KeralaLatest NewsNews

‘ഇനി ഞാന്‍ മനുഷ്യരെക്കുറിച്ച് എഴുതില്ല’ നിലപാട് വ്യക്തമാക്കി പെരുമാള്‍ മുരുകന്‍

കോഴിക്കോട് : മനുഷ്യരെക്കുറിച്ച് ഇനി എഴുതില്ലെന്ന് പ്രമുഖ തമിഴ് എഴുത്തുകാരന്‍ പെരുമാള്‍ മുരുകന്‍ പറഞ്ഞു. മനുഷ്യരെപ്പറ്റി എഴുതുന്നത് കൂടുതല്‍ കുഴപ്പങ്ങള്‍ ഉണ്ടാക്കുന്നതുകൊണ്ടാണ് മറ്റ് ജീവികളെക്കുറിച്ച് എഴുതുന്നത്. പക്ഷിമൃഗാദികള്‍ക്ക് മതമില്ലല്ലോ. അവയ്ക്ക് അമ്പലവും പള്ളിയും ചര്‍ച്ചും ഒന്നുമില്ല- മുരുകന്‍ പറഞ്ഞു. ബിമല്‍ അനുസ്മരണ പരിപാടിയില്‍ പങ്കെടുക്കാന്‍ കോഴിക്കോട്ടെത്തിയ പെരുമാള്‍ ഒരു വാര്‍ത്ത ചാനലിന് നല്‍കിയ പ്രത്യേക അഭിമുഖത്തിലാണ് നിലപാട് വ്യക്തമാക്കിയത്.

ഭീഷണിക്കെതിരെയും ആവിഷ്കാര സ്വാതന്ത്യ്രത്തിനുവേണ്ടിയും മുര്‍പോക് എഴുത്താളര്‍ സംഘം മദ്രാസ് ഹൈക്കോടതിയില്‍ കേസ് ഫയല്‍ചെയ്തിരുന്നു. കേസില്‍ 2016ല്‍ എഴുത്തുകാരന് അനുകൂലമായി വിധി വന്നു. പെരുമാളിന് സംരക്ഷണം നല്‍കാനും വിധിയുണ്ടായി. ഇതോടെ പെരുമാള്‍ വീണ്ടും എഴുതുകയാണ്. ചെറുകഥകളുടെ പ്രമേയങ്ങളും മനസ്സിലുണ്ടെങ്കിലും യാത്രകള്‍ കാരണം എഴുതാന്‍ സമയം കിട്ടുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

പുതിയ നോവല്‍ ഒരു ആടിനെക്കുറിച്ചുള്ള കഥയാണ്. പൂനാച്ചി, അല്ലൈ ഒരു വെള്ളാട്ടിന്‍ കതൈ (പൂനാച്ചി, സ്റ്റോറി ഓഫ് ഗോട്സ്) എന്നാണ് പുതിയ നോവലിന്റെ പേര്. രാഷ്ട്രീയം പറയുന്നതിന് വിലക്കുണ്ട്. അതിനാല്‍ ഇപ്പോള്‍ നടക്കുന്ന ഹിതമല്ലാത്ത കാര്യങ്ങളെക്കുറിച്ച് പറയുന്നില്ല. സ്വന്തം നാടായ നാമക്കല്ലില്‍ ഹിന്ദുത്വശക്തികള്‍ക്ക് സ്വാധീനം കൂടുതലാണ്.

ഭയത്തിന്റെ അന്തരീക്ഷമാണ് ചുറ്റിലും. ഇടതുപക്ഷമുള്‍പ്പെടെയുള്ള പുരോഗമന പാര്‍ട്ടികള്‍ക്ക് വേണ്ടത്ര സ്വാധീനമില്ല. അതിനാല്‍ പെരുമാള്‍ മുരുകന്‍ എന്ന എഴുത്തുകാരന്‍ മരിച്ചെന്നും ഇനി ഒരു പുനര്‍ജന്മമില്ലെന്നും നേരത്തെ പറഞ്ഞതില്‍ ഖേദിക്കുന്നില്ല. എന്നാല്‍ അര്‍ധനാരീശ്വരന്‍ വിവാദം കത്തിപ്പടര്‍ന്ന കാലത്ത് മുര്‍പോക് എഴുത്താളര്‍ സംഘം ശക്തമായ പിന്തുണ നല്‍കിയെന്നും മുരുകന്‍ പറഞ്ഞു.

shortlink

Post Your Comments


Back to top button