ന്യൂഡല്‍ഹി : ഡല്‍ഹി മെട്രോ സ്റ്റേഷനുകള്‍ എലികളുടെ വിഹാര കേന്ദ്രമാകുന്നുവെന്ന് റിപ്പോര്‍ട്ട്. ആഹാരം തേടിയെത്തുന്ന എലികള്‍ മെട്രോ ട്രെയിനിലെ സിഗ്നല്‍ വയറുകള്‍ തകരാറിലാക്കുന്നത് പ്രവര്‍ത്തനത്തെ കാര്യമായി ബാധിക്കുന്നുണ്ടെന്ന് മെട്രോ അധികൃതര്‍ പറഞ്ഞു. ഇതേ തുടര്‍ന്ന് മെട്രോയിലെ സ്നാക്സ് കടകള്‍ അടപ്പിച്ചു. ഏതാണ്ട് ആയിരത്തോളം ഷോപ്പുകളാണ് ഡല്‍ഹിയിലെ മെട്രോ സ്റ്റേഷനുകളിലുള്ളത്. ഇവയില്‍ പലതും ഉപയോഗശൂന്യമാണ്. ഇക്കാര്യത്തില്‍ മെട്രോ അധികൃതര്‍ കൂടിയാലോചന നടത്തിവരികയാണെന്നാണ് റിപ്പോര്‍ട്ട്.
ഇപ്പോഴത്തെ രീതിയില്‍ മുന്നോട്ടു പോകാനാകാത്ത സാഹചര്യമാണ്. എലികളെ തുരത്തിയശേഷം സ്റ്റേഷനും പരിസരവും പൂര്‍വസ്ഥിതിയിലേക്ക് മടങ്ങിവന്നാല്‍ മാത്രമേ കടകള്‍ തുറന്നു പ്രവര്‍ത്തിപ്പിക്കുന്ന കാര്യം വീണ്ടും ആലോചിക്കുകയുള്ളൂ. ഷോപ്പുടമകളും യാത്രക്കാരും വേണ്ടവിധം പരിപാലിക്കാത്തതുമൂലമാണ് എലികള്‍ ഭക്ഷണാവശിഷ്ടങ്ങള്‍ തേടിയെത്തുന്നത്. വൃത്തിഹീനമായ സാഹചര്യത്തില്‍ പ്രവര്‍ത്തിക്കുന്നതിനാല്‍ എല്ലാ കടകളും അടച്ചുപൂട്ടാന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു. അതേസമയം, ഇവയുടെ ലൈസന്‍സ് റദ്ദാക്കിയിട്ടില്ല. എന്നാല്‍, ഇവര്‍ക്ക് ലൈസന്‍സ് നീട്ടി നല്‍കില്ല.
Post Your Comments