ന്യൂഡല്‍ഹി : രാജ്യത്തെ ആദ്യ ഫാസ്റ്റ് ബ്രീഡര്‍ ആണവ റിയാക്ടര്‍ പ്രവര്‍ത്തനസജ്ജമാക്കാന്‍ ഒരുങ്ങുകയാണ് ഇന്ത്യ. ആണവോര്‍ജ രംഗത്തെ അത്യാധുനിക സാങ്കേതിക വിദ്യയാണ് ഫാസ്റ്റ് ബ്രീഡര്‍. ഉപയോഗിക്കുന്ന ആണവ ഉത്പന്നത്തേക്കാള്‍ കൂടുതല്‍ ആണവ ഇന്ധനം നല്‍കാന്‍ കഴിയുന്നതിനാലാണ് ഇവയെ ആണവ അക്ഷയപാത്രമെന്ന് വിളിക്കുന്നത്. തമിഴ്‌നാട്ടിലെ ബംഗാള്‍ ഉള്‍ക്കടല്‍ തീരത്തുള്ള കല്‍പാക്കം ആണവ നിലയത്തിലാണ് ഇന്ത്യയുടെ ആദ്യത്തെ ഫാസ്റ്റ് ബ്രീഡര്‍ റിയാക്ടര്‍ സ്ഥാപിച്ചിരിക്കുന്നത്. പനിനഞ്ച് വര്‍ഷമായി പണിപ്പുരയിലിരിക്കുന്ന റിയാക്ടറിനു പിന്നില്‍ ഇന്ത്യന്‍ ആണവ ശാസ്ത്രജ്ഞര്‍ നടത്തിയ പരിശ്രമമാണ്.
നിലവില്‍ റഷ്യയ്ക്ക് മാത്രമാണ് ഫാസ്റ്റ് ബ്രീഡര്‍ സാങ്കേതിക വിദ്യ സ്വന്തമായുള്ളത്. ചൈന, ജപ്പാന്‍, ഫ്രാന്‍സ് തുടങ്ങിയ രാജ്യങ്ങള്‍ വര്‍ഷങ്ങളായി ഇതിനുവേണ്ടി ഗവേഷണങ്ങള്‍ നടത്തുമ്പോഴാണ് ഇന്ത്യയുടെ വിജയം എന്നത് ശ്രദ്ധേയമാണ്. സമാന ഭൗതിക തത്വങ്ങളുടെ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്നവയാണെങ്കിലും റഷ്യയുടേതില്‍ നിന്ന് വ്യത്യസ്തമായ റിയാക്ടറാണ് ഇന്ത്യയുടേത്. യുറേനിയം ശേഖരം ഇന്ത്യയില്‍ താരതമ്യേന കുറവായതിനാലാണ് ഇന്ത്യയില്‍ ഫാസ്റ്ര് ബ്രീഡര്‍ റിയാക്ടര്‍ പ്രവര്‍ത്തനം ആരംഭിക്കാന്‍ വൈകിയത്.
കല്‍പ്പാക്കത്ത് ആരംഭിക്കാന്‍ പോകുന്ന ഫാസ്റ്റ് ബ്രീഡര്‍ റിയാക്ടറിന്റെ പ്രൊട്ടൊടൈപ്പ് മാതൃക, പ്രോട്ടോടൈപ്പ് ഫാസ്റ്റ് ബ്രീഡര്‍ റിയാക്ടര്‍ എന്നാണ് അറിയപ്പെടുന്നത്. പ്രകൃതിദത്തമായ യുറേനിയവും തോറിയവും പ്ലൂട്ടോണിയവുമാണ് പി.എഫ്.ബി.ആറില്‍ ഉപയോഗിക്കുക. ലോകത്തിലെ തോറിയം നിക്ഷേപത്തിന്റെ നാലിലൊന്ന് ഇന്ത്യയിലാണെന്നതിനാല്‍ ഫാസ്റ്റ് ബ്രീഡറുകള്‍ പ്രവര്‍ത്തനക്ഷമമാക്കാന്‍ ഇന്ത്യയ്ക്ക് എളുപ്പമാണ്.
1974 ലെ ഇന്ത്യയുടെ പൊഖ്‌റാന്‍ അണു പരീക്ഷണത്തിനുശേഷം ഇന്ത്യയ്ക്ക് പ്ലൂട്ടോണിയം നല്‍കാന്‍ വിദേശ രാഷ്ട്രങ്ങള്‍ ഒരുക്കമായിരുന്നില്ല. ഇന്ത്യയിലെ ആണവ നിലയങ്ങളില്‍ നിന്ന് പ്ലൂട്ടോണിയം ലഭ്യമായതോടെയാണ് പദ്ധതിക്ക് ചിറകുമുളച്ചത്. കല്‍പ്പാക്കത്തെ റിയാക്ടര്‍ വിജയകരമായാല്‍ ഇത്തരത്തില്‍ ആറുനിലയങ്ങള്‍ കൂടി സ്ഥാപിക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്.
Post Your Comments