർന്ന് ചാണകം മെഴുകിയ തറയിൽ കറുകപ്പുല്ലു വിരിയ്ക്കും. കിണ്ടിയിൽ നിന്നും മൂന്നു തവണ വെള്ളം തളിയ്ക്കും. ഇലയിൽ ചോറു മൂന്നു ഉരുളയാക്കി ഉരുട്ടി വെക്കും. മരണമടഞ്ഞ സകല പൂർവികരേയും മനസ്സിൽ ധ്യാനിച്ച് ഒരു ഉരുള കറുകയിൽ വെക്കും. അതിനു മുകളിൽ ഒരു പിടി എള്ളും രണ്ടോ മൂന്നോ തുളസിയിലയും വെക്കും. കിണ്ടിയിൽ നിന്നും മൂന്നു തവണ തീർത്ഥം തളിക്കും. അടുത്ത ഉരുള ആദ്യത്തേതിന്റെ അടുത്തും മൂന്നാമത്തെ ഉരുള നേരത്തെ വെച്ചതിന്റെ മുകളിലും വെക്കും. അപ്പോഴൊക്കെ എള്ളും പൂവും വെക്കുകയും തീർത്ഥം തളിക്കുകയും ചെയ്യും. ഒടുവില്‍, വാഴയില നെടുകെ രണ്ടായി കീറി ബലിയിട്ടതിനു ഇരു ഭാഗത്തുമായി കമിഴ്ത്തി ഇടും. തുടർന്ന് കിണ്ടിയിൽ നിന്ന് വെള്ളം തളിച്ച് പവിത്രം ഊരി ബലിയിൽ ഇട്ട് നമസ്കരിച്ച് എഴുന്നേൽക്കും.
ബലിയിട്ടു കഴിഞ്ഞാല്‍, കിണ്ടിയിലെ വെള്ളമെടുത്ത് ബലിയ്ക്ക് നേരെ അല്പ്പം ദൂരെ മാറി നിന്ന്‍ വെള്ളം കൂട്ടി കൈമുട്ടും അൽപ നേരം കൈമുട്ടിക്കഴിഞ്ഞാൽ ഒന്നോ രണ്ടോ കാക്കകൾ വന്നെത്തി ബലിയെടുക്കും. ഇനി കാക്ക ബലിയെടുക്കാൻ വന്നില്ലെങ്കിൽ ആ അന്നമെടുത്ത് തോട്ടിലോ പുഴയിലോ ഒഴുക്കും.
സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും ബലിയിടാം. ആര്‍ക്കും അയിത്തമൊന്നുമില്ല. ബലിയിടുമ്പോള്‍ പുരുഷനാണെങ്കില്‍ തെക്കോട്ട് തിരിഞ്ഞും സ്ത്രീയാണെങ്കില്‍ കിഴക്കോട്ട് തിരിഞ്ഞും ഇരിക്കണമെന്ന് പൂര്‍വികര്‍ പറയുന്നു. മരിച്ചു പോയ എല്ലാ മുതു മുതു മുത്തച്ഛന്‍മാരേയും മുതു മുതു മുത്താച്ചിമാരേയും സങ്കല്‍പ്പിച്ചു കൊണ്ട് വേണം ബലിയിടാന്‍. ഈ സങ്കല്‍പ്പത്തിനൊന്നും പരിധിയില്ല. ഇനി വീട്ടില്‍ സൗകര്യമില്ലെങ്കില്‍ തൊട്ടടുത്തുള്ള പുഴക്കരയിലൊ കടല്‍ക്കരയിലോ പോയി ചെയ്യാം. പോകുമ്പോള്‍ അരി വേവിച്ചു കൊണ്ടുപോകണം എന്ന് മാത്രം.
എന്നാൽ ഇന്നത്തെ അവസ്ഥ തികച്ചും വ്യത്യസ്തമാണ്. ആരും വീടുകളിൽ ബലിയിടുന്നില്ല. അതൊക്കെ അമ്പലങ്ങളിലോ അല്ലെങ്കിൽ പുരോഹിതന്മാർ നേതൃത്വം നല്കുന്ന പുഴ/കടൽക്കരകളിലോ വേണമെന്നാണ് ആളുകളുടെ മിഥ്യാധാരണ. ബലിയിടുമ്പോൾ ഇടയ്ക്കിടയ്ക്ക് സംസ്കൃത ശ്ലോകം വേണമെന്നു കരുതുന്നവരും കുറവല്ല. സംസ്കൃതം പറഞ്ഞാലൊന്നും ആത്മാക്കള്‍ പ്രീതിപ്പെടില്ല. അത് ചെയ്യുന്ന ആളുടെ മാനസിക സമര്‍പ്പണം പോലെ ഇരിക്കും. തന്നെയുമല്ല, പണ്ടുകാലത്ത് കേവലം പ്രാഥമിക വിദ്യാഭ്യാസം മാത്രം നേടിയ പൂര്‍വികര്‍ക്ക് സംസ്കൃതം പറഞ്ഞാല്‍ മനസ്സിലാവുകയും ഇല്ല. അതിനാല്‍ ബലിയിടുമ്പോള്‍ ”എന്‍റെ അപ്പനപ്പൂപ്പന്മാരേ, മുതുമുതുമുത്താച്ചിമാരേ ഇതു സ്വീകരിച്ചാലും” എന്ന് മനസ്സില്‍ പ്രാര്‍ഥിക്കുക. അത്രയും മതി.
Post Your Comments