കൊച്ചി : യുവനടിയെ ആക്രമിച്ച കേസില്‍ വളരെ സുപ്രധാന തെളിവായ ദൃശ്യങ്ങള്‍ അടങ്ങിയ മൊബൈല്‍ ഫോണിനെ സംബന്ധിച്ച് പൊലീസിന് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചു. അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈല്‍ ഫോണ്‍ നശിപ്പിച്ചതായി പള്‍സര്‍ സുനിയുടെ മുന്‍ അഭിഭാഷകന്‍ പ്രതീഷ് ചാക്കോ മൊഴി നല്‍കിയതായാണ് സൂചന. വ്യാഴാഴ്ചയാണ് പ്രതീഷ് ചാക്കോയെ അന്വേഷണസംഘം ചോദ്യം ചെയ്തത്. കേസിലെ സുപ്രധാന തെളിവാണ് ഇതുവരെ കണ്ടെത്താനാകാത്ത ഈ മൊബൈല്‍ ഫോണ്‍. പള്‍സര്‍ സുനി തന്റെ കയ്യില്‍ ഫോണ്‍ തന്നിരുന്നതായി പ്രതീഷ് ചോദ്യം ചെയ്യലില്‍ സമ്മതിച്ചിരുന്നു. തന്റെ ജൂനിയറായ രാജു ജോസഫിനെ ഇത് ഏല്‍പ്പിച്ചുവെന്നും അത് രാജു നശിപ്പിച്ചുകളഞ്ഞുവെന്നുമാണ് പ്രതീഷ് മൊഴി നല്‍കിയിരിക്കുന്നത്. രാജു ജോസഫിനെയും കഴിഞ്ഞദിവസം പൊലീസ് ചോദ്യം ചെയ്തിരുന്നു.
കുറ്റകൃത്യത്തില്‍ നേരിട്ടു പങ്കെടുത്തില്ലെങ്കിലും ക്വട്ടേഷന്‍ കേസിന്റെ വിവരങ്ങള്‍ വ്യക്തമായി അറിയാവുന്നയാളാണു പ്രതീഷ്. കുറ്റകൃത്യത്തിനു ശേഷം സുനില്‍ തൊണ്ടി മുതലായ മൊബൈല്‍ ഫോണ്‍ ഏല്‍പ്പിച്ചത് പ്രതീഷിനെയാണ്. ക്വട്ടേഷന്റെ സൂത്രധാരനെന്ന് അന്വേഷണ സംഘം കോടതി മുന്‍പാകെ ആവര്‍ത്തിച്ചു വ്യക്തമാക്കുന്ന നടന്‍ ദീലിപിനു കൈമാറാനാണു ഫോണ്‍ പ്രതീഷിനെ ഏല്‍പ്പിച്ചതെന്നു സുനിലും മൊഴി നല്‍കിയിട്ടുണ്ട്. മൂന്നാമതൊരാള്‍ വഴിയാണ് ഈ ഫോണ്‍ ദിലീപിന്റെ കൈവശമെത്തിയത്. എന്നാല്‍ ദിലീപിന്റെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ ഫോണ്‍ കണ്ടെത്താന്‍ പൊലീസിനു കഴിഞ്ഞിട്ടില്ല. നടിയുടെ ദൃശ്യങ്ങള്‍ പകര്‍ത്തിയ ഈ ഫോണാണു കേസിലെ സുപ്രധാന തൊണ്ടി.
പ്രതീഷ് ചാക്കോയുടെ അറസ്റ്റ് പ്രത്യേക അന്വേഷണ സംഘം രേഖപ്പെടുത്തിയിട്ടുണ്ട്. നടിയുടെ അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ഉപയോഗിച്ച മൊബൈല്‍ ഫോണ്‍ ഒളിപ്പിച്ച കുറ്റമാണു പ്രതീഷില്‍ ചുമത്തിയിട്ടുള്ളത്. ഇയാളെ വ്യാഴാഴ്ച രാത്രി വൈകി സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു. കേസില്‍ മുന്‍കൂര്‍ ജാമ്യത്തിനായി പ്രതീഷ് ഹൈക്കോടതിയെ സമീപിച്ചിരുന്നു.
Post Your Comments