ന്യൂഡല്‍ഹി: ‘എന്നെ നിങ്ങൾക്ക് നിങ്ങളുടെ പോക്കറ്റിൽ കൊണ്ടുനടക്കാം’ എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. നെതര്‍ലന്‍ഡ്സിലെ ഹേഗില്‍ അവിടുത്തെ ഇന്ത്യക്കാരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘നമോ’ എന്ന മൊബൈല്‍ ആപ്പിനെ കുറിച്ചാണ് മോദി പരാമർശിച്ചത്.
‘നമോ’ ആപ്പ് പ്രധാനമന്ത്രിയുമായി ബന്ധപ്പെടാനുള്ള അസുലഭാവസരമാണെന്ന് മോദി പറഞ്ഞു. നെതര്‍ലന്‍ഡിലെ ഇന്ത്യക്കാരോട് ഈ ആപ്പ് ഡൗണ്‍ലോഡ് ചെയ്യാന്‍ മോദി ആഹ്വാനം ചെയ്തു. താൻ എല്ലായ്പോഴും ആ ആപ്പിലുണ്ടാകുമെന്നും നിങ്ങള്‍ക്ക് എന്നെ നിങ്ങളുടെ പോക്കറ്റില്‍ കൊണ്ടുനടക്കാമെന്നും അദ്ദേഹം പറഞ്ഞു.
ജനാധിപത്യത്തിന്റെ ഒരു ചെറിയ ഘടകം മാത്രമാണ് വോട്ടെടുപ്പ്. ജനങ്ങളുടെ പങ്കാളിത്തത്തോടുകൂടി മാത്രമേ സര്‍ക്കാരിന് പ്രവര്‍ത്തിക്കാനാകൂ. മൊബൈല്‍ ഫോണും അതുപോലുള്ള പുതിയ സാങ്കേതികവിദ്യകളും സര്‍ക്കാരുമായി സജീവ പങ്കാളിത്തം പുലര്‍ത്താന്‍ സാധാരണ ജനങ്ങള്‍ക്ക് അവസരമൊരുക്കുന്നതായും മോദി പറഞ്ഞു.
തന്റെ സര്‍ക്കാര്‍ സാങ്കേതികവിദ്യയ്ക്ക് ഊന്നല്‍ കൊടുത്തുകൊണ്ടുള്ള വികസനത്തിനാണ് ഊന്നല്‍ കൊടുക്കുന്നതെന്ന് മോദി പറഞ്ഞു. ഇന്ത്യ ഒരിക്കലും സാങ്കേതികതയുടെയും അടിസ്ഥാനസൗകര്യങ്ങളുടെയും കാര്യത്തില്‍ പിന്നിലാവില്ല. ലോകനിലവാരത്തിലുള്ളതായിരിക്കും ഇന്ത്യയുടെ വികസനം. ഇന്ത്യയിലെ പാവപ്പെട്ടവര്‍ക്കും ഗ്രാമീണര്‍ക്കും മൊബൈല്‍ ഫോണിലൂടെ സാങ്കേതികവിദ്യയുടെ നേട്ടം കൊയ്യാന്‍ അവസരമൊരുക്കുമെന്നും മോദി വ്യക്തമാക്കി.
Post Your Comments