ന്യൂഡൽഹി: തെരഞ്ഞെടുപ്പ് കമ്മീഷണർമാരെ നിയമിക്കുന്നതിന് കൃത്യമായ നടപടിക്രമം ഇല്ലാത്തത് പോരായ്മയെന്ന് സുപ്രീംകോടതി. തെരഞ്ഞെടുപ്പ് കമ്മീഷണർമാരുടെ നിയമനം സംബന്ധിച്ച് സമർപ്പിക്കപ്പെട്ട പൊതുതാൽപര്യ ഹർജി പരിഗണിക്കുകയായിരുന്നു കോടതി. എന്തുകൊണ്ടാണ് കൃത്യമായ ഒരു നടപടിക്രമം ഇല്ലാത്തത് എന്ന് കോടതി കേന്ദ്രസർക്കാരിനോട് ആരാഞ്ഞു. ചീഫ് ജസ്റ്റിസ് ജെ.എസ് ഖെഹാർ, ജസ്റ്റിസ് ഡി.ഐ ചന്ദ്രചൂഡ് എന്നിവരടങ്ങിയ ബഞ്ചാണ് ഹർജി പരിഗണിച്ചത്.
ഇതുവരെയുള്ള നിയമനങ്ങൾ സുതാര്യവും തൃപ്തികരവുമാണ്. തെരഞ്ഞെടുപ്പ് കമ്മീഷണർമാരായി നിയമിക്കപ്പെട്ടവരെല്ലാം മികച്ച ഉദ്യോഗസ്ഥരാണ്. എന്നാൽ നിയമനവുമായി ബന്ധപ്പെട്ട് നടപടിക്രമമില്ലാത്തത് ഒരു പോരായ്മയാണെന്ന് കോടതി നിരീക്ഷിച്ചു. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറേയും തെരഞ്ഞെടുപ്പ് കമ്മീഷണർമാരെയും നിയമിക്കുന്നതിന് ഭരണഘടനയുടെ 324-ാം വകുപ്പ് പ്രകാരം നിയമനിർമാണം നടത്താമെന്നും കോടതി ചൂണ്ടിക്കാട്ടി.
തെരഞ്ഞെടുപ്പ് കമ്മീഷണർമാരെ നിയമിക്കുന്നതിൽ രാഷ്ട്രീയ ഇടപെടലുണ്ടെന്നും ഇതിനെ മറികടക്കാൻ നിയമനിർമാണം നടത്തണമെന്നും ആവശ്യപ്പെട്ടാണ് ഹർജി സമർപ്പിച്ചിരുന്നത്.
Post Your Comments