KeralaLatest NewsNews

ആര്‍ഭാടമില്ലാതെ മന്ത്രിപുത്രന്റെ വിവാഹം; മാതൃകയായി മന്ത്രി സി. രവീന്ദ്രനാഥ്

തൃശ്ശൂര്‍: മറ്റുള്ളവർക്ക് മാതൃകയായി മന്ത്രി സി. രവീന്ദ്രനാഥ്. വളരെ ലളിതമായിട്ടാണ് സംസ്ഥാന വിദ്യാഭ്യാസമന്ത്രി സി. രവീന്ദ്രനാഥിന്റെയും പ്രൊഫ. എം.കെ. വിജയത്തിന്റെയും മകന്‍ ജയകൃഷ്ണന്റെ വിവാഹം നടന്നത്. തിങ്കളാഴ്ച വൈകീട്ട് തൃശ്ശൂര്‍ കാനാട്ടുകരയിലെ മന്ത്രിയുടെ വീട്ടിലായിരുന്നു ചെറുചടങ്ങ്. 2.50 രൂപ ചെലവില്‍ ഇന്‍ലന്റില്‍ പ്രിന്റ് ചെയ്ത വിവാഹക്ഷണക്കത്തും വ്യത്യസ്തമായിരുന്നു.

വിവാഹസത്കാരത്തിനായി കരുതിയിരുന്ന തുകയില്‍നിന്ന് അമ്പതിനായിരം രൂപ വധൂവരന്മാര്‍ പുതുക്കാട് സുസ്ഥിര പാലിയേറ്റീവ് സൊസൈറ്റിക്ക് കൈമാറി. സൊസൈറ്റി പ്രസിഡന്റ് പി. തങ്കം, ജോസ് തെക്കേത്തല എന്നിവര്‍ തുക ഏറ്റുവാങ്ങി. എം.ബി.എ. ബിരുദധാരിയായ വരന്‍ ജയകൃഷ്ണന്‍ അങ്കമാലി സി.എം.ആര്‍.എല്‍. കമ്പനി ജീവനക്കാരനാണ്. വധു കോതമംഗലം തൃക്കാരിയൂര്‍ ചിറളാടുകര വല്ലൂര്‍ രാജുവിന്റെയും അംബികയുടെയും മകള്‍ രേഷ്മ ഫെഡറല്‍ ബാങ്ക് ഉദ്യോഗസ്ഥയാണ്.

എം.പി.മാരായ സി.എന്‍. ജയദേവന്‍, പി.കെ. ബിജു, മുരളി പെരുനെല്ലി എം.എല്‍.എ., ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീല വിജയകുമാര്‍, തൃശ്ശൂര്‍ മേയര്‍ അജിത ജയരാജന്‍, സി.പി.എം. ജില്ലാ സെക്രട്ടറി കെ. രാധാകൃഷ്ണന്‍, മുന്‍ എം.എല്‍.എ. തേറമ്പില്‍ രാമകൃഷ്ണന്‍, സി.പി.എം. നേതാക്കളായ ബേബി ജോണ്‍, എം.എം. വര്‍ഗ്ഗീസ്, എന്‍.ആര്‍. ബാലന്‍, കെ.കെ. രാമചന്ദ്രന്‍, വര്‍ഗ്ഗീസ് കണ്ടംകുളത്തി തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

shortlink

Post Your Comments


Back to top button