തിരുവനന്തപുരം : രാജ്യം ഇനി ജി.എസ്.ടിയുടെ കീഴിലായി. പാര്‍ലമെന്റിന്റെ അര്‍ധരാത്രി സമ്മേളനത്തോടെ ഒറ്റനികുതി ഘടനയിലേക്കാണ് രാജ്യം പ്രവേശിച്ചത്. ചരക്ക്, സേവന നികുതി നിലവില്‍ വന്നതോടെ, സംസ്ഥാനത്തു പഞ്ചസാര, ഭക്ഷ്യഎണ്ണ, എല്‍ഇഡി ലൈറ്റ്, ഹെല്‍മറ്റ്, ടൂത്ത് പേസ്റ്റ്, പല്‍പ്പൊടി എന്നിവയ്ക്കുള്‍പ്പെടെ വില കുറയും.
നിത്യോപയോഗ സാധനങ്ങളുടെ സമ്പൂര്‍ണ വിലമാറ്റപ്പട്ടിക ഇന്നു കൊച്ചിയിലെ ജിഎസ്ടി സമ്മേളനത്തില്‍ പ്രഖ്യാപിക്കും.
ഇതിനിടെ, കര്‍ഷകര്‍ക്ക് ആശ്വാസമേകി രാസവളങ്ങളുടെ ജിഎസ്ടി നിരക്കു നേരത്തേ നിശ്ചയിച്ച 12 ശതമാനത്തില്‍ നിന്ന് അഞ്ചു ശതമാനമാക്കി കുറച്ചു. ഒറ്റ ചരക്ക്, സേവന നികുതി നിലവില്‍ വരുന്നതോടൊപ്പം മറ്റ് ഒട്ടേറെ മാറ്റങ്ങള്‍ക്കും ഇന്നു തുടക്കമാകും.
കൂടുതല്‍ സേവനങ്ങള്‍ക്ക് ആധാര്‍
ആദായ നികുതി ഫയല്‍ ചെയ്യാന്‍ ആധാര്‍ കാര്‍ഡ് നമ്പര്‍ നിര്‍ബന്ധം. കാര്‍ഡിന് അപേക്ഷിച്ചിരിക്കുകയാണെങ്കില്‍ അപ്പോള്‍ ലഭിച്ച നമ്പര്‍ രേഖപ്പെടുത്തണം.
പുതിയ പാസ്‌പോര്‍ട്ട് ലഭിക്കാനും പഴയതു പുതുക്കാനും ആധാര്‍ നമ്പര്‍ നിര്‍ബന്ധം.
പുതിയ പാന്‍ കാര്‍ഡിന് അപേക്ഷിക്കുമ്പോള്‍ ആധാര്‍ നിര്‍ബന്ധം. ആധാറും പാന്‍ കാര്‍ഡും ഉള്ളവര്‍ അവ തമ്മില്‍ ബന്ധിപ്പിക്കണം. അല്ലാത്ത പാന്‍ കാര്‍ഡുകള്‍ ഭാവിയില്‍ അസാധുവാകും.
റെയില്‍വേയില്‍ എല്ലാത്തരം സൗജന്യങ്ങള്‍ക്കും ആധാര്‍ നമ്പര്‍ കാണിക്കണം.
പ്രോവിഡന്റ് ഫണ്ട് അക്കൗണ്ടും ആധാര്‍ കാര്‍ഡ് നമ്പറും തമ്മില്‍ ബന്ധിപ്പിക്കണം. പിഎഫ് പെന്‍ഷന്‍ വാങ്ങുന്നവരും അവരുടെ ജീവന്‍പ്രമാണ്‍ രേഖകളില്‍ ആധാര്‍ നമ്പര്‍ കൂടി ചേര്‍ക്കണം. ആധാര്‍ നമ്പര്‍ ചേര്‍ക്കുന്നതോടെ പിഎഫില്‍നിന്നു പണം പിന്‍വലിക്കാന്‍ നിലവില്‍ 20 ദിവസം വേണ്ടിവരുന്നതു 10 ദിവസമായി ചുരുങ്ങും.
പൊതുവിതരണ സംവിധാനം വഴി സബ്‌സിഡി ആനുകൂല്യം ലഭിക്കാന്‍ റേഷന്‍ കാര്‍ഡിനൊപ്പം ആധാര്‍ നമ്പര്‍ കൂടി നല്‍കണം.
സര്‍വകലാശാല, കോളജ്, സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കു കേന്ദ്ര മാനവശേഷി വകുപ്പിന്റെ തുക ലഭിക്കാന്‍ ആധാര്‍ നമ്പര്‍ നിര്‍ബന്ധം.
യാത്രയില്‍ മാറ്റങ്ങള്‍
വിദേശത്തേക്കു പോകുന്ന ഇന്ത്യക്കാര്‍ വിമാനത്താവളങ്ങളില്‍ ഡിപ്പാര്‍ച്ചര്‍ ഫോമുകള്‍ പൂരിപ്പിച്ചുനല്‍കേണ്ടതില്ല.
രാജധാനി, ശതാബ്ദി ട്രെയിനുകളില്‍ കടലാസ് ടിക്കറ്റുകള്‍ ഇല്ല. റെയില്‍വേ ബുക്കിങ് കൗണ്ടര്‍ വഴി ബുക്ക് ചെയ്താലും ടിക്കറ്റ് മെബൈലില്‍ മാത്രം
ട്രെയിനില്‍ എസി, ഫസ്റ്റ് ക്ലാസ് ടിക്കറ്റ് നിരക്കില്‍ നേരിയ വര്‍ധന.
ജൂണ്‍ 30 വരെ ബുക്ക് ചെയ്ത ടിക്കറ്റുകള്‍ക്കു ജിഎസ്ടി ബാധകമാകില്ല.
റെയില്‍വേ കേറ്ററിങ്ങിനു 12 ശതമാനവും പാഴ്‌സല്‍, ഗുഡ്‌സ്, സ്റ്റോറേജ്, വാഹന പാര്‍ക്കിങ്, എസി വെയ്റ്റിങ് ഹാള്‍, ക്ലോക്ക് റൂം, പേ ആന്‍ഡ് യൂസ് ടോയ്‌ലറ്റ് എന്നിവയ്ക്കു 18 ശതമാനവും ചരക്കു സേവന നികുതി.
ടിക്കറ്റില്ലാ ട്രെയിന്‍ യാത്രയ്ക്കുള്ള പിഴയില്‍ 5% വര്‍ധന.
പുതിയ സോഫ്റ്റ്‌വെയര്‍ പൂര്‍ണതോതില്‍ നിലവിലാകും വരെ റെയില്‍വേ ഡ്യൂപ്ലിക്കേറ്റ് ടിക്കറ്റുകള്‍ നല്‍കില്ല.
ട്രെയിന്‍ യാത്രയില്‍ തിരിച്ചറിയല്‍ രേഖയായി ഡൗണ്‍ലോഡ് ചെയ്‌തെടുക്കുന്ന ഇ-ആധാറും പരിഗണിക്കും.
Post Your Comments