കൊച്ചി: കളമശ്ശേരി ഗവ. മെഡിക്കല്‍ കോളേജ് വിദ്യാര്‍ഥിനി ഷംന തസ്‌നീമിന്റെ മരണത്തെ കുറിച്ച് ക്രൈംബ്രാഞ്ചിന്റെ റിപ്പോര്‍ട്ട് പുറത്തുവന്നു. കുത്തിവെയ്പ്പിനെ തുടര്‍ന്നാണ് ഷംന മരിച്ചതെന്നാണ് ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട്. കുത്തിവെപ്പിനെത്തുടര്‍ന്ന് മരിച്ച സംഭവത്തില്‍ ഡോ.ജില്‍സ് ജോര്‍ജ്, ഡോ.കൃഷ്ണമോഹന്‍ എന്നിവരുള്‍പ്പെടെ 15 പേര്‍ കുറ്റക്കാരാണെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തി. ഗുരുതരമായ ചികിത്സാപ്പിഴവാണ് ഇവരുടെ ഭാഗത്തുനിന്നുണ്ടായത്.
ഗുരുതരാവസ്ഥയില്‍ പ്രവേശിപ്പിക്കപ്പെട്ട വിദ്യാര്‍ഥിക്ക് മതിയായ ചികിത്സ ലഭിച്ചില്ലെന്ന് ക്രൈംബ്രാഞ്ചും മെഡിക്കല്‍ ബോര്‍ഡിന്റെ അപ്പെക്‌സ് ബോര്‍ഡും ചൂണ്ടിക്കാട്ടി.
മകളുടെ മരണവുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് ഷംനയുടെ പിതാവ് ആദ്യം സമീപിച്ചത് കളമശ്ശേരി പോലീസ് സ്റ്റേഷനിലാണ്. തൃക്കാക്കര അസിസ്റ്റന്റ് പോലീസ് കമ്മീഷണറാണ് ഈ കേസ് ഏറ്റെടുത്തത്. പോലീസ് ആവശ്യപ്പെട്ടതുപ്രകാരം മെഡിക്കല്‍ ബോര്‍ഡ് ചേരുകയായിരുന്നു. മെഡിക്കല്‍ ഓഫീസറുടെ അഭിപ്രായമനുസരിച്ച് ഈ കേസന്വേഷണം അവസാനിപ്പിക്കാന്‍ പോകുകയാണെന്ന് അസിസ്റ്റന്റ് പോലീസ് കമ്മീഷണര്‍ ഷംനയുടെ ഉപ്പയെ വിളിച്ചറിയിച്ചു. ചികിത്സാപ്പിഴവില്ലെന്നാണ് മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചതെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. ആദ്യത്തെ മെഡിക്കല്‍ ബോര്‍ഡ് ചേര്‍ന്നത് എറണാകുളം ജില്ലാ മെഡിക്കല്‍ ഓഫീസര്‍ കുട്ടപ്പന്റെ നേതൃത്വത്തിലായിരുന്നു. ജില്ലാ ആസ്പത്രിയിലെ മൂന്നോ നാലോ ഉദ്യോഗസ്ഥര്‍ മാത്രമാണ് ബോര്‍ഡില്‍ ഉണ്ടായിരുന്നത്.
എന്നാല്‍ ആലപ്പുഴ മെഡിക്കല്‍ കോളേജിലെ ഫോറന്‍സിക് വിദഗ്ദ്ധയായ ഡോ.ലിസ ജോണ്‍ മെഡിക്കല്‍ ബോര്‍ഡിന്റെ നടപടികള്‍ക്കെതിരെ വിയോജനക്കുറിപ്പ് എഴുതിവെച്ചു. അതാണ് ഈ കേസില്‍ വഴിത്തിരിവായത്. അതിനെത്തുടര്‍ന്ന് തിരുവനന്തപുരത്ത് ചെന്ന് ഡി.ജി.പിയോട് ഫലപ്രദമായ രീതിയില്‍ അന്വേഷണം നടത്തണമെന്ന ആവശ്യം ഷംനയുടെ ഉപ്പ ഉന്നയിക്കുകയായിരുന്നു. തുടര്‍ന്ന് അന്വേഷണ സംഘത്തെ മാറ്റി ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു.
അതുകൂടാതെ ഷംനയുടെ ഉപ്പ സെക്രട്ടേറിയേറ്റില്‍ പോയി ആരോഗ്യവകുപ്പ് സെക്രട്ടറിയെ കണ്ടു. മെഡിക്കല്‍ ബോര്‍ഡിന്റെ ഇടപെടലില്‍ അപാകതകള്‍ ഉണ്ടെന്നും കേസ് അട്ടിമറിക്കാന്‍ ശ്രമം നടക്കുന്നുണ്ടെന്നും ഉപ്പ അറിയിച്ചിരുന്നു. അതനുസരിച്ച് മെഡിക്കല്‍ ബോര്‍ഡിന്റെ അപ്പെക്‌സ് ബോര്‍ഡ് ചേര്‍ന്ന് രണ്ട് ഡോക്ടര്‍മാര്‍ കുറ്റക്കാരാണെന്ന് കണ്ടുപിടിക്കുകയായിരുന്നു.
Post Your Comments