KeralaLatest NewsNewsTechnology

സൈബർ ക്വട്ടേഷൻ: കാശ് കൊടുത്ത് ലൈക്ക് വാങ്ങാം

കുറച്ച് ദിവസം കൊണ്ട് പ്രശസ്തിയാർജിച്ച ഒരു പദമാണ് സൈബർ ക്വട്ടേഷൻ. കമ്പനികൾക്കും വ്യക്തികൾക്കും സമൂഹ മാധ്യമങ്ങളിൽ സൽപേരുണ്ടാക്കാനും എതിരാളികളെ മോശക്കാരാക്കാനും പണിയെടുക്കുന്ന കമ്പനികളാണിത്. ഓൺലൈൻ റെപ്യൂട്ടേഷൻ മാനേജ്മെന്റ് (ഒആർഎം) എന്നാണ് ഇതിനെ പറയുന്നത്.

വൻകിട കമ്പനികൾ , രാഷ്ട്രീയക്കാർ, സിനിമാ താരങ്ങൾ ഒക്കെ ‘സൈബർ ക്വട്ടേഷന്റെ’ ഉപയോക്താക്കളാണ്. 10 ലക്ഷം മുതൽ രണ്ടു കോടി രൂപ വരെയാണ് ഒരു കമ്പനി ഇതിനായി ചെലവഴിക്കുന്നത്. 2014 ലെ കണക്കു പ്രകാരം 200 കോടി രൂപ മൂല്യമുള്ള വിപണി.

നിശ്ചിത പണമടച്ചാൽ കൂടുതൽ ലൈക്കുകളും ഫോളോവേഴ്സും. 1500 രൂപയാണ് 100 ലൈക്കിന് നിരക്ക്. വിവിധ പാക്കേജുകളും ലഭ്യമാണ്. പ്രത്യേക കംപ്യൂട്ടർ സ്ക്രിപ്റ്റുകൾ ഉപയോഗിച്ചാണ് ഇവർ കൂടുതൽ ലൈക്കുകൾ സമ്പാദിക്കുന്നത്. ഇവർ നിശ്ചിത പേജുകൾ ലൈക്ക് ചെയ്യാനും ഓൺലൈൻ പരസ്യങ്ങളിൽ കൂടുതൽ ക്ലിക്ക് വരുത്താനുമായി പ്രതിഫലം കൈപറ്റാറുണ്ട്.

സ്വന്തം ബ്രാൻഡിനെ പുകഴ്ത്താനും എതിർ ബ്രാൻഡിനെ തകർക്കാനും വ്യാജ ഐഡികൾ ഉപയോഗിച്ചു നടത്തുന്ന കമന്റ് ആക്രമണവും ഇവർ നടത്താറുണ്ട്. റെപ്യൂട്ടേഷൻ ബോമിങ് എന്നാണ് ഇവർ ഇതിനെ പറയുന്നത്.

ഫെയ്സ്ബുക് പേജുകളിലെ കള്ളക്കളികൾക്കു പിന്നിലും ഇവരാണ്. നൂറുകണക്കിനു പേജുകൾ ഒരു ഏജൻസി തന്നെ നിർമിക്കുന്നു. സ്വാഭാവികമെന്ന രീതിയിൽ പല കണ്ടന്റുകളും ഈ പേജുകളിലൂടെ വിൽക്കുന്നു. ഫോളോവേഴ്സ് കൂടിയ പേജുകൾക്കു റേറ്റും കൂടും. സാംസ്കാരിക രംഗത്തെ പ്രമുഖരുടേതെന്ന പേരിൽ പ്രചരിക്കുന്ന പല പേജുകളും ഇത്തരം കണ്ടന്റുകൾ വിറ്റഴിക്കാനുള്ള ഇടങ്ങളാണ്.

സെർച് എൻജിൻ സൈറ്റുകളിൽ നെഗറ്റീവ് കണ്ടന്റുകൾ വർധിക്കുമ്പോൾ കൂടുതൽ പേജ് റാങ്കിങ്ങുള്ള സൈറ്റുകളെ സ്വാധീനിച്ച് ഇവർ പോസിറ്റീവ് കണ്ടന്റ് നൽകുന്നു. ഇത് വഴി ഗൂഗിളിൽ തിരഞ്ഞാൽ നല്ല മുഖവും ലഭിക്കും.

സാധാരണമായി ഉപയോഗത്തിലില്ലെങ്കിലും നെഗറ്റീവ് കണ്ടന്റ് വരുന്ന സൈറ്റുകൾ നിശ്ചലമാക്കാനായി ഡിസ്ട്രിബ്യൂട്ടഡ് ഡിനയൽ ഓഫ് സർവീസ് അറ്റാക്ക് പ്രയോഗിച്ച സംഭവങ്ങളുണ്ട്. ലക്ഷക്കണക്കിന് ഐപി വിലാസങ്ങൾ ഉപയോഗിച്ച് സൈറ്റിന്റെ പ്രവർത്തനം താറുമാറാക്കുന്നതാണ് ഇത്. അനുകൂല തരംഗമുണ്ടാക്കാനായി പുറമേ നിഷ്കളങ്കമെന്നു തോന്നിക്കുന്ന ട്രോളുകൾ, വിഡിയോകൾ എന്നിവയും ഇവരുടെ പ്രചാരണത്തിന്റെ ഭാഗമാണ്.

shortlink

Post Your Comments


Back to top button