തിരുവനന്തപുരം: ലോക്‌സഭ തെരഞ്ഞെടുപ്പ് നേരത്തെ ഉണ്ടാകുമെന്ന കണക്കുകൂട്ടലില്‍ സി.പി.എം സംസ്ഥാന നേതൃത്വം. കേരളമാണ് സി.പി.എം ദേശീയ നേതൃത്വത്തിന്റെ പ്രതീക്ഷ. അതുകൊണ്ടു തന്നെ തെരഞ്ഞെടുപ്പ് ഒരുക്കത്തിന് മുന്നോടിയായി നിയമസഭാ മണ്ഡലം അടിസ്ഥാനത്തില്‍ സംസ്ഥാനത്ത് മുഴുവന്‍ പാര്‍ട്ടി പ്രവര്‍ത്തകരുടെ യോഗം നടന്നുവരികയാണ്.
മണ്ഡലത്തിലെ ജില്ലാ, ഏരിയാ, ലോക്കല്‍ കമ്മിറ്റിയംഗങ്ങള്‍, ബ്രാഞ്ച് സെക്രട്ടറിമാര്‍ എന്നിവര്‍ക്കു പുറമേ ബൂത്ത് സെക്രട്ടറിമാരും യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്. ഓരോ ബൂത്തിന്റെയും ചുമതല ഏല്‍പ്പിക്കുന്ന ജോലിയാണ് പ്രധാനമായും ഈ യോഗങ്ങളില്‍ നടക്കുന്നത്. വീടുകളുടെ എണ്ണം കണക്കാക്കി സ്‌ക്വാഡുകളെയും നിശ്ചയിച്ചു.
ഇപ്പോള്‍ വോട്ടര്‍പ്പട്ടികയില്‍ പേരുചേര്‍ക്കുന്ന ജോലിയില്‍ ശ്രദ്ധിക്കാനാണ് പ്രവര്‍ത്തകര്‍ക്ക് നല്‍കിയ നിര്‍ദേശം. പട്ടികയില്‍ അപാകതയുണ്ടെങ്കില്‍ തിരുത്തണം. മണ്ഡലംതല യോഗങ്ങള്‍ക്ക് മുന്നോടിയായി നേതാക്കള്‍ ഗൃഹസന്ദര്‍ശനം നടത്തിയിരുന്നു.
543 സീറ്റുള്ള ലോക്‌സഭയില്‍ സി.പി.എമ്മിന് ആകെ ഒമ്പതു സീറ്റേയുള്ളൂ. ഇടുക്കിയിലെ ജോയ്‌സ് ജോര്‍ജടക്കം കേരളത്തില്‍നിന്ന് ജയിച്ച രണ്ടു സ്വതന്ത്രരുമുണ്ട്. ബംഗാളില്‍നിന്ന് ഇത്തവണയും കാര്യമായി സീറ്റു പ്രതീക്ഷിക്കാന്‍പറ്റാത്ത സാഹചര്യത്തില്‍ കേരളത്തില്‍നിന്ന് പരമാവധി നേടാന്‍ ശ്രമമുണ്ടാകണമെന്നാണ് യോഗങ്ങളിലെ നിര്‍ദേശം.
നിലവിലെ ലോക്‌സഭയ്ക്ക് 2019 മേയ് വരെ കാലാവധിയുണ്ട്. അടുത്തുനടന്ന നിയമസഭാ തിരഞ്ഞെടുപ്പിലെ വിജയത്തിന്റെ ആത്മവിശ്വാസത്തില്‍ ബി.ജെ.പി, ഒരു വര്‍ഷം നേരത്തേ തിരഞ്ഞടുപ്പിനു പോകുമെന്നാണ് സി.പി.എം. കണക്കുകൂട്ടുന്നത്.
Post Your Comments