സൗദി: സന്ദര്‍ശനവിസയുടെ കാലാവധി നിശ്ചയിച്ച് സൗദി അധികൃതർ. ഇനി മുതൽ സൗദിയിലെത്തുന്ന സന്ദര്‍ശകര്‍ക്ക് ആറു മാസത്തില്‍ കൂടുതല്‍ വിസിറ്റ് വിസ കാലാവധി അനുവദിക്കില്ലെന്ന് പാസ്‌പോര്‍ട്ട് വകുപ്പ് അറിയിച്ചു. ഫാമിലി വിസിറ്റ് വിസ കാലാവധി നേരത്തെ ഒന്‍പത് മാസം വരെ അനുവദിച്ചിരുന്നു.
നേരത്തെ മൂന്നു മാസം കാലാവധിയുളള ഫാമിലി വിസിറ്റ് വിസകളാണ് വിതരണം ചെയ്തിരുന്നത്. ഇത് മൂന്ന് മാസം വീതം മൂന്നു തവണകളായി ഒന്‍പത് മാസം വരെ പുതുക്കി നല്‍കിയിരുന്നു. എന്നാൽ പുതിയ വ്യവസ്ഥ പ്രകാരം പരമാവധി ആറു മാസം മാത്രമേ സന്ദര്‍ശന വിസ പുതുക്കാന്‍ അനുവദിക്കുകയുളളൂവെന്ന് പാസ്‌പോര്‍ട്ട് ഡയറക്ടറേറ്റ് അറിയിച്ചു. വിസ കാലാവധി സൗദിയിലെത്തിയ ദിവസം മുതലായിരിക്കും പരിഗണിക്കുന്നത്.
സന്ദര്‍ശന വിസ പാസ്‌പോര്‍ട്ട് ഡയറക്ടറേറ്റിന്റെ ഓണ്‍ലൈന്‍ സേവനമായ അബ്ശിര്‍ വഴി പുതുക്കുന്നവര്‍ വിസ കാലാവധി ശ്രദ്ധിക്കണമെന്ന് അധികൃതര്‍ അറിയിച്ചു. ഓണ്‍ലൈനില്‍ വിസിറ്റ് വിസ തൊഴില്‍ വിസയിലുളള വിദേശികള്‍ക്ക് ലഭിക്കും. ഇങ്ങനെ വിസ നേടിയവര്‍ക്ക് ഓണ്‍ലൈന്‍ വഴി വിസ പുതുക്കാനും അവസരം ഉണ്ട്.
രണ്ടു മാസം കാലാവധിയുളള വിസയാണ് ലഭിച്ചതെങ്കില്‍ കാലാവധി അവസാനിക്കുന്നതിന് ഏഴ് ദിവസം മുമ്പു മുതല്‍ വിസപുതുക്കാന്‍ അപേക്ഷ സമര്‍പ്പിക്കണം. വിസ കാലാവധി അവസാനിച്ച് മൂന്ന് ദിവസത്തിനകം പുതുക്കാന്‍ അനുവദിക്കും. അതിനു ശേഷം സന്ദര്‍ശന വിസ പുതുക്കാന്‍ കഴിയില്ലെന്നും പാസ്‌പോര്‍ട്ട് ഡയറക്ടറേറ്റ് വ്യക്തമാക്കി.
Post Your Comments