KeralaLatest NewsNews

ലക്ഷങ്ങള്‍ കൊയ്യുന്ന ആശുപത്രികളില്‍ നടക്കുന്നത് നഴ്‌സുമാരോടുള്ള ചൂഷണം : സമരം അവസാനിപ്പിച്ചാലും നഴ്‌സുമാര്‍ക്ക് സര്‍ക്കാറില്‍ നിന്നും നീതി ലഭിയ്ക്കുമോ ?

 

കാരുണ്യവും ദയയുമാണ് നഴ്‌സുമാരുടെ മുഖമുദ്ര. ഇവരുടെ സാമീപ്യവും പരിചരണവും ഒട്ടേറെ രോഗികള്‍ക്ക് ഏറെ ആശ്വാസകരവുമാണ്. രോഗം ഭേദപ്പെടുന്നതില്‍ നഴ്‌സുമാരുടെ പങ്ക് വളരെ വലുതാണ്. എന്നാല്‍ രോഗികളെയും അവരുടെ ബന്ധുക്കളേയും ഏറെ ആശങ്കയിലാഴ്ത്തിക്കൊണ്ടാണ് തിങ്കളാഴ്ച മുതല്‍ നഴ്‌സുമാര്‍ അനിശ്ചിതകാല സമരം നടത്താനിരുന്നത്. എന്നാല്‍ നഴ്‌സുമാര്‍ നടത്തുന്ന അനിശ്ചിതകാല സമരത്തെ നേരിടുന്നതിന്റെ ഭാഗമായി തിങ്കളാഴ്ച മുതല്‍ ആശുപത്രികള്‍ അടച്ചിടാനാണ് ഒരു വിഭാഗം സ്വകാര്യ മാനേജ്‌മെന്റുകള്‍ തീരുമാനിച്ചിരുന്നത്. ഇതോടെ ഈ വിഷയത്തില്‍ ഹൈക്കോടതി നേരിട്ട് ഇടപെടുകയായിരുന്നു. നഴ്‌സുമാരുടെ പ്രശ്‌നങ്ങള്‍ക്ക് എത്രയും പെട്ടെന്ന് പരിഹാരം കാണാമെന്ന സര്‍ക്കാറിന്റെ നിലപാടിനെ തുടര്‍ന്നാണ് നഴ്‌സിംഗ് സംഘടനയായ യു.എന്‍.എ സമരത്തില്‍ നിന്നും പിന്‍മാറുന്നത്

നഴ്സുമാരുടെ ആവശ്യങ്ങള്‍ ന്യായമാണെന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ല. വിദ്യാഭ്യാസ വായ്പയെടുത്തും മറ്റും കഷ്ടപ്പെട്ട് പഠിച്ചാണ് അവര്‍ ആശുപത്രികളില്‍ ജോലി നേടിയത്.

സര്‍ക്കാര്‍ ആശുപത്രികളിലെ നഴ്സുമാര്‍ക്ക് സാമാന്യം നല്ല ശമ്പളമുണ്ട്. എന്നാല്‍, സ്വകാര്യ ആശുപത്രികളില്‍ പലതിലും തികഞ്ഞ ചൂഷണമാണ് നടക്കുന്നത്. എല്ലുമുറിയെ രാപകലില്ലാതെ പണിയെടുത്താല്‍ കിട്ടുന്നത് ചുരുങ്ങിയ ശമ്പളമാണ്. മാനേജ്മെന്റുകളുടെ പീഡനങ്ങള്‍ വേറെ.

ഇവര്‍ക്ക് ഗവണ്‍മെന്റ് നിശ്ചയിച്ച മിനിമം ശമ്പളം യോഗ്യതയുടെയും ജോലിഭാരത്തിന്റെയും തോതു വച്ചുനോക്കിയാല്‍ വളരെ കുറവാണ്. ആ നിലയ്ക്ക് സമരം ചെയ്യുന്ന നഴ്സുമാരെ കുറ്റപ്പെടുത്താനാവില്ലായിരുന്നു.

പനി പോലുള്ള മഴക്കാല രോഗങ്ങള്‍ വ്യാപകമായ സമയത്ത് ഇങ്ങനെയൊരു സമരം അനുചിതമാണെന്നു പറയുന്നവര്‍ ഏറെയായിരുന്നു. ആരോഗ്യമന്ത്രി ഈ അഭിപ്രായക്കാരിയാണ്.

ആശുപത്രി നടത്തിപ്പ് ഇന്നു വന്‍ ബിസിനസാണ്. വന്‍കിട ആശുപത്രികള്‍ കനത്ത ഫീസാണ് രോഗികളില്‍ നിന്ന് ഈടാക്കുന്നത്. ആശുപത്രികളുടെ ഇന്‍ഫ്രാസ്ട്രക്ചറും അവിടെ ലഭ്യമാവുന്ന സേവനങ്ങളും മെച്ചപ്പെടുത്താന്‍ മാനേജ്‌മെന്റുകള്‍ കോടിക്കണക്കിനു രൂപ ചെലവഴിക്കുന്നു. മിടുക്കന്മാരായ ഡോക്ടര്‍മാര്‍ക്ക് ലക്ഷക്കണക്കിനു രൂപ ശമ്പളം നല്‍കുന്നു.

ഇന്‍സെന്റീവുകള്‍ അതിനു പുറമെ. എന്നാല്‍, നഴ്‌സുമാര്‍ക്ക് എണ്ണിച്ചുട്ട അപ്പം മാത്രമാണ് കൊടുക്കുന്നത്. ആതുരസേവനത്തിന്റെ രണ്ടു മേഖലകളില്‍ തുല്യമായ പങ്കുവഹിക്കുന്ന രണ്ടു കൂട്ടര്‍ തമ്മില്‍ ഇത്രയും പ്രകടമായ വ്യത്യാസം പാടുണ്ടോ? തീര്‍ച്ചയായും ആശുപത്രി ഉടമകള്‍ ധാര്‍ഷ്ട്യം കൈവെടിയുകയും നഴ്‌സുമാര്‍ക്ക് മാന്യമായ ശമ്പളവും സേവനവ്യവസ്ഥകളും ഉറപ്പുവരുത്തുകയും വേണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button