ചെന്നൈ: ഭക്ഷണം ഉപേക്ഷിച്ച് മരണം വരിക്കാന്‍ അപേക്ഷ നല്‍കി ഒരു കൊലക്കേസ് പ്രതി. രാജീവ് ഗാന്ധി വധകേസിൽ ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുന്ന മുരുകന്‍ എന്ന ശ്രീഹരനാണ് ഇത്തരത്തിൽ ഒരു ആവശ്യവുമായി മുന്നോട്ട് വന്നിരിക്കുന്നത്. ഇൗ മാസം 19ന് വെല്ലൂര്‍ സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ട് ജി. ഷണ്‍മുഖ സുന്ദരത്തിനാണ് അപേക്ഷ നല്‍കിയത്.
മുരുകന്‍ ഭക്തിമാര്‍ഗം സ്വീകരിക്കുകയും കാവി വസ്ത്രം ധരിച്ച് മുടിയും താടിയും നീട്ടിവളര്‍ത്തിയാണ് ജയിലില്‍ കഴിയുന്നത്. ഭക്ഷണം ഉപേക്ഷിച്ച് മരണം വരിക്കാനുള്ള മതാചാരമായ ‘ജീവ സമാധി’ അനുഷ്ഠിക്കാനാണ് അപേക്ഷ നൽകിയിരിക്കുന്നത്. മാത്രമല്ല അധികൃതർ എന്ത് തീരുമാനം എടുത്താലും ആഗസ്റ്റ് 18 മുതല്‍ ഭക്ഷണം ഉപേക്ഷിക്കുമെന്ന് മുരുകന്‍ കത്തില്‍ വ്യക്തമാക്കി. ഇതേ ജയിലില്‍ മുരുകന്റെ ഭാര്യ നളിനിയും രാജീവ് ഗാന്ധി കേസില്‍ ജീവപര്യന്തം തടവ് അനുഭവിക്കുകയാണ്. 26 വര്‍ഷമായി ഇവർ തടവിലാണ്. ഇവരുടെ മോചനത്തിന് തമിഴ്നാട് സര്‍ക്കാറും രാഷ്ട്രീയ പാര്‍ട്ടികളും പരസ്യമായി രംഗത്തുണ്ട്.
രാജസ്ഥാന് കോടതി ഭക്ഷണവും വെള്ളവും ഘട്ടംഘട്ടമായി ഉപേക്ഷിച്ച് മരണം വരിക്കുന്ന ജൈനമതാചാരമായ സന്താര വിലക്കിയെങ്കിലും സുപ്രീംകോടതി അനുവദിച്ചിരുന്നു. മുഖ്യമന്ത്രി എടപ്പാടി കെ. പളനിസാമിക്ക് തന്നെ ദയാവധത്തിന് വിധേയമാക്കണമെന്ന് അഭ്യര്‍ഥിച്ച് മറ്റൊരു പ്രതി റോബര്‍ട്ട് പയസ് കഴിഞ്ഞമാസം കത്ത് അയച്ചിരുന്നു.
വധശിക്ഷയാണ് രാജീവ് ഗാന്ധി വധക്കേസില്‍ മുരുകന്‍, ഭാര്യ നളിനി, ശാന്തന്‍, പേരറിവാളന്‍ എന്നിവര്‍ക്ക് ലഭിച്ചത്. ശിക്ഷ നടപ്പാക്കുന്നതിന് കാലതാമസം നേരിട്ടതോടെ നാലുപേരുടെയും വധശിക്ഷ ജീവപര്യന്തമാക്കി കുറച്ചു. ജീവപര്യന്തം തടവാണ് റോബര്‍ട്ട്, ജയകുമാര്‍, രവിചന്ദ്രന്‍ എന്നിവര്‍ക്ക് വിധിച്ചത്.
Post Your Comments