Latest NewsIndia

ഇന്ത്യയിലെ ഏറ്റവും ഉയരമുള്ള എയര്‍ ട്രാഫിക് കണ്‍ട്രോള്‍ ടവര്‍ ഇനി ഈ വിമാനത്താവളത്തില്‍

ന്യൂഡല്‍ഹി : ഇന്ത്യയിലെ ഏറ്റവും ഉയരമുള്ള എയര്‍ ട്രാഫിക് കണ്‍ട്രോള്‍ (എടിസി) ടവര്‍ ഡല്‍ഹി വിമാനത്താവളത്തില്‍ ഡിസംബറില്‍ പ്രവര്‍ത്തനം ആരംഭിക്കും. 101.9 മീറ്റര്‍ ഉയരമുള്ള ടവര്‍ പരിശോധനകള്‍ക്കായി വിമാനത്താവള അധികൃതര്‍ എയര്‍പോര്‍ട് അതോറിറ്റി ഓഫ് ഇന്ത്യക്ക് ഉടന്‍ കൈമാറും. പുതിയ ടവറിന് 21 കണ്‍ട്രോളര്‍ പോയിന്റുകളും 360 ഡിഗ്രി ദൃശ്യങ്ങള്‍ ലഭ്യമായ വിഷ്വല്‍ കണ്‍ട്രോള്‍ റൂമും 12 ഗ്രൗണ്ട് കണ്‍ട്രോളേഴ്‌സുമുണ്ട്. 350 കോടി രൂപ മുതല്‍ മുടക്കില്‍ നിര്‍മിച്ചിരിക്കുന്ന ടവര്‍ ലോകത്തിലെ തന്നെ ഏഴാമത്തെ വലിയ എടിസി ടവറാണ്. നിലവിലെ എടിസി കോംപ്ലക്‌സും 60 മീറ്റര്‍ ഉയരമുള്ള ടവറും 1999ലാണ് നിര്‍മിച്ചത്. 2008ല്‍ നിര്‍മ്മിച്ച മൂന്നാമത്തെ റണ്‍വേയില്‍ നിന്ന് ഏറെ ദൂരെയായാണ് ഇത് സ്ഥിതിചെയ്യുന്നത്.

ഒരുപാട് കാര്യങ്ങള്‍ ചെയ്യേണ്ടിയിരുന്നതിനാല്‍ ചില താമസങ്ങള്‍ ഉണ്ടായെന്നും ടവറിന്റെ പരിശോധനകള്‍ ഉടന്‍ തുടങ്ങുമെന്നും എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ ചെയര്‍മാന്‍ ഗുരുപ്രസാദ് മഹാപത്ര പറഞ്ഞു. മൂന്ന് നാല് മാസം ഇത് നീണ്ടു നില്‍ക്കും. സമാന്തരപ്രവര്‍ത്തനം ഡിസംബറില്‍ ആരംഭിക്കും പിന്നീട് ഇത് പൂര്‍ണതോതില്‍ പ്രവര്‍ത്തിച്ചു തുടങ്ങുമെന്നും മഹാപത്ര പറഞ്ഞു.

ഡല്‍ഹിയിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടങ്ങളില്‍ ഒന്നാണ് പുതിയ എയര്‍ ട്രാഫിക് കണ്‍ട്രോള്‍ ടവര്‍. പുതിയ ടവര്‍ നിലവില്‍ വരുന്നതോടെ വിമാനത്താവളത്തിന്റെ 360 ഡിഗ്രി ദൃശ്യങ്ങളും ട്രാഫിക് കണ്‍ട്രോളര്‍ക്ക് ദൃശ്യമാകും. ഇതിന് പുറമേ ടവറിന്റെ വിസ്തൃതി വര്‍ദ്ധിക്കുന്നതോടെ കൂടുതല്‍ ജീവനക്കാരെ ഉള്‍ക്കൊള്ളാനും ഇത് വഴി ജോലി ഭാരം കുറയ്ക്കാനും സാധിക്കും. വിമാനത്താവളത്തിലെ വ്യോമഗാതാഗതം 20 ശതമാനം വര്‍ദ്ധിച്ച സാഹചര്യത്തില്‍ ടെര്‍മിനലിന്റെ അടക്കം വിസ്തൃതി കൂട്ടാന്‍ പദ്ധതി തയ്യാറാക്കി വരികയാണ്. ഇതിന്റെ ഭാഗമായാണ് പുതിയ എസിടി ടവറും നാലാമത്തെ റണ്‍വേയും നിര്‍മിക്കുന്നത്. ഇവ പ്രവര്‍ത്തനക്ഷമമാകുന്നതോടെ കൂടുതല്‍ യാത്രക്കാരെയും വിമാനങ്ങളെയും ഉള്‍ക്കൊള്ളാന്‍ വിമാനത്താവളത്തിന് സാധിക്കും.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button