മുൻ കാലങ്ങളെ അപേക്ഷിച്ച് ആരോഗ്യകാര്യത്തിലുള്ള യുവാക്കളുടെ ശ്രദ്ധ വര്‍ധിച്ചു. കര്‍ക്കടകം ആഗതമായതോടെ മനസ്സിനും ശരീരത്തിനും ആരോഗ്യവും രോഗപ്രതിരോധവും തേടുന്ന യുവാക്കളുടെ എണ്ണവും കൂടി. പരമ്പരാഗത ആയുര്‍വേദ ചികിത്സയാണ് യുവാക്കൾക്ക് പ്രിയം. തൊഴിൽ മേഖലയിലെ മാനസിക ശാരീരക സമ്മര്‍ദം വര്‍ധിക്കുന്നതും കര്‍ക്കടകത്തിൽ ചികിത്സ തേടാൻ യുവാക്കളെ പ്രേരിപ്പിക്കുന്നു.
ജീവിത ശെെലിയുള്ള മാറ്റവും ലാഭം തേടിയുള്ള കമ്പനികളുടെ പ്രയാണവും വ്യാപകമായതോടെ ആധുനിക യുവത്വം കടുത്ത മാനസിക സമ്മര്‍ദമാണ് അനുഭവിക്കുന്നത്. ഇതോടെയാണ് ജോലിയിൽ നിന്നും അവധിയെടുത്ത് മനസ്സിനും ശരീരത്തിനും ആശ്വാസവും ഉന്മേഷവും പകരുന്ന കര്‍ക്കടക സുഖചികിത്സ തേടിയെത്തുന്ന യുവാക്കളുടെ എണ്ണം ഉയരുന്നത്.
ഇരുപത്തഞ്ചു വയസ്സുമുതല്‍ 55 വയസ്സുവരെയുള്ള ജോലിക്കാരാണ് ചികിത്സക്കായി എത്തുന്നവരിലേറെയും. പണ്ട് തനിച്ചാണ് ആളുകൾ കര്‍ക്കടക സുഖചികിത്സ തേടിയിരുന്നത്. പക്ഷേ കാലം മാറിയതോടെ യുവാക്കളുടെ മനോഭാവത്തിനും മാറ്റം വന്നു. ചികിത്സാ ഇടവേളകളിലെ വിരസത ഒഴിവാക്കാനായി സുഹൃത്തുക്കളെക്കൂടി കൂട്ടിയാണ് ആധുനിക യുവത്വം ചികിത്സ തേടുന്നതെന്ന് ആയുര്‍വേദ രംഗത്തുള്ളവര്‍ പറയുന്നു.
ജീവിതശെെലീ രോഗങ്ങൾ, പ്രമേഹം എന്നിവ അകറ്റുന്നതിനാണ് യുവത്വം സുഖചികിത്സ തേടുന്നത്. വാതം, സ്പോണ്ടിലോസിസ്, ഡിസ്ക്കിനുണ്ടാകുന്ന പ്രശ്നങ്ങള്‍, പലതരം പനികള്‍ ഇവയ്ക്കെതിരെ വലിയൊരളവില്‍ പ്രതിരോധശേഷി കൈവരിക്കാന്‍ ഈ ചികിത്സ സഹായിക്കുവെന്നാണ് ആയുര്‍വേദ മേഖലയിലെ വിദഗ്ദ്ധര്‍ അവകാശപ്പെടുന്നത്. ഒരുതവണ വരുന്നവർ വീണ്ടും അടുത്ത വര്‍ഷത്തേക്ക് ഇപ്പോഴേ ബുക്ക് ചെയുന്ന പ്രവണതയും ഇപ്പോഴുണ്ട്.
കേരളത്തിലുള്ളവര്‍ കര്‍ക്കടകം തുടങ്ങി ദിവസങ്ങള്‍ കഴിഞ്ഞാണ് ചികിത്സ തേടുന്നത്. അതിനു കാരണം മഴയും തണുപ്പും ശക്തമാകുമ്പോൾ ചികിത്സ സുഖകരമാകുന്നതാണ്. തണുത്ത അന്തരീക്ഷംകൂടി ആവശ്യമുള്ള ഈ ചികിത്സക്ക് പ്രിയമേറുന്നത് ഇന്ത്യയിൽ മാത്രമല്ല വിദേശത്ത് നിന്നും കൂടിയാണ്. വിദേശത്തുനിന്നും അന്യസംസ്ഥാനങ്ങളില്‍നിന്നുമുള്ളവര്‍ മാസങ്ങള്‍ക്കു മുമ്പുതന്നെ ബുക്ക് ചെയും. അവധിക്ക് നാട്ടിൽ ചികിത്സ തേടി വരുന്ന പ്രവാസികളുടെ എണ്ണത്തിലും വർധനയുണ്ട്.
കര്‍ക്കടക ചികിത്സാ പാക്കേജില്‍ ഏറ്റവും പ്രധാനപ്പെട്ടത് പഞ്ചകര്‍മ ചികിത്സയാണ്. ഓരോരുത്തരുടെയും ശാരീരിക പ്രത്യേകതകള്‍ക്കനുസരിച്ചുള്ള ചികിത്സയാണ് നൽകുന്നത്. പിഴിച്ചില്‍, ശിരോധാര തുടങ്ങിയവ ചികിത്സയുടെ ഭാഗമായി നടത്തും. ഞവര അരിയും നിരവധി ഔഷധക്കൂട്ടുകളും ചേര്‍ത്തു തയ്യാറാക്കുന്ന ഔഷധക്കഞ്ഞിയും വിവിധതരം ഇലക്കറികളും ഉള്‍പ്പെടുന്ന ഭക്ഷണക്രമം ഈ സമയത്തെ പ്രത്യേകതയാണ്. ചികിത്സയുടെ അവസാനം ശരീര ബലം വര്‍ധിക്കുന്നതിനുള്ള രസായനങ്ങളും നല്‍കും. ശരാശരി 2000 രൂപമുതലാണ് ഒരുദിവസത്തെ ചികിത്സാചെലവ്.
മൂന്നു രീതിയിലുള്ള പാക്കേജുകളാണ് സുഖചികിത്സയുള്ളത്. ഏഴു ദിവസം, 14 ദിവസം, 21 ദിവസം എന്നിങ്ങനെയാണ് പാക്കേജുകൾ.
കര്‍ക്കടക ചികിത്സക്ക് ആവശ്യകാർ ഏറിയതോടെ ഈ സൗകര്യങ്ങള്‍ വാഗ്ദാനംചെയ്ത് നിരവധി വ്യാജകേന്ദ്രങ്ങളും സജീവമാകുന്നുണ്ട്. അതിനാൽ അതീവ ശ്രദ്ധയോടെ കാര്യങ്ങൾ മനസിലാക്കി വേണം ചികിത്സ കേന്ദ്രവും ചികിത്സകരെയും തിരഞ്ഞെടുക്കേണ്ടത്.
Post Your Comments