സിയൂൾ: അന്തർദേശീയ സമൂഹത്തെ വെല്ലുവിളിച്ച് ഉത്തരകൊറിയ വീണ്ടും ബാലിസ്റ്റിക് മിസൈൽ പരീക്ഷിച്ചു. പ്രാദേശിക സമയം രാവിലെ 9.40ന് വടക്കൻ പ്യോംഗാംഗിലെ ബാങ്കിയൂണിൽനിന്നു വിക്ഷേപിച്ച ബാലസ്റ്റിക് മിസൈൽ 930 കിലോമീറ്റർ താണ്ടി ജപ്പാൻ സമുദ്രത്തിൽ പതിച്ചെന്നു ജപ്പാൻ പ്രതിരോധ മന്ത്രാലയം വക്താവ് അറിയിച്ചു. കഴിഞ്ഞ കുറച്ച് മാസങ്ങളായി ഉത്തരകൊറിയ ആണവ, മിസൈല്‍ പരീക്ഷണങ്ങളുടെ തോത് വര്‍ദ്ധിപ്പിച്ചിരുന്നു.
ആണവ പരീക്ഷണങ്ങൾ നടത്തുന്ന ഉത്തര കൊറിയയോട് ഇനി ക്ഷമിക്കാൻ കഴിയില്ലെന്ന യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ മുന്നറിയിപ്പ് അവഗണിച്ചാണ് മിസൈൽ പരീക്ഷണം നടത്തിയത്. മിസൈൽ പരീക്ഷണത്തെ ദക്ഷിണ കൊറിയൻ പ്രസിഡന്റ് മൂണ്‍ ജേ അപലപിച്ചു. മിസൈൽ പരീക്ഷണത്തിന്റെ പശ്ചാത്തലത്തിൽ മൂണ്‍ ജേ അടിയന്തര സുരക്ഷാ കൗൺസിൽ യോഗം വിളിച്ചു കൂട്ടിയിട്ടുണ്ട്.
ഉത്തര കൊറിയ ഈ വർഷം നടത്തുന്ന 11-ാം ബാലിസ്റ്റിക് മിസൈൽ പരീക്ഷണമാണിത്. കഴിഞ്ഞ മെയിൽ രണ്ടു മിസൈൽ പരീക്ഷണങ്ങൾ ഉത്തരകൊറിയ നടത്തിയിരുന്നു. ജപ്പാന് പ്രധാനമന്ത്രി ഷിന്‍സോ ആബെയുമായും ചൈനീസ് പ്രസിഡന്റ് ഷി ജിങ്പിങുമായും യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഫോണിലൂടെ സംസാരിച്ച് ഒരു ദിവസത്തിന് ശേഷമാണ് മിസൈല്‍ വിക്ഷേപണം ഉണ്ടായത്.
Post Your Comments