കൊച്ചി: ഏഴുവര്‍ഷംമുമ്പ് ഹോട്ടല്‍മുറിയില്‍ മരിച്ചനിലയില്‍ കണ്ട നടന്‍ ശ്രീനാഥിന്റെ ശരീരത്തില്‍ എട്ട് ചതവും ആറ് മുറിവും ഉണ്ടായിരുന്നെന്ന് അനുജന്‍ സത്യനാഥ്. ഇത് കൊലപാതകമാണെന്നും അദ്ദേഹം വിശ്വസിക്കുന്നു. ചതവുകള്‍ക്കെല്ലാം നീലനിറമോ നീലകലര്‍ന്ന കറുപ്പോ ആണ്.
ഞരമ്പ് മുറിച്ച് ജീവനൊടുക്കിയ ഒരാളുടെ ശരീരത്തില്‍ ഇത്തരം പരിക്കുകള്‍ എങ്ങനെ വന്നുവെന്ന സംശയമാണ് ഉയരുന്നത്. പുനരന്വേഷണം ആവശ്യപ്പെട്ട് അടുത്ത ദിവസം ശ്രീനാഥിന്റെ ഭാര്യ ലത മുഖ്യമന്ത്രിക്ക് പരാതി നല്‍കും.
പത്മകുമാറിന്റെ ‘ശിക്കാര്‍’ എന്ന സിനിമയില്‍ അഭിനയിക്കാനെത്തിയ ശ്രീനാഥിനെ കോതമംഗലം മരിയ ഹോട്ടലില്‍ 2010 ഏപ്രില്‍ 23-ന് ഞരമ്പ്മുറിച്ച് മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു. ഏറെനാളത്തെ ഇടവേളയ്ക്കുശേഷം സിനിമയിലേക്ക് തിരിച്ചുവരവിന് ശ്രമിക്കുകയായിരുന്നു അദ്ദേഹം. അതേസമയം ഈ കേസിന്റെ ഫയല്‍ കോതമംഗലം പോലീസ് സ്റ്റേഷനില്‍നിന്ന് അപ്രത്യക്ഷമായതിലും ദുരൂഹത ഉയര്‍ത്തുന്നു.
ഒരുമാസം മുമ്പ് ശ്രീനാഥിന്റെ ഭാര്യ വിവരാവകാശപ്രകാരം രേഖകള്‍ തേടിയപ്പോഴാണ് ഇത് നഷ്ടപ്പെട്ട വിവരം സ്റ്റേഷനില്‍നിന്ന് അറിയിച്ചത്.
ഉറച്ച മനസ്സിന്റെ ഉടമയായിരുന്നു ജ്യേഷ്ഠനെന്ന് സത്യനാഥ് ഇഞ്ചോര പറഞ്ഞു. തുടയില്‍ താഴെയും പുറത്തും നെഞ്ചിന്റെ ഇടതുവശത്തും ചതഞ്ഞ നീലനിറമുണ്ടായിരുന്നു. കൈയില്‍ ഞരമ്ബുമുറിച്ചതിന് മുകളിലും താഴെയുമായി നാലുമുറിവുകള്‍കൂടിയുണ്ടായിരുന്നു.
ശ്രീനാഥിന്റെ രണ്ട് മൊബൈല്‍ ഫോണും ബാഗും കാണാതായിരുന്നു. സംഭവംനടന്ന് മൂന്നാംദിവസം നടന്‍ തിലകന്‍ വിളിച്ച് ഇതൊരു കൊലപാതകമാണെന്നും വിട്ടുകളയരുതെന്നും പറഞ്ഞു. കുറേനാളുകള്‍ കേസിനുപിന്നാലെ നടന്നെങ്കിലും ആത്മഹത്യയാണെന്ന നിഗമനത്തില്‍ പോലീസ് കേസ് അവസാനിപ്പിച്ചു -സത്യനാഥ് പറഞ്ഞു.
മൃതദേഹത്തിനൊപ്പമോ ശവസംസ്‌കാരത്തിനോ സിനിമയില്‍നിന്നോ ശിക്കാറിന്റെ സെറ്റില്‍നിന്നോ ആരും വന്നില്ല. അതുതന്നെ ദുരൂഹമാണ്. ‘അമ്മ’യില്‍ അംഗമല്ലെങ്കില്‍ ശവസംസ്‌കാരത്തിനുപോലും പോകരുതെന്നാണോ?
അംഗമല്ലാത്തയാളെ എന്തിനാണ് അഭിനയിക്കാന്‍ വിളിച്ചത്? അവിടെയെത്തിയപ്പോഴാണോ റോളില്ലെന്ന് പറയുന്നത്? സംസ്ഥാന ബഹുമതികളോടെയായിരുന്നു ശവസംസ്‌കാരം. എന്നിട്ടും സിനിമാമേഖലയില്‍നിന്ന് ആരും വരാതിരുന്നതിന് എന്താണ് കാരണം? -സത്യനാഥ് ചോദിക്കുന്നു. കേസ് ഡയറി കാണുന്നില്ലെന്ന് പറയുന്നത് ദുരൂഹതയേറ്റുന്നുവെന്നും അദ്ദേഹം പറഞ്ഞു.
Post Your Comments