Latest NewsNewsBusiness

. നികുതി അടയ്ക്കാത്തവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിയ്ക്കാന്‍ ആദായനികുതി വകുപ്പ്

 

ന്യൂഡല്‍ഹി: നികുതി അടയ്ക്കാത്തവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിയ്ക്കാന്‍ ആദായനികുതി വകുപ്പ് നടപടി തുടങ്ങി. 2017-18 വര്‍ഷം രണ്ടുകോടിപ്പേരെയെങ്കിലും പുതിയതായി നികുതിദായകരാക്കാമെന്നാണ് വകുപ്പിന്റെ കണക്കുകൂട്ടല്‍. കഴിഞ്ഞവര്‍ഷം 91 ലക്ഷം പേരാണ് നികുതിയടച്ചുതുടങ്ങിയത്.

പുതിയ നികുതിദായകരെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ നടത്താന്‍ കേന്ദ്ര പ്രത്യക്ഷനികുതി ബോര്‍ഡ് അധ്യക്ഷന്‍ സുശീല്‍ചന്ദ്ര ആദായനികുതി മേഖലാ ഉദ്യോഗസ്ഥര്‍ക്ക് അയച്ച കത്തില്‍ നിര്‍ദേശിച്ചിരുന്നു.

നോട്ട്അസാധുവാക്കലിനും കള്ളപ്പണം കണ്ടെത്താനുള്ള ഓപ്പറേഷന്‍ ക്ലീന്‍ മണിക്കുംശേഷം നികുതിയടയ്ക്കാന്‍ ശേഷിയുള്ളവരെ തിരിച്ചറിയല്‍ എളുപ്പമായിട്ടുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. സാമ്പത്തിക ഇടപാടുകളുടെ വിവരങ്ങള്‍ പരിശോധിച്ചും വിശകലനം ചെയ്തും നികുതിയടയ്ക്കാന്‍ ശേഷിയുള്ളവരെ കണ്ടെത്താനാണ് നിര്‍ദേശം.

വിവിധതരത്തിലുള്ള സാമ്പത്തിക ഇടപാടുകളുടെ വിവരം വകുപ്പ് പതിവായി ശേഖരിക്കുന്നുണ്ട്. ഇതില്‍നിന്ന് നികുതി അടയ്ക്കാത്തവരുടെ വിവരം ശേഖരിക്കാനാണ് ലക്ഷ്യമിടുന്നത്. ഓപ്പറേഷന്‍ ക്ലീന്‍ മണിയിലൂടെയും രഹസ്യാന്വേഷണത്തിലൂടെയും ശേഖരിച്ച വിവരങ്ങളും ഇതിനായി ഉപയോഗിക്കും.

നികുതിപരിധിക്കുള്ളിലുള്ളവരെ സ്വമേധയാ നികുതിയടയ്ക്കാന്‍ പ്രേരിപ്പിക്കാനുള്ള ബോധവത്കരണ പരിപാടികളും നടത്തും. ചെറുകിട-ഇടത്തരം പട്ടണങ്ങള്‍ കേന്ദ്രീകരിച്ചായിരിക്കും ഇത്. സംഘടിത-അസംഘടിത മേഖലകളില്‍ വര്‍ധിച്ചുവരുന്ന സാമ്പത്തികപ്രവര്‍ത്തനങ്ങള്‍ കൂടുതല്‍പ്പേരെ നികുതിയടയ്ക്കാന്‍ പ്രാപ്തരാക്കിയിട്ടുണ്ടെന്നാണ് വകുപ്പ് വിലയിരുത്തുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button