തിരുവനന്തപുരം: കാലങ്ങളായുള്ള കേരളത്തിന്റെ സ്വപ്നമായിരുന്നു കൊച്ചി മെട്രോ. മെട്രോ നഗരമല്ലായിരുന്ന കൊച്ചിയില്‍ മെട്രോ പദ്ധതി യാഥാര്‍ത്ഥ്യമാകുമോ, ആയാല്‍ തന്നെ ലാഭകരമാകുമോ എന്നെല്ലാം സംശയിച്ചിരുന്നു അന്ന്. എന്നാല്‍ കൊച്ചി മെട്രോ പ്രതീക്ഷിച്ച സമയത്ത് തന്നെ യാഥാര്‍ത്ഥ്യമായി. അതുമാത്രമല്ല ആദ്യ ആഴ്ചകളിലെ കളക്ഷന്‍ ഏവരെയും അമ്പരപ്പിക്കുകയും ചെയ്തു. അങ്ങനെയിരിക്കെയാണ് കേരളത്തിന്റെ അടുത്ത സ്വപ്ന പദ്ധതി പൂവണിയാന്‍ പോകുന്നുത്. തലസ്ഥാനത്തിന്റെ സ്വന്തം ലൈറ്റ് മെട്രോ.
സ്മാര്‍ട്ട് സിറ്റി പദ്ധതിയില്‍ നിന്നും ലൈറ്റ് മെട്രോയുടെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്കായി മാറ്റി വെച്ചിരിയ്ക്കുന്നത് 175 കോടി രൂപയാണ്. രാജ്യത്തെ നൂറ് സ്മാര്‍ട്ട് നഗരങ്ങളുടെ പട്ടികയില്‍ തിരുവനന്തപുരം ഒന്നാമതായി തെരഞ്ഞെടുക്കപ്പെട്ടതാണ് പദ്ധതിയ്ക്ക് ഏറെ ഗുണകരമായത്. കൊച്ചി മെട്രോയുടെ അമരക്കാരായ ഡിഎംആര്‍സി ആയിരിക്കും തിരുവനന്തപുരത്തെ ലൈറ്റ് മെട്രോയും നിര്‍മിക്കുക. അങ്ങനെയായാല്‍ ഇനി മെട്രോ മാന്‍ ഇ. ശ്രീധരന്‍ ഇനി അനന്തപുരിയിലെത്തും. തിരുവനന്തപുരത്തുകാരുടെ സ്വന്തം ലൈറ്റ് മെട്രോയുടെയും അമരക്കാരനാകാന്‍.
കൊച്ചി മെട്രോയുടെ രണ്ടാം ഘട്ടത്തിന് താന്‍ ഉണ്ടാകില്ലെന്ന് ഇ. ശ്രീധരന്‍ നേരത്തെ പറഞ്ഞിരുന്നു. തലസ്ഥാനത്തിന്റെ ലൈറ്റ് മെട്രോയുടെ പണികള്‍ക്കായി കൂടുതല്‍ സമയം വേണ്ടി വരും എന്നതിനാലാണ് ഇ.ശ്രീധരന്‍ ഇങ്ങനെ പറഞ്ഞത് എന്നാണ് വിലയിരുത്തല്‍. ദിനംപ്രതി തിരക്ക് വര്‍ദ്ധിക്കുന്ന തിരുവനന്തപുരം നഗരത്തില്‍ മെട്രോയുടെ ആവശ്യകതയും ഏറുകയാണ്. മാത്രമല്ല പദ്ധതി നീട്ടിക്കൊണ്ട് പോകുന്നത് സംസ്ഥാനത്തിന് കടുത്ത സാമ്പത്തിക നഷ്ടവും ഉണ്ടാക്കും. ഇക്കാര്യം ഇ. ശ്രീധരന്‍ മുഖ്യമന്ത്രി പിണറായി വിജയനോട് നേരത്തെ സൂചിപ്പിക്കുകയും ചെയ്തിരുന്നു.
നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചാല്‍ മൂന്ന് വര്‍ഷം കൊണ്ട് ലൈറ്റ് മെട്രോ പൂര്‍ത്തിയാകുമെന്നാണ് വിലയിരുത്തല്‍. മംഗലപുരം ടെക്നോസിറ്റി മുതല്‍ കരമന വരെ ആദ്യ ഘട്ടവും, കരമന മുതല്‍ നെയ്യാറ്റിന്‍കര വരെ രണ്ടാം ഘട്ടവും ആയിരിക്കും ലൈറ്റ് മെട്രോ. ആദ്യ ഘട്ടത്തില്‍ 22 കിലോമീറ്ററാണ് നീളം. ടെക്നോസിറ്റി, പള്ളിപ്പുറം, കണിയാപുരം മുതല്‍ സെക്രട്ടേറിയറ്റ്, തമ്പാനൂര്‍, കിള്ളിപ്പാലം, കരമന എന്നിങ്ങനെ 19 സ്റ്റേഷനുകളാണ് ആദ്യ ഘട്ടത്തില്‍ ഉണ്ടാകുക. ലൈറ്റ് മെട്രോയും, ഒപ്പം വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖവും കൂടി യാഥാര്‍ത്ഥ്യമാകുന്നതോടെ അനന്തപുരിയുടെ മുഖച്ഛായ തന്നെ മാറും എന്നുറപ്പ്.
Post Your Comments