ക്വാലാംലംപൂര്‍ : എം.എച്ച് 370 മലേഷ്യന്‍ എയര്‍ലൈന്‍സ് കാണാതായതിന്റെ ദുരൂഹത മാറുന്നില്ല ; വിമാനം കടലില്‍ പതിയ്ക്കുന്നതുനി തൊട്ട് മുന്‍പുള്ള വിവരങ്ങള്‍ മലേഷ്യക്ക് അറിയാമായിരുന്നുവെന്ന് അന്വേഷകര്‍ കണ്ടെത്തി.
മൂന്നു വര്‍ഷം മുന്‍പ് 239 യാത്രക്കാരുമായി മലേഷ്യന്‍ എയര്‍ലൈന്‍സിന്റെ എംഎച്ച് 370 വിമാനം കാണാതായ സംഭവത്തില്‍ നിര്‍ണായക വഴിത്തിരിവ്. ഇന്ത്യന്‍ സമുദ്രത്തില്‍ എവിടെയാണു വിമാനമുള്ളതെന്നതു സംബന്ധിച്ച വിവരങ്ങളാണ് അധികൃതര്‍ക്ക് ലഭിച്ചിരിക്കുന്നത്. എന്നാല്‍ അന്വേഷണം പൂര്‍ണമായും അവസാനിപ്പിച്ചിരിക്കുന്ന സാഹചര്യത്തില്‍ ഇനി എന്താണു നടപടിയെന്ന് ഉറ്റുനോക്കുകയാണ് കാണാതായവരുടെ ബന്ധുക്കള്‍ ഉള്‍പ്പെടെയുള്ളവര്‍. 2014 മുതല്‍ വിമാനത്തിനായി മലേഷ്യയും ചൈനയും ഓസ്‌ട്രേലിയയും സംയുക്തമായി തിരച്ചില്‍ നടത്തിയത് ഇന്ത്യന്‍ സമുദ്രത്തിലെ 120,000 ചതുരശ്ര കിലോമീറ്റര്‍ ഭാഗത്തായിരുന്നു. ആകെ അന്വേഷണത്തിനായി ചെലവഴിച്ച തുകയാകട്ടെ, ഇന്ത്യന്‍ രൂപയില്‍ ഏകദേശം 1100 കോടിയിലേറെ വരും. പലപ്പോഴായി വിമാനത്തിന്റെ ഇരുപതിലേറെ അവശിഷ്ടങ്ങള്‍ തീരത്തടിഞ്ഞു. ഇതില്‍ എംഎച്ച് 370ന്റെയാണെന്ന് ഉറപ്പിക്കാവുന്നതും സംശയമുള്ളവയുമുണ്ടായിരുന്നു.
വിമാനം മിസൈല്‍ പ്രയോഗം നടത്തി വീഴ്ത്തിയതാണെന്നും ഹൈജാക്ക് ചെയ്ത് ഇടിച്ചിറക്കിയതാണെന്നും ഇന്ധനം തീര്‍ന്നതാണെന്നുമൊക്കെ ‘സിദ്ധാന്തങ്ങളും’ അതിനിടെ ഉയര്‍ന്നു വന്നു. എല്ലാറ്റിനുമൊടുവില്‍ ഇക്കഴിഞ്ഞ ജനുവരിയില്‍ ചൈനയും ഓസ്‌ട്രേലിയയും മലേഷ്യയും സംയുക്തപ്രസ്താവനയിറക്കി- വിമാനം തകര്‍ന്നു വീണ ഇടത്തെപ്പറ്റി വ്യക്തമായ തെളിവുകള്‍ ലഭിക്കും വരെ പരിശോധനകളെല്ലാം നിര്‍ത്തി വയ്ക്കുകയാണ്. ഈ സാഹചര്യത്തിലാണ് ഇന്‍ഡിപെന്‍ഡന്റ് ഗ്രൂപ്പ് (ഐജി) എന്ന കൂട്ടായ്മ പുതിയ റിപ്പോര്‍ട്ടുമായെത്തുന്നത്. എന്താണ് എംഎച്ച് 370യ്ക്കു സംഭവിച്ചതെന്ന പഠനറിപ്പോര്‍ട്ട് സംഘം കഴിഞ്ഞ ദിവസം പുറത്തുവിട്ടു. എവിടെയാണ് വിമാനം കൃത്യമായുള്ളതെന്ന് വ്യക്തമാക്കിയുള്ള സയന്റിഫിക് ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ റിസര്‍ച് ഓര്‍ഗനൈസേഷന്റെ (സിഎസ്‌ഐആര്‍ഒ) റിപ്പോര്‍ട്ടും ഇതോടൊപ്പം പുറത്തുവന്നു. ഓസ്‌ട്രേലിയന്‍ സര്‍ക്കാരിന്റെ ധനസഹായത്തോടെയാണ് സിഎസ്‌ഐആര്‍ഒയുടെ പ്രവര്‍ത്തനം.
എന്തിനാണ് ആ വിവരം ഒളിപ്പിച്ചത്?
ഇന്ത്യന്‍ സമുദ്രത്തില്‍ ‘സെവന്‍ത് ആര്‍ക്’ എന്ന് അടയാളപ്പെടുത്തിയിരിക്കുന്ന, നീളമേറിയ, ഭാഗത്താണ് എംഎച്ച് 370 വീണതെന്നാണ് ഇതുവരെ തിരച്ചില്‍ നടത്തിയ അധികൃതരുടെ വാദം. എന്നാല്‍ യഥാര്‍ഥത്തില്‍ സെവന്‍ത് ആര്‍ക്കില്‍ നിന്നും വടക്കു മാറിയാണ് മലേഷ്യന്‍ വിമാനം ഇപ്പോള്‍ കിടക്കുന്നതെന്ന് ഐജി വാദിക്കുന്നു. കടലിന്റെ അടിത്തട്ടില്‍ഇപ്പോഴും അത് കിടക്കുന്നുണ്ടെന്നും അവരുടെ വാദം. ഇതുവരെ മലേഷ്യ പുറത്തുവിടാതിരുന്ന ഡേറ്റയില്‍ നിന്നാണ് പുതിയ തെളിവുകള്‍ ഐജിക്ക് ലഭിച്ചത്.
ഇന്‍മാര്‍സാറ്റ്’ സാറ്റലൈറ്റ് നെറ്റ്വര്‍ക്കുമായി എംഎച്ച് 370 നടത്തിയ ആശയവിനിമയം സംബന്ധിച്ച ഡേറ്റയായിരുന്നു ഇത്. എന്തുകൊണ്ടാണ് ഇത്രയും കാലം മലേഷ്യന്‍ സര്‍ക്കാര്‍ ഈ ഡേറ്റ പുറംലോകത്തില്‍ നിന്നും ഒളിപ്പിച്ചു വച്ചതെന്നു വ്യക്തമാക്കണമെന്നും അന്വേഷകര്‍ ആവശ്യപ്പെടുന്നു. കാരണം, സാറ്റലൈറ്റ് ഡേറ്റയില്‍ നിന്ന് തിരച്ചിലിനാവശ്യമായ നിര്‍ണായക വിവരങ്ങള്‍ എളുപ്പത്തില്‍ ലഭിക്കുമായിരുന്നു. ചൈനീസ് യാത്രികന്റെ ബന്ധുവിന് മലേഷ്യന്‍ എയര്‍ലൈന്‍സ് നല്‍കിയ ഡേറ്റയാണ് ഇപ്പോള്‍ ഐജി ഗവേഷകര്‍ ഉപയോഗപ്പെടുത്തിയത്.
ഇന്ത്യന്‍ സമുദ്രത്തിലേക്ക് തലകീഴായി മറിഞ്ഞ് കറങ്ങിക്കറങ്ങി കുത്തനെ കൂപ്പുകുത്തുകയായിരുന്നു എംഎച്ച് 370 എന്നാണ് ഡേറ്റ വഴിയുള്ള വിശകലനം വ്യക്തമാക്കുന്നത്. വിമാനത്തിലെ സാറ്റലൈറ്റ് ഡേറ്റ യൂണിറ്റ് പെര്‍ത്തിലുള്ള ഇന്‍മാര്‍സാറ്റിന്റെ ഗ്രൗണ്ട് സ്റ്റേഷനുമായി നിരന്തരം ബന്ധപ്പെട്ടിരുന്നു. ഈ ആശയവിനിമയത്തിന്റെ വിവരങ്ങള്‍ ഇന്‍മാര്‍സാറ്റ് അധികൃതരും തിരച്ചിലില്‍ ഏര്‍പ്പെട്ട സംഘവും മാത്രമാണ് വിശകലനം ചെയ്തത്. അതില്‍ നിന്നു ലഭിച്ച വിവരങ്ങള്‍ അനുസരിച്ചാണ് ഇന്ത്യന്‍ സമുദ്രത്തിന്റെ തെക്കുഭാഗം കേന്ദ്രീകരിച്ച് പരിശോധന ശക്തമാക്കിയതും. ഈ ഡേറ്റയാണ് പുറത്തുള്ളവര്‍ക്ക് മലേഷ്യ ലഭ്യമാക്കാതിരുന്നതും.
വിമാനം വീഴുന്നതിനു മുന്‍പ് നടന്നത്.
2014 മാര്‍ച്ച് എട്ടിന് എംഎച്ച് 370 തകര്‍ന്നു വീഴുന്നതിന് തൊട്ടു മുന്‍പു നടത്തിയ യാത്രയുടെ സാറ്റലൈറ്റ് ഡേറ്റയും ഐജി ശേഖരിച്ചു. ബെയ്ജിങ്ങില്‍ നിന്ന് ക്വാലലംപൂരിലേക്കുള്ള ആ യാത്രയില്‍ എല്ലാം കൃത്യമായി പ്രവര്‍ത്തിച്ചിരുന്നതായും തെളിഞ്ഞു. ഇന്‍മാര്‍സാറ്റില്‍ നിന്ന് ഇടയ്ക്കിടെ വിമാനത്തിലേക്ക് ‘ലോഗ്-ഓണ്‍’ റിക്വസ്റ്റുകള്‍ അയക്കപ്പെടുന്നുണ്ടായിരുന്നു. Hand shake എന്നാണ് ഈ ‘കൈമാറ്റം’ അറിയപ്പെടുന്നത്. സാറ്റലൈറ്റും എംഎച്ച് 370യും തമ്മിലുള്ള അവസാന ആശയവിനിമയത്തിനു തൊട്ടു മുന്‍പ് വൈദ്യുതിതടസ്സമുണ്ടായതായാണ് സൂചന.
അവസാന നിമിഷത്തില്‍ വിമാനം നിയന്ത്രിക്കുന്നതിന് ആരുമുണ്ടായില്ല എന്നതിന്റെ സൂചനയും സാറ്റലൈറ്റ് ഡേറ്റയിലുണ്ട്. അതില്‍ നിന്നാണ് ‘സേഫ് ലാന്‍ഡിങ്ങിനു’ പകരം വിമാനം കുത്തനെ താഴേക്കു പതിക്കുകയായിരുന്നെന്ന നിഗമനത്തിലെത്തിയത്. എംഎച്ച് 370യുടെ പൈലറ്റ് സെഹരി ഷായും കോ-പൈലറ്റ് ഫാരിഖ് അബ്ദുല്‍ ഹമീദും വിമാനം സുരക്ഷിതമായി ലാന്‍ഡ് ചെയ്യാന്‍ ശ്രമിച്ചു എന്ന വാദത്തിന്റെ മുനയും ഇതോടെ ഒടിഞ്ഞു. വിമാനം ഹൈജാക്ക് ചെയ്ത വ്യക്തിയുടെ നിര്‍ദേശപ്രകാരം ലാന്‍ഡിങ്ങിനു ശ്രമിച്ചുവെന്ന വാദവും ഇല്ലാതായി.
എംഎച്ച് 370, മിനിറ്റില്‍ 25000 അടി വേഗത്തില്‍ (മണിക്കൂറില്‍ 457.2 കിലോമീറ്റര്‍) കടലില്‍ പതിച്ചിരിക്കാമെന്ന് നേരത്തേ ഓസ്‌ടേലിയന്‍ ട്രാന്‍സ്‌പോര്‍ട് സേഫ്റ്റി ബ്യൂറോയുടെ അന്വേഷണ റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു. അന്ത്യ നിമിഷങ്ങളില്‍ വിമാനം ലാന്‍ഡ് ചെയ്യാനുള്ള തയാറെടുപ്പ് ഇല്ലായിരുന്നെന്നും അന്വേഷണ സംഘം കണ്ടെത്തി. കണ്ടെടുത്ത വിമാനഭാഗങ്ങളില്‍ വിമാനത്തിന്റെ ചിറകിലുള്ള ‘ഫ്‌ളാപ്റണ്‍’ എന്ന ഭാഗം പരിശോധിച്ചപ്പോഴാണ് ലാന്‍ഡിങ്ങിനുള്ള തയാറെടുപ്പ് ഇല്ലായിരുന്നെന്നു വ്യക്തമായത്. വിമാനം നിയന്ത്രിക്കാന്‍ ആരെങ്കിലും ഉണ്ടായിരുന്നെങ്കില്‍ ഫ്‌ളാപ്റണ്‍ പ്രവര്‍ത്തിപ്പിക്കുമായിരുന്നു. ടാന്‍സാനിയയില്‍ നിന്നു കണ്ടെത്തിയ ഫ്‌ളാപ്റണിലാകട്ടെ ലാന്‍ഡിങ്ങിനു മുന്‍പ് പ്രവര്‍ത്തിപ്പിക്കാന്‍ ശ്രമിച്ചതായി യാതൊരു സൂചനയുമില്ല.
ഐജിയുടെ പഠനത്തോടൊപ്പമാണ് കോമണ്‍വെല്‍ത്ത് സിഎസ്‌ഐആര്‍ഒയിലെ വിദദ്ധര്‍ എവിടെയാണ് എംഎച്ച് 370 ഇപ്പോഴുള്ളതെന്ന വ്യക്തമായ ഉത്തരവും നല്‍കിയത്. വിമാനം വീഴുന്ന സമയത്ത് കടലിലുണ്ടായിരുന്ന അടിയൊഴുക്കിന്റെ വിവരങ്ങള്‍ പരിശോധിച്ചായിരുന്നു അത്. സെവന്‍ത് ആര്‍ക്കില്‍ തന്നെയാണ് വിമാനം വീണതെന്ന് പഠനം സമ്മതിക്കുന്നു. പക്ഷേ തുടര്‍ന്ന് വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ ലഭിച്ചത് ആഫ്രിക്കയുടെയും ഇന്ത്യന്‍ സമുദ്രത്തിലെ വിവിധ ദ്വീപുകളുടെയും തീരപ്രദേശങ്ങളില്‍ നിന്നാണ്. ഒരു അവശിഷ്ടം പോലും പടിഞ്ഞാറന്‍ ഓസ്‌ട്രേലിയന്‍ തീരത്തു നിന്നു ലഭിച്ചിട്ടില്ല.
വിമാനം വീണ സ്ഥലം വച്ചു നോക്കുമ്പോള്‍ സ്വാഭാവികമായും അവശിഷ്ടം പടിഞ്ഞാറന്‍ ഓസ്‌ട്രേലിയയിലേക്കാണ് ഒഴുകേണ്ടത്. പുതിയ സാഹചര്യങ്ങള്‍ വിരല്‍ ചൂണ്ടുന്നത് 2014 മാര്‍ച്ച് എട്ടിന് കടലിലെ അടിയൊഴുക്ക് പടിഞ്ഞാറന്‍ ഓസ്‌ട്രേലിയയിലേക്ക് എന്നതുമാറി വടക്കു-പടിഞ്ഞാറ് ഭാഗത്തേക്കായിരുന്നു എന്നതാണ്. തകര്‍ന്നു വീണ ദിവസത്തെ, സെവന്‍ത് ആര്‍ക് ഉള്‍പ്പെടുന്ന ഭാഗത്തെ, കടലിലെ അടിയൊഴുക്കുകളുടെ സാറ്റലൈറ്റ് ഡേറ്റയും ഇക്കാര്യം സമ്മതിക്കുന്നു. ആ ഒഴുക്കിനൊപ്പം വിമാനവും നീങ്ങിയിട്ടുണ്ട്. പക്ഷേ സെവന്‍ത് ആര്‍ക്കില്‍ നിന്ന് അധികദൂരമായിരിക്കില്ല അതെന്നും റിപ്പോര്‍ട്ടിലുണ്ട്. കണ്ടെത്തിയ കാര്യങ്ങളെല്ലാം ഐജിയും സിഎസ്‌ഐആര്‍ഒയും ഓസ്‌ട്രേലിയന്‍ സര്‍ക്കാരിനു കൈമാറി. വ്യക്തമായ തെളിവുകള്‍ ലഭിച്ച സാഹചര്യത്തില്‍ അന്വേഷണം പുനരാരംഭിക്കുമെന്നാണ് പ്രതീക്ഷ. അല്ലെങ്കില്‍ വ്യോമയാന ചരിത്രത്തിലെ ഏറ്റവും വലിയ ദുരൂഹതകളിലൊന്നായി ഇനിയും തുടരും എംഎച്ച് 370യുടെ തിരോധാനം.
Post Your Comments