ന്യൂഡല്‍ഹി: രാജ്യത്ത് ഇന്ന് മുതല്‍ ജി.എസ്.ടി തരംഗമാണ്.പാര്‍ലമെന്റ് സെന്‍ട്രല്‍ഹാളില്‍ നടന്ന സമ്മേളനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുമ്പോള്‍ രാജ്യം ആഹ്ലാദത്തിന്റെ നിറവിലായിരുന്നു.
നല്ലതും ലളിതവുമായ നികുതി സമ്പ്രദായമാണ് ജി.എസ്.ടിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സര്‍ദാര്‍ വല്ലഭായി പട്ടേല്‍ ഇന്ത്യയെ ഒന്നിപ്പിച്ചതുപോലെയൊരു സാമ്പത്തിക സംയോജനമാണ് ജി.എസ്.ടി. ഇതേക്കുറിച്ച് ചെറുകിട വ്യാപാരികളില്‍നിന്നും മറ്റും ഉയരുന്ന ആശങ്കകള്‍ വേഗത്തില്‍ നീങ്ങുമെന്ന് അദ്ദേഹം പറഞ്ഞു.
തുടക്കത്തിലെ പ്രയാസങ്ങള്‍ വേഗത്തില്‍ പരിഹരിക്കുന്നതിലാണ് വിജയമെന്ന് രാഷ്ട്രപതി പ്രണബ് മുഖര്‍ജി ഓര്‍മിപ്പിച്ചു. പാര്‍ലമെന്റിന്റെ സെന്‍ട്രല്‍ ഹാളില്‍ നടന്ന ജി.എസ്.ടി വിളംബര സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ഇരുവരും. ജി.എസ്.ടിക്ക് ഗുഡ് ആന്‍ഡ് സിംപിള്‍ ടാക്‌സ് എന്ന നിര്‍വചനം നല്‍കിയാണ് പ്രധാനമന്ത്രി സംസാരിച്ചത്. പല തലത്തിലുള്ള നികുതി സമ്പ്രദായത്തിന്റെ സങ്കീര്‍ണതകളും ദോഷങ്ങളും ഇല്ലാതാക്കാന്‍ ജി.എസ്.ടിക്ക് കഴിയും.
ജി.എസ്.ടിയ്ക്ക് ചില ക്രമീകരണങ്ങള്‍ ആവശ്യമാണ്. അതിനെക്കുറിച്ച് വ്യാപാര, വ്യവസായ സമൂഹത്തിന് ആശങ്ക വേണ്ടതില്ല. ഉദ്യോഗസ്ഥരുടെ പീഡനം അവസാനിപ്പിക്കാന്‍ ജി.എസ്.ടിക്ക് കഴിയും. പുതിയ നികുതി സമ്പ്രദായത്തിന്റെ ഗുണഫലങ്ങള്‍ ഉപഭോക്താക്കളിലേക്ക് വ്യാപാരികള്‍ നല്‍കുമെന്നാണ് പ്രതീക്ഷ.
ജി.എസ്.ടി നികുതി പരിഷ്‌കാരം മാത്രമല്ല. സഹകരണാത്മക ഫെഡറലിസത്തിന്റെ ഉദാഹരണമായി ജി.എസ്.ടി മാറിയിരിക്കുന്നു. ജനാധിപത്യത്തിന്റെ ഔന്നത്യമാണ് കേന്ദ്ര സംസ്ഥാനങ്ങളുടെ കൂട്ടായ പ്രവര്‍ത്തനം എടുത്തുകാണിക്കുന്നത് . ഏതെങ്കിലുമൊരു സര്‍ക്കാറിന്റെയല്ല എല്ലാവരുടെയും നേട്ടമാണിത്. അത് വിളംബരം ചെയ്യാന്‍ ചരിത്രപ്രധാനമായ സെന്‍ട്രല്‍ ഹാളിനെക്കാള്‍ പറ്റിയ വേദിയില്ല. പുതിയ ഇന്ത്യയുടെ നികുതി വ്യവസ്ഥയാണ് ജി.എസ്.ടി.
ജി.എസ്.ടി ഇനിയങ്ങോട്ട് ഫലപ്രദമായി നടപ്പാക്കുന്നതിലാണ് വിജയമെന്ന് രാഷ്ട്രപതി പ്രണബ് മുഖര്‍ജി പറഞ്ഞു. നിരന്തരമായ അവലോകനങ്ങള്‍ വേണ്ടിവരും. കമ്പ്യൂട്ടര്‍ ശൃംഖലാ സംവിധാനങ്ങള്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കേണ്ടതുണ്ട്. വാറ്റ് നടപ്പാക്കിയപ്പോഴും എതിര്‍പ്പുകള്‍ ഉണ്ടായിരുന്നു. ജി.എസ്.ടി പ്രാബല്യത്തില്‍ കൊണ്ടുവന്നതുവഴി ജനാധിപത്യത്തിന്റെ പക്വതയും വിവേകവുമാണ് തെളിഞ്ഞത്. ഇതില്‍ മുമ്പേ പങ്കാളിയാകാന്‍ കഴിഞ്ഞതില്‍ വ്യക്തിപരമായ സന്തോഷമുണ്ട്.
18 വട്ടം സമ്മേളിച്ച കേന്ദ്ര സംസ്ഥാന ധനമന്ത്രിമാരുടെ ജി.എസ്.ടി കൗണ്‍സിലില്‍ തീരുമാനങ്ങള്‍ക്ക് ഒരിക്കല്‍പോലും വോെട്ടടുപ്പു വേണ്ടിവന്നില്ലെന്നും സമവായത്തിലൂടെയാണ് വ്യവസ്ഥകള്‍ തീരുമാനിച്ചതെന്നും ആമുഖ ഭാഷണം നടത്തിയ ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി പറഞ്ഞു. കെ.എം. മാണി അടക്കം സമിതിയുടെ മുന്‍ അധ്യക്ഷന്മാരെ പേരെടുത്തു പറഞ്ഞ് ജെയ്റ്റ്‌ലി നന്ദി അറിയിച്ചു.
രാഷ്ട്രപതി പ്രണബ് മുഖര്‍ജി, ഉപരാഷ്ട്രപതി ഹമിദ് അന്‍സാരി, പ്രധാനമന്ത്രി നരേന്ദ്ര മോദി, ലോക്‌സഭ സ്പീക്കര്‍ സുമിത്ര മഹാജന്‍ എന്നിവര്‍ക്കൊപ്പം മുന്‍ പ്രധാനമന്ത്രി ദേവഗൗഡക്കും വേദിയില്‍ ഇരിപ്പിടം ഒരുക്കിയിരുന്നു. പ്രമുഖ പ്രതിപക്ഷ പാര്‍ട്ടികള്‍ വിട്ടുനിന്ന ചടങ്ങില്‍ പങ്കെടുത്ത ദേവഗൗഡക്ക് പ്രശംസ ചൊരിയാന്‍ ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി മറന്നില്ല. എന്‍.ഡി.എ ഇതര ചേരിയില്‍നിന്ന് ജനതാദള്‍ യു, എന്‍.സി.പി, ബി.ജെ.ഡി, ജനതാദള്‍ എസ് എന്നിവയുടെ നേതാക്കള്‍ ചടങ്ങില്‍ പങ്കെടുത്തു.
Post Your Comments