അബുദാബി: അബുദാബി എമിറേറ്റില്‍ ഇനി അമുസ്ലിങ്ങളായ പ്രവാസികള്‍ക്ക് അതാതു മതാചാരപ്രകാരം വിവാഹത്തിനും വിവാഹമോചനത്തിനും അവസരം. കോടതിയില്‍ പോകാതെ തന്നെ സ്ഥലത്തെ മതനേതാവിന്റെയോ പുരോഹിതന്റെയോ മധ്യസ്ഥതയില്‍ കാര്യങ്ങള്‍ എളുപ്പത്തിലാക്കാം.
ക്രിസ്ത്യന്‍ നേതാക്കളുമായി അബുദാബി ജുഡീഷ്യല്‍ ഡിപ്പാര്‍ട്ട്മെന്റ് ഇക്കാര്യത്തില്‍ ചര്‍ച്ച നടത്തി. ഹിന്ദുക്കളെയും ഇതര മതവിഭാഗങ്ങളെയും ഇതില്‍ ഉള്‍പ്പെടുത്തുന്ന കാര്യവും പരിഗണനയിലുണ്ട്. ശരിഅത്ത് നിയമം മറ്റുവിഭാഗങ്ങള്‍ക്കു ബാധകമാക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും ഓരോരുത്തര്‍ക്കും അവരവരുടേതായ അവകാശമുണ്ടെന്നും അബുദാബി ജുഡീഷ്യല്‍ ഡിപ്പാര്‍ട്ട്മെന്റ് ഇന്‍സ്റ്റിറ്റിയൂഷണല്‍ കമ്യൂണിക്കേഷന്‍സ് ഡയറക്ടര്‍ ഡോ. സലാഹ് അല്‍ ജുനൈബി പറഞ്ഞു.
നിലവില്‍ അമുസ്ലിങ്ങളായ പ്രവാസികള്‍ വിവാഹമോചനത്തിന് ശരിഅത്ത് നിയമത്തില്‍ അധിഷ്ഠിതമായ സിവില്‍ കോടതികളെയാണു സമീപിക്കുന്നത്. മാതൃരാജ്യത്തെ നിയമം പിന്തുടരാനും ഇവര്‍ക്കു സ്വാതന്ത്ര്യമുണ്ട്. എന്നാല്‍ പരിഭാഷപ്പെടുത്തിയ രേഖകള്‍ അറ്റസ്റ്റ് ചെയ്തു കോടതിയില്‍ ഹാജരാക്കണം. തര്‍ക്കപരിഹാരത്തിനു മധ്യസ്ഥരുടെ സാന്നിധ്യത്തിലുള്ള കൂടിക്കാഴ്ചകളും നിര്‍ബന്ധമാണ്.
എന്നാല്‍ പുതിയ സംവിധാനം വഴി ദമ്പതികള്‍ക്കു കോടതിക്കു പുറത്ത് മതമേലധ്യക്ഷന്റെയോ പുരോഹിതന്റെയോ മധ്യസ്ഥതയില്‍ പ്രശ്നപരിഹാരത്തിന് അവസരമൊരുങ്ങും. ക്രിസ്ത്യന്‍ വിഭാഗങ്ങളാണെങ്കില്‍ പള്ളികളുടെ മേല്‍നോട്ടത്തിലാകും നടപടി. കോടതികളില്‍ പരിഭാഷകരുടെയും അഭിഭാഷകരുടെയും സഹായത്തോടെയുള്ള നടപടിക്രമങ്ങള്‍ ഇതോടെ ഒഴിവാകും. ഹിന്ദുക്കള്‍ ഉള്‍പ്പെടെയുള്ള മറ്റുവിഭാഗങ്ങളുടെ കാര്യത്തില്‍ വൈകാതെ അന്തിമരൂപമാകുമെന്നാണ് പ്രതീക്ഷ. സ്വത്തുവകകളുടെയും കുട്ടികളുടെയും കാര്യത്തിലുള്ള ഭിന്നതകള്‍ക്കും പള്ളി അധികാരികളുടെ മേല്‍നോട്ടത്തില്‍ തീര്പ്പുകല്പിക്കാം.
ഔദ്യോഗിക രേഖയില്‍ അന്തിമമായി സ്റ്റാംപ് പതിക്കുന്ന ചുമതല മാത്രമാണു കോടതിക്ക് ഉണ്ടാകുക. യുഎഇ ഉപപ്രധാനമന്ത്രിയും പ്രസിഡന്‍ഷ്യല്‍കാര്യ മന്ത്രിയുമായ ഷെയ്ഖ് മന്‍സൂര്‍ ബിന്‍ സായിദ് അല്‍ നഹ്യാന്റെ നിര്‍ദേശപ്രകാരമാണു പുതിയ സംവിധാനമൊരുങ്ങുന്നത്. ഇതിനായി അദ്ദേഹം കഴിഞ്ഞമാസം അമുസ്ലിങ്ങളുടെ വ്യക്തിഗത വിഷയങ്ങളില്‍ തീര്പ്പുകല്പിക്കാനുള്ള പ്രത്യേക കോടതി സ്ഥാപിക്കാന്‍ ഉത്തരവു നല്‍കിയിരുന്നു. ഇവിടെ സൂക്ഷിക്കുന്ന രജിസ്റ്ററില്‍ പ്രവാസികള്‍ക്കു തങ്ങളുടെ മരണശേഷം സ്വത്തുവകകള്‍ ആര്‍ക്കു കൈമാറണമെന്നു രേഖപ്പെടുത്താം.
പ്രവാസികള്‍ യുഎഇയിലോ മാതൃരാജ്യത്തോ തയാറാക്കിയ വില്പത്രം അബുദാബിയില്‍ രജിസ്റ്റര്‍ ചെയ്യാന്‍ നിലവില്‍ സംവിധാനമില്ല. യുഎഇയില്‍ 200ലേറെ രാജ്യങ്ങളില്‍ നിന്നുള്ളവരുണ്ടെന്നാണു കണക്ക്. പള്ളി വഴിയോ ശരിഅത്ത് നിയമപ്രകാരമോ മാതൃരാജ്യത്തെ നിയമമനുസരിച്ചോ തീരുമാനമെടുക്കാനുള്ള സ്വാതന്ത്ര്യമാണു ഇതുവഴി ലഭിക്കുകയെന്നും ഡോ. സലാഹ് വ്യക്തമാക്കി.
Post Your Comments