നഴ്സിംഗ് ജോലിയുടെ മുഖമുദ്ര സേവനമായതിനാല്‍ നഴ്സുമാരെ ലോകം ‘ഫ്ലോറന്‍സ് നൈറ്റിംഗേല്‍സ്’ എന്നാണ് വിശേഷിപ്പിക്കുന്നത്. പക്ഷെ ഇന്ന് ഇന്ത്യയില്‍ പല സംസ്ഥാനങ്ങളിലും ആശുപത്രികളിലും നഴ്സിംഗ് കോളേജുകളിലും നഴ്സുമാര്‍ പീഡനങ്ങള്‍ അനുഭവിക്കുകയും അത് ആത്മഹത്യയില്‍വരെ എത്തിച്ചേരുകയും ചെയ്യുന്ന അവസ്ഥയാണ് കാണപ്പെടുന്നത്. നഴ്സുമാര്‍ സമരരംഗത്തിറങ്ങിയിട്ടും സംസ്ഥാനങ്ങള്‍ ഈ പൈശാചിക രീതികള്‍ക്കെതിരെ ക്രിയാത്മകമായ നടപടികള്‍ എടുക്കുന്നില്ല എന്നതും വാസ്തവം. ഇന്ത്യയില്‍ ഏറ്റവുമധികം നഴ്സുമാരും മലയാളികളാണെന്നിരിക്കെ കേരള സര്‍ക്കാര്‍ ഫലപ്രദമായി ഇടപെടാത്തത് പ്രതിഷേധാര്‍ഹംതന്നെയാണ്. നഴ്സുമാരോട് മലയാളിയാണോ എന്ന് ചോദിച്ചശേഷം പീഡിപ്പിക്കുന്നു എന്നതാണ് അതിലും വലിയ ആക്ഷേപം.
ഏറ്റവും പ്രാകൃതമായ രീതി നഴ്സിംഗ് സര്‍ട്ടിഫിക്കറ്റുകളും ബോണ്ടും വാങ്ങിയുള്ള നിയമനവും ജോലി രാജിവെക്കുമ്പോള്‍ ബോണ്ടിന്റെ പിഴ അടക്കേണ്ടിവരുന്നതും മാനസികപീഡനവുമാണ്. നഴ്സിംഗ് ജോലിയില്‍ പ്രവേശിക്കുന്നവരില്‍ ഭൂരിഭാഗവും സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന കുടുംബങ്ങളില്‍നിന്നുള്ളവരാണ്. ബാങ്ക് ലോണ്‍ വാങ്ങി പഠിച്ച് ജോലിക്ക് കയറുന്നവര്‍ക്ക് ലോണ്‍ തിരിച്ചടക്കാനും വീട്ടുകാരെ സഹായിക്കാനും എല്ലാ പീഡനങ്ങളും സഹിച്ച് ജോലിയില്‍ തുടരേണ്ട ഗതികേടുണ്ടാകുന്നു. നഴ്സുമാര്‍ വിദേശജോലി സ്വപ്നം കാണുന്നവരാണ്.
നഴ്സുമാരുടെ സേവന-വേതന വ്യവസ്ഥകളും അവര്‍ അനുഭവിക്കുന്ന പീഡനങ്ങളും നഴ്സുമാര്‍ സമരരംഗത്തിറങ്ങുമ്പോള്‍ വാര്‍ത്തയാകുന്നുണ്ടെങ്കിലും അവരുടെ സേവന-വേതന വ്യവസ്ഥകളിലെ അനീതികള്‍ പരിഹരിക്കാനോ പീഡനാനുഭവങ്ങള്‍ക്ക് തടയിടാനോ അധികാരികള്‍ ഇടപെട്ടു കാണുന്നില്ല. ദല്‍ഹിയിലെ പ്രൈവറ്റ് ആശുപത്രിയിലെ നഴ്സുമാര്‍ സര്‍ക്കാര്‍ നഴ്സുമാരുടെ ശമ്പളം ആവശ്യപ്പെട്ട് സമരരംഗത്തിറങ്ങിയിരുന്നു. സര്‍ക്കാര്‍ നഴ്സ് 50,000 രൂപ ശമ്പളം വാങ്ങുമ്പോള്‍ പ്രൈവറ്റ് ആശുപത്രി നഴ്സുമാര്‍ 12 മണിക്കൂര്‍ ജോലിക്ക് 6000 രൂപ കൊണ്ട് തൃപ്തിപ്പെടേണ്ടിവരുന്നു.
വിദേശ ജോലിയുണ്ടെങ്കില്‍ മെച്ചപ്പെട്ട ശമ്പളം മാത്രമല്ല, വിദേശത്ത് പോകാന്‍ ആഗ്രഹിക്കുന്ന യുവാക്കളെ വിവാഹം കഴിക്കാനുള്ള അവസരവും ലഭ്യമാകുന്നു. നഴ്സുമാരെ വിവാഹം കഴിച്ച് മറുനാട്ടില്‍ ജോലി ലഭ്യമാക്കുക എന്നത് പല യുവാക്കളുടെയും ശൈലിയായി മാറുന്ന കാലംകൂടിയാണിത്. മലയാളി നഴ്സുമാരുടെ സാന്നിധ്യം ആഗോളതലത്തിലാണ്. അവരുടെ സേവനം പ്രശംസ പിടിച്ചുപറ്റുന്നതുമാണ്. പക്ഷെ അവരുടെ ക്ഷേമമോ സുരക്ഷിതത്വമോ ഉറപ്പാക്കാനോ അവരുടെ തൊഴില്‍-സേവന സുരക്ഷിതത്വത്തിന് നിയമനിര്‍മാണം നടത്താന്‍ കേന്ദ്രത്തില്‍ സമ്മര്‍ദ്ദം ചെലുത്തുന്നതിനോ രാഷ്ട്രീയ അതിജീവനം മാത്രം ലക്ഷ്യമിടുന്ന കേന്ദ്ര-കേരള സര്‍ക്കാരുകള്‍ ശ്രമിക്കുന്നില്ല എന്നത് ഖേദകരമായ വസ്തുതയാണ്.
മലയാളി നഴ്സുമാര്‍ കൂടുതല്‍ ശമ്പളം പ്രതീക്ഷിച്ചാണ് മറുനാട്ടിലേക്കും വിദേശത്തേക്കും പോകുന്നത്. ഇവരുടെ കുത്തൊഴുക്കിന് തടയിടാനാണ് പ്രൈവറ്റ് ആശുപത്രികള്‍ ബോണ്ട് വ്യവസ്ഥയില്‍ നിയമനം നടത്തുന്നതും സര്‍ട്ടിഫിക്കറ്റുകള്‍ പിടിച്ചുവാങ്ങുന്നതും. എന്നാല്‍ നഴ്സുമാരുടെ സുരക്ഷക്കായി മൂന്ന് മാസത്തിനുള്ളില്‍ മാര്‍ഗരേഖ ഉണ്ടാക്കണമെന്ന കോടതി ഉത്തരവ് ജലരേഖയായി. മിനിമം വേതനം, രോഗി-നഴ്സ് അനുപാതം, മെഡിക്കല്‍ ആനുകൂല്യം മുതലായവ ഉള്‍ക്കൊള്ളിച്ച് സമഗ്ര നഴ്സിംഗ് നിയമം വേണമെന്ന് ഇന്ത്യന്‍ നഴ്സിംഗ് കൗണ്‍സിലും ആവശ്യപ്പെട്ടിരുന്നു. കിടക്കകളുടെ എണ്ണം അനുസരിച്ച് ആശുപത്രികളെ ക്ലാസിഫൈ ചെയ്യണമെന്നും തൊഴില്‍ സുരക്ഷാ വകുപ്പ് ഉള്‍പ്പെടുത്തണം എന്ന ആവശ്യങ്ങളും നിലനില്‍ക്കുന്നു.
Post Your Comments