KeralaLatest News

അപൂര്‍വ്വമായ പവിഴ പാമ്പിനെ കണ്ടെത്തി

തളിപ്പറമ്പ് : അപൂര്‍വ്വമായ പവിഴ പാമ്പിനെ കണ്ടെത്തി. മയ്യില്‍ പാവന്നൂര്‍ മൊട്ടയിലെ അസ്ലമിന്റെ വീട്ടു പരിസരത്താണ് ഇന്നലെ ഉച്ചയോടെ പാമ്പിനെ കണ്ടത്.
ഇയാള്‍ വിവരമറിയിച്ചത് പ്രകാരം തളിപ്പറമ്പ് ഫോറസ്റ്റ് റേഞ്ച് ഓഫീസിലെ റാപ്പിഡ് റെസ്‌പോണ്‍സ് ടീം അംഗമായ റിയാസ് മാങ്ങാടാണ് പാമ്പിനെ പിടികൂടിയത്. ഏതാണ്ട് ഒരുമാസം പ്രായമുള്ളതാണ് ഇന്നലെ പിടികൂടിയ പാമ്പ്.

പശ്ചിമഘട്ട മലനിരകളിലാണ് ഇവയെ കണ്ടു വരുന്നത്. ബിബ്‌റോണ്‍സ് കോറല്‍ സ്‌നേക്ക് എന്നറിയപ്പെടുന്ന ഇതിന്റെ ശാസ്ത്രീയനാമം കാലിയോഫിസ്ബിബ്‌റോണി എന്നാണ്. പരമാവധി നീളം 50 സെന്റീമീറ്റര്‍ മുതല്‍ 88 സെന്റീമീറ്റര്‍ വരെയാണ്. 1858 ല്‍ ഫ്രഞ്ച് സൂവോളജിസ്റ്റായ ഗബ്രിയേല്‍ ബിബ്‌റോണ്‍സ് ആണ് ഇതിനെ കണ്ടെത്തിയത്.

പൊതുവെ നാണം കുണുങ്ങികളായ ഇവ ഇളകിയ മണ്ണിനടിയിലാണ് കൂടുതല്‍ സമയങ്ങളിലും കഴിഞ്ഞുകൂടുന്നത്. അപൂര്‍വ്വമായി പുറത്തിറങ്ങുന്ന ഇവ രാത്രി കാലങ്ങളിലാണ് ഇര തേടുന്നത്. വിഷമുള്ളതും ഇല്ലാത്തതുമായ ചെറിയ പാമ്പുകളാണ് ഇവയുടെ പ്രധാന ഭക്ഷണം. കടുത്ത വിഷമുള്ള ഈ പാമ്പിന്റെ വിഷം കേന്ദ്ര നാഡീവ്യവസ്ഥയെ തകരാറിലാക്കുന്നു. വളരെ അപൂര്‍വ്വമായി മാത്രം കാണുന്ന ഇതിന്റെ പ്രതിവിഷം ലഭ്യമല്ല. പാമ്പിനെ ഇന്ന് കാട്ടില്‍ വിട്ടയക്കും.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button