പ്രധാന ന വാര്‍ത്തകള്‍
1. കാശ്മീര്‍ വിഷയത്തില്‍ ചൈന
ഭൂട്ടാനെ സഹായിക്കാനായി, സിക്കിമിനോട് ചേര്‍ന്ന ദോക്ക് ലാ മേഖലയിലെ ചൈനയുടെ റോഡ് നിര്‍മാണം കഴിഞ്ഞ ദിവസം ഇന്ത്യ തടസ്സപ്പെടുത്തിയിരുന്നു. ഇങ്ങനെയാണെങ്കില്‍ കാശ്മീര്‍ വിഷയത്തില്‍ തങ്ങള്‍ ഇടപെടും എന്ന സൂചനയുമായാണ് ഇപ്പോള്‍ ചൈന മുന്നോട്ട് വന്നിരിക്കുന്നത്. ഇതിനെ പിന്താങ്ങി നിരവധി ചൈനീസ് മാധ്യമ റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നുണ്ട്. റോഡ് നിര്‍മാണത്തില്‍ നിന്നും എത്രയും വേഗം പിന്തിരിയണമെന്ന ഇന്ത്യന്‍ ആവശ്യം ചൈനയെ ചൊടിപ്പിച്ചെന്നു മാത്രമല്ല, ഇനി വരാനിരിക്കുന്നത് ഇരു രാജ്യങ്ങളുടെയും നിര്‍ണായകമായ തീരുമാനങ്ങളാണ്.
2. വിദ്യാഭ്യാസപരമായി ഏറ്റവും പിന്നില്‍ നില്‍ക്കുന്നത് മുസ്ലിം സമുദായം
മൗലാന ആസാദ് എജ്യുക്കേഷന്‍ ഫൗണ്ടേഷന്‍ 11 അംഗ സമിതിയാണ്, രാജ്യത്തെ ന്യൂനപക്ഷങ്ങളില്‍ വിദ്യാഭാസപരമായി ഏറ്റവും പിന്നില്‍നില്‍ക്കുന്നത് മുസ്ലിംകളാണെന്നു കണ്ടുപിടിച്ചത്. 2011ലെ കണക്കെടുപ്പുപ്രകാരം 68.53% മുസ്ലിം സാക്ഷരത ഉണ്ടെങ്കിലും, ഈ സമുദായത്തില്‍പ്പെട്ട കൂടുതല്‍ ആളുകളും സ്കൂള്‍ വിദ്യാഭാസം പൂര്‍ത്തിയാക്കുന്നത് കുറവാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ത്രിതല മാതൃകയിലുള്ള വിദ്യാഭാസസ്ഥാപനങ്ങളിലൂടെ ഇതിനു പരിഹാരം കാണാമെന്നാണ് സമിതി ശുപാര്‍ശ ചെയ്യുന്നത്.
3. സര്‍ക്കാരിനെതിരെ പുതിയ തന്ത്രങ്ങളുമായി കോഴി വ്യാപാരികള്‍
സംസ്ഥാനത്ത് ഇന്ന് മുതല്‍ കോഴി വ്യാപാരികള്‍ കടകള്‍ അടച്ചു പ്രതിഷേധിക്കുന്ന സാഹചര്യം നിലനില്‍ക്കെയാണ്, ഭൂരിഭാഗം കോഴികളെയും തമിഴ്നാട്ടിലേക്ക് നീക്കം ചെയ്യുന്നതും . തമിഴ്നാട്ടില്‍ നിന്നും കോഴികളെ കൊണ്ടുവരുന്നില്ലെന്നു മാത്രമല്ല,ഇവിടെയുള്ളവയേയും കൂടി നാട് കടത്തുന്ന സാഹചര്യമാണ് ഉയര്‍ന്നു വരുന്നത്. 110 മുതല്‍ 120 രൂപ വരെ അയല്‍ സംസ്ഥാനത്ത് ലഭിക്കുമെന്ന്‍ പറയുന്ന വ്യാപാരികള്‍ സര്‍ക്കാരിനെ പൂര്‍ണ്ണമായി എതിര്‍ക്കുകയാണ്.
4. സെന്‍കുമാറിന് ബി.ജെ.പിയിലേക്ക് ക്ഷണം
ഡി.ജി.പി സ്ഥാനത്തേക്ക് തിരിച്ചെത്താനായി, നേരത്തെ സെന്‍കുമാര്‍ നടത്തിയ നിയമപോരാട്ടത്തെ അഭിനന്ദിച്ചാണ് ബി.ജെ.പി നേതൃത്വം ഇദ്ദേഹത്തെ പാര്‍ട്ടിയിലേക്ക് ക്ഷണിക്കുന്നത്. വിരമിച്ച ശേഷം പൊതുരംഗത്ത് തുടരാന്‍ ആഗ്രഹിക്കുന്ന സെന്കുമാറിനു അതിനായുള്ള ഏറ്റവും നല്ല മാര്‍ഗ്ഗം ബി.ജെ.പിയാണെന്നും ശ്രീധരന്‍പിള്ള പറയുന്നു. എന്നാല്‍, ഇതിനെക്കുറിച്ച് യാതൊരുവിധ തീരുമാനങ്ങളോ , രാഷ്ട്രീയനിലപാടോ മുന്‍ ഡി.ജി.പി വ്യക്തമാക്കിയിട്ടില്ല. ഇതേസമയം, സെന്കുമാറിന്‍റെ രാഷ്ട്രീയ നിലപാടുകളെ എതിര്‍ത്ത് അദ്ദേഹത്തിന്റെ അഭിഭാഷകന്‍ രംഗത്ത് വന്നിട്ടുണ്ട്.
5. ലോക അദാലത്തിലെ ന്യായാധിപ പദവിയില്‍ ട്രാന്‍സ്‌ജെന്‍ഡര്‍ വനിത
രാജ്യത്ത് ആദ്യമായാണ് ഇത്തരത്തിലൊരു മാറ്റം സംഭവിക്കുന്നതും അദാലത്തില്‍ വിധി നിര്‍ണയിക്കുന്ന ജഡ്ജിക്ക് സമാനമായ പദവിയില്‍ ഒരു ട്രാന്‍സ്‌ജെന്‍ഡര്‍ എത്തുന്നതും. 2011 മുതല്‍ ലൈംഗിക ന്യൂനപക്ഷങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിച്ചു വരികയാണ് ജോയിത മണ്ഡല്‍ . ഇപ്പോള്‍ നടന്നത് വലിയൊരു മാറ്റത്തിനുള്ള തുടക്കമാണെന്നും ഇതുപോലുള്ള വലിയ അവസരങ്ങള്‍ ഇനിയും ഉണ്ടാവണമെന്നും ലൈംഗിക ന്യൂനപക്ഷങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘടനയുടെ വക്താവ് അബീന അബീര്‍ വ്യക്തമാക്കുന്നു.
വാര്‍ത്തകള്‍ ചുരുക്കത്തില്‍
1. പ്രമുഖ നടിയെ ആക്രമിച്ച സംഭവത്തിലെ ഒന്നാം പ്രതി സുനില്‍ കുമാറിന്‍റെ കസ്റ്റഡി കാലാവധി ഇന്ന്‍ തീരും. ജാമ്യാപേക്ഷ കോടതി നാളെ പരിഗണിക്കും.
2. സി.പി.എം – ബി.ജെ.പി സംഘര്‍ഷത്തെ തുടര്‍ന്ന്‍ പത്തനംതിട്ടയില്‍, ഇന്ന്‍ ഹര്‍ത്താല്‍. രാവിലെ ആറുത്തൊട്ട് വൈകിട്ട് ആറുവരെയാണ് ബി.ജെ.പി ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്.
3. ജി.എസ്.ടി നടപ്പാക്കി ഒന്നരയാഴ്ച്ച പിന്നിടുമ്പോള്‍ ഇന്ത്യന്‍ ഓഹരി വിപണിയില്‍ വന്‍കുതിപ്പ്. വ്യാപാര ആരംഭത്തില്‍ സെന്‍സെക്സും നിഫ്റ്റിയും റെക്കോര്‍ഡ് ഉയര്‍ച്ചയില്‍.
4. കേരള രാഷ്ട്രീയത്തിന്റെ പെണ്‍കരുത്ത്, കെ.ആര്‍.ഗൗരിയമ്മയ്ക്ക് നാളെ 98 തികയുന്നു. വമ്പന്‍ ആഘോഷങ്ങളുമായി ആലപ്പുഴയിലെ വസതി.
5. യുനെസ്കോ പൈതൃകപട്ടികയില്‍ ഇടം നേടി ആദ്യ ഇന്ത്യന്‍ നഗരം അഹമ്മദാബാദ്. 606 വര്‍ഷം പഴക്കമുള്ള നഗരം രൂപീകൃതമായത് സുല്‍ത്താന്‍ അഹമ്മദ് ഷായുടെ മേല്‍നോട്ടത്തിലാണ്.
6. കാര്‍ഷിക പ്രക്ഷോഭത്തിന്റെ നാടായ മധ്യപ്രദേശില്‍ നിന്നും വേദനിപ്പിക്കുന്ന ഒരു കാഴ്ച്ച. കാളയെ വാങ്ങാന്‍ പണമില്ലാതെ , സ്വന്തം പെണ്‍മക്കളെക്കൊണ്ടാണ് കഴിഞ്ഞ രണ്ട് വര്‍ഷമായി ദരിദ്ര കര്‍ഷകന്‍ സര്‍ദാര്‍ ബറേല നിലം ഉഴുതിപ്പിച്ചത്.
7. ഏറണാകുളം ഉദയംപേരൂരില്‍ സസ്യ അഗ്രോബയോ ഫാര്‍മസിക്ക് കൃഷിമന്ത്രി വി.എസ്.സുനില്‍ കുമാര്‍ തുടക്കമിട്ടു . കുടിവെള്ള സമരത്തേക്കാള്‍ കുടിവെള്ള സ്രോതസ്സുകള്‍ക്കാണ് സമരം വേണ്ടതെന്നു മന്ത്രി അറിയിച്ചു.
8. ഏഷ്യന്‍ അത്ലറ്റിക്സില്‍, ചരിത്രത്തില്‍ ആദ്യമായി ഇന്ത്യ ഒന്നാം സ്ഥാനം നേടി. എട്ട് സ്വര്‍ണ്ണവുമായി ചൈനയാണ് രണ്ടാം സ്ഥാനത്ത്.
Post Your Comments