ജയ്പുർ: ശൈശവ വിവാഹത്തെ എതിർത്ത് ഒരു കൂട്ടം സഹപാഠികൾ. പതിനാറാം വയസ്സിൽ വീട്ടുകാർ നിർബന്ധിച്ച് വിവാഹം കഴിപ്പിച്ചയച്ച പെൺകുട്ടിക്കു രക്ഷകരായി സഹപാഠികൾ എത്തി. പത്താംക്ലാസിൽ പഠിക്കുന്ന സുഹൃത്ത് സ്കൂളിൽ വരാതായതോടെ സഹപാഠികൾ നടത്തിയ അന്വേഷണത്തിലാണ് വിവാഹക്കാര്യം വെളിപ്പെട്ടത്. തുടർന്നു സഹപാഠികൾ ചേർന്ന് പെൺകുട്ടിയെ ഭർത്താവിന്റെ വീട്ടിൽനിന്നു രക്ഷിച്ചു.
മാറ്റകല്യാണമായിരുന്നു പെൺകുട്ടിയുമായി നടത്തിയത്. ഭർത്താവിന്റെ വീട്ടിൽനിന്നുള്ള പെൺകുട്ടിയെ സഹോദരൻ വിവാഹം കഴിച്ചപ്പോൾ ഈ പെൺകുട്ടിയെ അവിടെയുള്ള 28 വയസ്സുകാരനു വിവാഹം ചെയ്തു കൊടുക്കുകയായിരുന്നു. എന്നാൽ നാട്ടുനടപ്പനുസരിച്ചു സഹോദരന്റെ വീട്ടിൽത്തന്നെ താമസിച്ചു പെൺകുട്ടി പഠനം തുടർന്നു. ഭർത്താവിന്റെ വീട്ടിലേക്ക് ഇക്കഴിഞ്ഞ മേയ് 30ന് ആണ് അയച്ചത്. ഇത് മനസിലാക്കിയ സഹപാഠികൾ പോലീസ് സ്റ്റേഷനിൽ പരാതിയുമായി ചെന്നു. എന്നാൽ കുട്ടിയുടെ മാതാപിതാക്കൾ പരാതിപ്പെടാത്തിടത്തോളം ഒന്നും ചെയ്യാനില്ലെന്നു പറഞ്ഞു അവരെ തിരിച്ചയയ്ക്കുകയായിരുന്നു.
അവിടുന്ന് ഇറങ്ങിയ വിദ്യാർഥികൾ വനിതാ കമ്മിഷനെ വിളിച്ചു പരാതിപെട്ടു. പക്ഷെ അവിടെ നിന്നും സഹായം ലഭിച്ചില്ല. അവസാനം കലക്ടർ സിദ്ധാർഥ് മഹാജന്റെ നമ്പർ സംഘടിപ്പിച്ചു ഫോൺ വിളിച്ച് ഇവർ പരാതി ഉന്നയിച്ചതോടെ അന്വേഷണം ഊർജിതമായി. തുടർന്നും പഠിക്കണമെന്നും വിവാഹമോചനം വേണമെന്നും ആവശ്യപ്പെട്ടു വിദ്യാർഥിനി കുടുംബക്കോടതിയെ സമീപിച്ചിരിക്കുകയാണ്.
Post Your Comments